'ജയ്ശ്രീറാമിനെ ജയ് ജഗന്നാഥനാക്കാൻ' ഞൊടിയിടയിൽ കഴിയുന്ന രാഷ്ട്രീയ മിടുക്കാണ് മോദി 3.0

ചായ കടക്കാരനിൽ നിന്ന് കാവൽക്കാരനിലേക്കും അവിടെ നിന്ന് ദൈവികനിലേക്കും വേണമെങ്കിൽ അവിടെ നിന്ന് തിരിച്ചും ഇറങ്ങാൻ കഴിയുന്ന പാകത്തിലാണ് മോദി തന്നെ രൂപപ്പെടുത്തിയിട്ടുള്ളത്
'ജയ്ശ്രീറാമിനെ ജയ് ജഗന്നാഥനാക്കാൻ'
ഞൊടിയിടയിൽ കഴിയുന്ന രാഷ്ട്രീയ മിടുക്കാണ് 
മോദി 3.0

2014 മെയ് 26നായിരുന്നു പത്ത് വർഷത്തെ യുപിഎ-മൻമോഹൻ ഭരണത്തിന് അന്ത്യം കുറിച്ച് ആദ്യമായി മോദി സർക്കാർ അധികാരത്തിലേറുന്നത്. ടുജി സ്പെക്ട്രത്തിലും കൽക്കരി അഴിമതി ആരോപണത്തിലും അധികാര മയക്കത്തിലും മുങ്ങിയ കോൺഗ്രസിനെ ഒരു പാഠം പഠിപ്പിക്കുകയായിരുന്നു യഥാർത്ഥത്തിൽ ഇന്ത്യൻ ജനത. എന്നാൽ ഭരണ മാറ്റം വലിയ വികാരമായി ഉയർന്നുവന്ന ആ സമയത്ത് അഞ്ചുവർഷത്തിന് ശേഷവും മോദി തുടരുമെന്ന് ആരും കരുതിയിരുന്നില്ല.

എന്നാൽ അവിടെ നിന്നും അഞ്ചു വർഷം പൂർത്തിയാക്കിയ മോദിയും മോദിയുടെ ബിജെപിയും 2019 ലും ഭൂരിപക്ഷം കൂട്ടി വീണ്ടും അധികാരത്തിലേറി. 2024 ൽ അപ്രതീക്ഷിത തിരിച്ചടി നേരിട്ടെങ്കിലും മൂന്നാമതും അധികാരത്തിലേറി. ലോകത്തെ ഏറ്റവും വലിയ ജനാധിപത്വ രാജ്യത്തിൻറെ രാഷ്ട്രീയ ചരിത്രത്തിൽ ജവഹർലാല്‍ നെഹ്‌റുവിന് ശേഷം തുടർച്ചയായി മൂന്നാമതും പ്രധാനമന്ത്രിയാകുന്ന ഒരേയൊരു നേതാവായി മോദി മാറി. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയാകുന്ന കോൺഗ്രസ് ഇതര പ്രധാനമന്ത്രിയായി. രാജ്യത്ത് ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രിയായവരുടെ പട്ടികയിൽ മൂന്നാമനായി.

പട്ടികയിൽ മുന്നിലുള്ള ജവാഹർലാല്‍ നെഹ്‌റുവിനെ പോലെയോ ഇന്ദിരാഗാന്ധി പോലെയോ രാഷ്ട്രീയ പാരമ്പര്യത്തിൽ നിന്ന് കടന്നു വന്നവനായിരുന്നില്ല മോദി. ഒറ്റയ്ക്ക് വഴി വെട്ടിയാണ് അദ്ദേഹത്തിന്റെ ഇത് വരെയുള്ള രാഷ്ട്രീയ യാത്രയൊക്കെയും. ഒരു സാധാരണ രാഷ്ട്രീയ സ്വയം സേവക് പ്രവർത്തകനിൽ നിന്നും ലോകത്തെ ഏറ്റവും വലിയ ജനാധിപത്വ രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക്..പത്തോളം ദേശീയ പാർട്ടികളും നൂറിലധികം പ്രാദേശിക പാർട്ടികളുമുള്ള ഇന്ത്യയിൽ, ഇരുപതോളം പാർട്ടികളുള്ള പ്രതിപക്ഷ സഖ്യത്തിന്റെ വെല്ലുവിളിയെയും മറികടന്ന് മൂന്നാമതും പ്രധാനമന്ത്രിയാകുക എന്ന നേട്ടമാണ് മോദി സ്വന്തമാക്കിയത്.

