'തെരുവ് നായയുടെ കടിയേറ്റ് വരുന്നവർക്ക് വാക്സിൻ നൽകാൻ കഴിയുന്നില്ല'; പരാതിയുമായി ആശുപത്രി സൂപ്രണ്ട്

വിഷയം അധികൃതരെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും, ശാശ്വത പരിഹാരം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സൂപ്രണ്ട് അറിയിച്ചു
'തെരുവ് നായയുടെ കടിയേറ്റ് വരുന്നവർക്ക് വാക്സിൻ നൽകാൻ കഴിയുന്നില്ല'; പരാതിയുമായി ആശുപത്രി സൂപ്രണ്ട്

പാലക്കാട്: തെരുവ് നായയുടെ കടിയേറ്റ് ചികിത്സയ്ക്കെത്തുന്ന ആളുകൾക്ക് കൃത്യമായി വാക്സിൻ നൽകാൻ സാധിക്കുന്നില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി സൂപ്രണ്ട്. വളരെ കുറവ് വാക്സീനുകൾ മാത്രമാണ് ആശുപത്രിയിലേക്ക് വിതരണം ചെയ്യുന്നത്. ഇത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്നും ആശുപത്രി സുപ്രണ്ട് പറഞ്ഞു.

വിഷയം അധികൃതരെ കൃത്യമായി അറിയിക്കുന്നുണ്ടെന്നും, ശാശ്വത പരിഹാരം ഉടൻ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായും സൂപ്രണ്ട് അറിയിച്ചു. കഴിഞ്ഞ ദിവസം പേപ്പട്ടിയുടെ കടിയേറ്റ് പാലക്കാട് ജില്ലാ ആശുപത്രിയിലെത്തിയ വിദ്യാർത്ഥിനിക്ക് കുടുംബം സ്വകാര്യ മെഡിക്കൽ ഷോപ്പിൽ നിന്നും ആന്റി റാബീസ് സിറം വാങ്ങി നൽകിയതിന് ശേഷമാണ് കുത്തിവെപ്പെടുത്തത്. ഇത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.

ഒരോ ദിവസവും 80 ലധികം ആളുകൾ തെരുവ് നായയുടെ കടിയേറ്റ് ചികിത്സയ്ക്ക് വരുന്ന ജില്ലാ ആശുപത്രിയിൽ, വാക്സിൻ ക്ഷാമം രൂക്ഷമായിട്ട് രണ്ടാഴ്ചയായി എന്ന് ആശുപത്രി സൂപ്രണ്ട് ചൂണ്ടിക്കാട്ടി. വേണ്ടത്ര വാക്സിനുകൾ കൃത്യമായി ആശുപത്രിയിൽ എത്തിക്കാത്തതാണ് പ്രതിസന്ധിക്ക് കാരണം, ഇത് സംബന്ധിച്ച് എല്ലാ മാസവും അധികൃതർക്ക് വിവരം കൈമാറുന്നുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.

നിലവിൽ, ജില്ലാ ആശുപത്രിയിൽ നായയുടെ കടിയേറ്റെത്തുന്ന രോഗികൾ പുറത്ത് നിന്ന് വലിയ തുകയ്ക്ക് ആന്റി റാബീസ് സിറം വാങ്ങിയാണ് കുത്തിവെപ്പ് എടുക്കുന്നത്. സാധാരണക്കാർക്ക് ഇത് കാര്യമായ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രി ആയിട്ടും വേണ്ടത്ര വാക്സിനുകൾ എത്തിക്കാതെ രോഗികളെ ബുദ്ധിമുട്ടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com