മോദി ഹിസ്റ്റോറിക്കൽ പൊളിറ്റിക്കൽ കരിയർ

1950 സെപ്റ്റംബര്‍ 17-ന് വടക്കൻ ഗുജറാത്തിലെ വഡ്നഗർ എന്ന സാധാരണ ഗ്രാമത്തിൽ ജനിച്ച മോദി പൊതുപ്രവർത്തന മണ്ഡലത്തിലേക്ക് കടന്നുവരുന്നത് രാഷ്ട്രീയ സ്വയം സേവക് സംഘത്തിലൂടെയാണ്. തന്റെ എട്ടാം വയസ്സിൽ ആർഎസ്എസിനൊപ്പം തുടങ്ങിയ യാത്ര എഴുപത്തി മൂന്നാം വയസ്സിലും മോദി തുടരുന്നു. പതിനെട്ടാം വയസ്സിൽ യശോദ ബെൻ എന്ന സ്ത്രീയെ വിവാഹം കഴിച്ച മോദി പിന്നീട് ആ വിവാഹം ഉപേക്ഷിച്ചു. പരമ്പരാഗത ചട്ടക്കൂടിന് പുറത്തേക്ക് ചിന്തിക്കാനും പ്രശ്നങ്ങള്‍ ഫലപ്രദമായി പരിഹരിക്കാനും ചെറിയ പ്രായത്തിലേയുള്ള മോദിയുടെ കഴിവ് അദ്ദേഹത്തെ വളരെ നേരത്തെ തന്നെ ബിജെപി നേതൃത്വത്തിലെത്തിച്ചു. 1987-ല്‍ ഗുജറാത്ത് ബിജെപി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ തുടക്കം കുറിച്ചു. മോദി ജനറല്‍ സെക്രട്ടറിയായിരിക്കെ അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ തിരഞ്ഞെടുപ്പ് ബിജെപി ജയിച്ചു. 1990-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി കോണ്‍ഗ്രസിന് പിന്നില്‍ രണ്ടാം സ്ഥാനത്ത് എത്തി.

കോൺഗ്രസിന് അപ്രമാദിത്വമുണ്ടായിരുന്ന ഗുജറാത്ത് നിയമ സഭയിൽ 1995 ൽ നൂറിലധികം സീറ്റുകൾ ബിജെപിക്ക് നേടി കൊടുക്കാൻ മോദിക്കായി. ഈ നേട്ടം മോദിയെ ദേശീയ നേതൃത്വത്തിലേക്ക് കൊണ്ട് വന്നു. ഗുജറാത്തിലെ സംഘടനാ പാടവ മോഡൽ ഉപയോഗിച്ച് ഹരിയാനയിലും ഹിമാചൽ പ്രദേശിലും പാർട്ടിയെ വളർത്തി. 1998ൽ കേശു ബായിക്ക് കീഴിൽ ഗുജറാത്തിൽ ബിജെപി അധികാരം പിടിച്ചപ്പോൾ അതിന്റെ സൂത്രധാരൻ മോദിയായിരുന്നു. മോദി തന്നെ ത്തന്നെ പാർട്ടിയിൽ പ്രതിഷ്ഠിച്ചു തുടങ്ങുന്ന കാലം കൂടിയായിരുന്നു അത്. മൂന്ന് വർഷത്തിന് ശേഷം അങ്ങനെ കേശു ഭായിയിൽ നിന്ന് മോദി ഗുജറാത്തിന്റെ ഭരണ കസേര തിരിച്ചെടുത്തു.

2001 മുതൽ നീണ്ട 13 വർഷം ഗുജറാത്തിന്റെ മുഖ്യമന്ത്രി കസേരയിലിരുന്നു. 'മോദിയുടെ ഗുജറാത്ത് മോഡൽ' എന്ന ബ്രാൻഡ് നിർമിക്കാനും അദ്ദേഹത്തിനായി. അതിനിടയ്ക്ക് ഗോധ്രാ തീവെപ്പും ഗുജറാത്ത് കലാപവും തീരാ കളങ്കമായി. വിദേശ രാജ്യങ്ങളടക്കം വിസ വരെ നിഷേധിച്ച സാഹചര്യത്തിൽ നിന്നും മോദി വീണ്ടും തിരിച്ചു കയറി. 2014 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നേ തന്നെ തന്റെ പേരിലുള്ള എല്ലാ കേസുകൾക്കും ക്‌ളീൻ ചീറ്റ് വാങ്ങിയ മോദി കൂടുതൽ കരുത്തനായാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിട്ടത്.

പ്രധാനമന്ത്രി പദം കണ്ണ് വെച്ച് രഥം ഉരുട്ടിയ എൽകെ അദ്വാനിയെയും മുരളി മനോഹർ ജോഷി, യശ്വന്ത് സിന്ഹ പോലെയുള്ള സീനിയർ നേതാക്കളെയും വെട്ടിയായിരുന്നു മോദിയുടെ ആ വരവ്. അതിന് വേണ്ടി മോദി ഉപയോഗിച്ച തന്ത്രമായിരുന്നു എഴുപത്തഞ്ചു കഴിഞ്ഞാൽ സംഘടനാ നേതൃത്വങ്ങളിൽ നിന്ന് ഉപദേശക സമിതിയിലേക്ക് നേതാക്കളെ മാറ്റുക എന്നത്. കടുത്ത യുപിഎ വിരുദ്ധ വികാരം അലയടിച്ച ആ തിരഞ്ഞെടുപ്പിൽ ഗുജറാത്ത് മോഡൽ മുന്നിൽ വെച്ച് മോദി അധികാരം പിടിച്ചെടുത്തു. കോൺഗ്രസിലെ തമ്മിൽ തല്ലും അധികാര വടം വലിയും നേതൃത്വത്തിന്റെ പിടിപ്പുകേടും അഴിമതി ആരോപണവുമെല്ലാം ബിജെപിക്ക് വളമായി. ബിജെപി കേവല ഭൂരിപക്ഷ സംഖ്യയും കടന്ന് 282 സീറ്റ് നേടി. 336 സീറ്റുകളാണ് എൻഡിഎ സഖ്യം നേടിയത്. തീർത്തും സർക്കാരിലും പാർട്ടിയിലും സമ്പൂർണ്ണ മോദി ആധിപത്യ ഭരണമാണ് ആ അഞ്ചു വർഷ കാലം നടന്നത്.

നോട്ടു നിരോധനവും ജിഎസ്ടി പോലെയുള്ള സാമ്പത്തിക പരിഷ്കരണവും സ്വച്ഛ് ഭാരത് അഭിയാന്‍, മെയ്ക് ഇന്‍ ഇന്ത്യ പദ്ധതി പോലെയുള്ള സാമൂഹിക പദ്ധതികളും മോദി നടപ്പിലാക്കി. നോട്ട് നിരോധനത്തിലും ജിഎസ്ടി പരിഷകരണത്തിലും രാജ്യമെങ്ങും പ്രതിഷേധം അലയടിച്ചപ്പോഴും മോദി കുലുങ്ങാതെ നിന്നു. ദുർബലമായ പ്രതിപക്ഷം മോദിയുടെ ആത്മവിശ്വാസം വർധിപ്പിച്ചു.

.ഈ ആത്‌മവിശ്വാസത്തിന്റെ കൂടി കരുത്തിൽ കൂടുതൽ ശക്തനായ മോദിയാണ് 2019 തിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. ബിജെപി ഒറ്റയ്ക്ക് മുന്നൂറ് സീറ്റ് കടന്ന പൊതു തിരഞ്ഞെടുപ്പിൽ എൻഡിഎ സഖ്യം 353 സീറ്റുകൾ നേടി. ഈ കാലഘട്ടത്തിലാണ് മോദി ബിജെപിയുടെയും അതിലുപരി രാഷ്ട്രീയ സ്വയം സേവകിന്റെയും സ്ഥാപിത അജണ്ടകൾ നടപ്പിലാക്കുന്നത്. സഖ്യ പാർട്ടികളുടെ പിന്തുണ വേണ്ടാത്ത രീതിയിലേക്ക് ബിജെപി അതിനകം വളർന്നു കഴിഞ്ഞിരുന്നു. മുസ്‌ലിങ്ങൾ അടങ്ങുന്ന ന്യൂനപക്ഷങ്ങളെ സംബന്ധിച്ചിടത്തോളം അനിശ്ചിതത്വം നിറഞ്ഞ അഞ്ചു വർഷം കൂടിയായിരുന്നു അത്. ഏറെ വിവാദങ്ങൾക്കിടയാക്കിയ മൂന്ന് ബില്ലുകളും നിയമമാക്കി എടുത്തത് ഈ കാലയളവിലാണ്. മുത്തലാഖ് ബില്ലും കാശ്മീരിന്റെ പ്രത്യേക ബില്ല് എടുത്തുകളയുന്ന ബില്ലും പൗരത്വ ബില്ലും.

രാജ്യത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അര പതിറ്റാണ്ടിന്റെ ലക്ഷ്യ സാക്ഷാത്കാരമായി അയോധ്യയിൽ രാമ ക്ഷേത്രം ഉയർന്നതും ഈ കാലത്താണ്. എന്നാൽ രാജ്യത്തുടനീളം ഈ കാലയളവിൽ ന്യൂനപക്ഷങ്ങളും സ്വതന്ത്ര മാധ്യമ പ്രവർത്തകരും എഴുത്തുകാരും വേട്ടയാടപ്പെട്ടു. സാമൂഹിക സാമ്പത്തിക അസ്വസ്ഥകൾ രൂക്ഷമായി. മത ജാതി അടിസ്ഥാനമുള്ള വിവേചനങ്ങളും അതിലൂന്നിയ അക്രമ സംഭവങ്ങളും വർധിച്ചു സർക്കാർ കോടീശ്വരന്മാർക്ക് വേണ്ടി പ്രവർത്തിക്കുന്നുവെന്ന വിമർശനം ഉണ്ടായി. അദാനിയുടെയും അംബാനിയുടെയും ഭണ്ഡാരം വീർക്കുകയും അടിസ്ഥാന ജനതയുടെ കീശ കാലിയാകുകയും ചെയ്തു. രാജ്യത്ത് കർഷക സമരം, പൗരത്വ നിയമത്തിനെതിരെ സർവ്വകലാശാലകളിൽ നിന്നുയർന്ന സമരം അടക്കം ജൈവികമായ ചില അപൂർവ്വ പ്രതിരോധങ്ങളുണ്ടായി. അപ്പോഴും ഭരണ വിഭാഗത്തിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടമായി അതിനെ മാറ്റാൻ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾക്കായില്ല.

രണ്ടാം ടേമിന്റെ അവസാനത്തിൽ മോദി തന്റെ മൂർത്തി രൂപം പുറത്തെടുത്തു. കേന്ദ്ര ഏജൻസികൾ വഴി പ്രതിപക്ഷ പാർട്ടികളെയും നേതാക്കളെയും വേട്ടയാടി. ന്യൂനപക്ഷങ്ങളെ ബോധപൂർവ്വം ഭൂരിപക്ഷത്തിന്റെ ശത്രുപക്ഷത്താക്കി നിർത്താൻ ശ്രമം നടത്തി. മുഖ്യമന്ത്രിമാരെയടക്കം ജയിലിലിട്ടു. പ്രതിപക്ഷ പാർട്ടിക്കളുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു. മറ്റ് ഗതിവഴികൾ ഇല്ലാതെ പ്രതിപക്ഷ കക്ഷികൾ എല്ലാം ഒറ്റക്കെട്ടായി അണിനിരന്നു. എന്നാൽ പ്രതിപക്ഷ മുന്നണിക്ക് രൂപം നൽകാൻ തന്നെ മുന്നിൽ നിന്ന നിതീഷ് കുമാറിന്റെ ജെഡിയുവിനെ സ്വന്തം പാളയത്തിലെത്തിച്ച് ബിജെപി സർജിക്കൽ സ്ട്രൈക്ക് നൽകി.

'അബ് കി ബാര്‍, ചാര്‍സൗ പാര്‍' എന്ന പുതിയ മുദ്രാവാക്യത്തിൽ മോദി ഹാട്രിക്ക് ഭരണത്തിലേക്ക് അനായാസം കുതിക്കുമെന്ന പ്രതീതിയുണ്ടാക്കി. ഇലക്ട്രൽ ബോണ്ടിലൂടെ കോടികൾ വാങ്ങിയും കേന്ദ്ര സംവിധാനങ്ങളെ കൂടെ നിർത്തിയും സമ്പൂർണ്ണ മേധാവിത്വത്തിലായിരുന്നു മോദിയും ബിജെപിയും തിരഞ്ഞെടുപ്പിനെ നേരിട്ടത്. രാജ്യത്ത് ചരിത്രത്തിൽ നടന്ന ഏറ്റവും അസന്തുലിതമായ തിരഞ്ഞെടുപ്പ് കൂടിയായിരുന്നു ഇത്. എന്നാൽ ആദ്യ ഘട്ടത്തിന് ശേഷം മോദി തന്ത്രങ്ങൾ ബൂമറാങ്ങായതും പ്രതിപക്ഷ കക്ഷികളിൽ അപ്രതീക്ഷിത ഐക്യ വും ഉണർവും ഉണ്ടായതും ഇൻഡ്യ മുന്നണിക്ക് ചെറുതല്ലാത്ത പ്രതീക്ഷ നൽകി. രാജ്യം നടന്നെത്തിയ പുതിയ രാഹുൽ പ്രതിപക്ഷത്തിനും ജനാധിപത്വത്തിനും പുതിയ ഊർജ്ജം നൽകി. ഗോദി മീഡിയകളെ തള്ളി അനേകം സമാന്തര മാധ്യമങ്ങളും യൂട്യൂബർമാരും പ്രതിപക്ഷ രാഷ്ട്രീയത്തെ സുശക്തമാക്കി.

തിരിച്ചടി മുന്നിൽ കണ്ട മോദി മംഗള സൂത്രയിൽ തുടങ്ങി മുജ്‌റയും ആട്ടിൻസൂപ്പും മുസ്‌ലിം ഹിന്ദു സംവരണവും ഒക്കെ പ്രധാന വിഷയമാക്കി ഉയർത്തി കൊണ്ടുവന്നു. ദൈവിക പരിവേഷത്തിലേക്കുള്ള തന്റെ പരിവർത്തന യാത്ര മോദി മുന്നോട്ട് വെച്ചു. ഒരു രാജ്യത്തെ പ്രധാനമന്ത്രിയിൽ നിന്നും രാഷ്ട്രീയ നേതാവിൽ നിന്നും വേഷം കൊണ്ടും ഭാഷ കൊണ്ടും ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ പ്രചാരക പ്രവർത്തകന്റെ വിദ്വേഷ കുപ്പായത്തിലേക്ക് മോദി കയറിയിരുന്നു. അവസാന തന്ത്രമായി കന്യാകുമാരിയിൽ രാഷ്ട്രീയ ധ്യാനത്തിനും മോദി ഇരുന്നു.

എക്സിറ്റ് പോളുകളും മുഖ്യധാരാ മാധ്യമങ്ങളും മോദി കാലത്തെ തന്നെ പ്രവചിച്ചു. നാന്നൂറ് സീറ്റുകളെന്ന മോദിയുടെ അവകാശ വാദത്തെ പിന്തുടർന്ന എക്സിറ്റ് പോളിന് പക്ഷേ ജന വിധി വന്നപ്പോൾ തെറ്റി. മോദിക്ക് സ്വന്തം മണ്ഡലത്തിലടക്കം തിരിച്ചടി നേരിട്ടു. അയോധ്യയിലെ രാമ ക്ഷേത്രത്തിൽ നിന്ന് വോട്ടായി താമര വിരിഞ്ഞില്ല. എങ്കിലും സഖ്യ കക്ഷികളെ സന്ദർഭത്തിനനുസരിച്ച് വിന്യാസം ചെയ്ത് മോദി മൂന്നാമതും അധികാരത്തിലേക്ക് ചവിട്ടിക്കയറി. വിലപേശലിൽ ടിഡിപിയുടെ ചന്ദ്ര ബാബു നായിഡുവിനെയും നിതീഷ് കുമാറിന്റെ ജെഡിയുവിനെയും ഒരു പരിധി വരെ പിണക്കാതെ ഒതുക്കാൻ മോദിക്കായി. ഭരണം പിടിക്കാനായില്ലെങ്കിലും ശക്തവും സന്തുലിതമായ പ്രതിപക്ഷ നിര ഉയർന്നുവന്നത് ജനാധിപത്വ വിശ്വാസികൾക്ക് ആശ്വാസമായി. ഏക സിവിൽ കോഡ്, ഭരണഘടന തിരുത്തൽ അടക്കമുള്ള ജനാധിപത്വം ഉപയോഗിച്ചുള്ള ജനാധിപത്വ വിരുദ്ധ നീക്കങ്ങൾ ജനാധിപത്വ പാർലമെന്ററി സംവിധാനത്തിലൂടെ തന്നെ തടയിടാൻ മാത്രം പ്രതിപക്ഷം സഭയിൽ അംഗ സംഖ്യ വർധിപ്പിച്ചു.

ധാർമികതയ്ക്കപ്പുറം പ്രായോഗിക രാഷ്ട്രീയം തന്നെയാണ് മോദിക്ക് എല്ലാ കാലത്തും കരുത്തായത്. അധികാരത്തിലേക്കുള്ള വഴിയിൽ ഏത് വഴിയും സ്വീകരിക്കുന്ന തനി രാഷ്ട്രീയക്കാരൻ മാത്രമാണ് മോദി. ചായ കടക്കാരനിൽ നിന്ന് കാവൽക്കാരനിലേക്കും അവിടെ നിന്ന് ദൈവിക പരിവേഷത്തിലേക്കും വേണമെങ്കിൽ അവിടെ നിന്ന് തിരിച്ചും ഇറങ്ങാൻ കഴിയുന്ന പാകത്തിലാണ് മോദി തന്നെ രൂപപ്പെടുത്തിയിട്ടുള്ളത്. അത് കൊണ്ട് തന്നെയാണ് ജയ് ശ്രീറാം എന്ന് പത്ത് വർഷ കാലം തൊണ്ട പൊട്ടും പോലെ വിളിച്ച മുദ്രാവാക്യം യാതൊരു വൈമനസ്യവുമില്ലാതെ ജയ് ജഗന്നാഥനാക്കി മാറ്റി വിളിക്കാൻ മോദിക്ക് കഴിയുന്നത്.

'ജയ്ശ്രീറാമിനെ ജയ് ജഗന്നാഥനാക്കാൻ'
ഞൊടിയിടയിൽ കഴിയുന്ന രാഷ്ട്രീയ മിടുക്കാണ് 
മോദി 3.0
മംഗള സൂത്രയിൽ തുടങ്ങി ആട്ടിൻ സൂപ്പ് വഴി ധ്യാനം വരെ; തിരഞ്ഞെടുപ്പ് കാലത്തെ മോദി തന്ത്രങ്ങൾ

Related Stories

No stories found.
logo
Reporter Live
www.reporterlive.com