മംഗള സൂത്രയിൽ തുടങ്ങി ആട്ടിൻ സൂപ്പ് വഴി ധ്യാനം വരെ; തിരഞ്ഞെടുപ്പ് കാലത്തെ മോദി തന്ത്രങ്ങൾ

മംഗള സൂത്ര മുതൽ ധ്യാനം വരെ ഇന്ത്യയിലെ 90 കോടിയിലധികം വരുന്ന വോട്ടർമാരെ തങ്ങൾക്കൊപ്പം നിർത്താൻ മോദി ഉപയോഗിച്ച തന്ത്രങ്ങളുടെ അകം പുറങ്ങളിലേക്ക്...
മംഗള സൂത്രയിൽ തുടങ്ങി ആട്ടിൻ സൂപ്പ് വഴി ധ്യാനം വരെ; തിരഞ്ഞെടുപ്പ് കാലത്തെ മോദി തന്ത്രങ്ങൾ

ലോക്സഭാ തിരഞ്ഞെടുപ്പ് അവസാന ഘട്ടവും കഴിഞ്ഞു. ഏഴ് ഘട്ടങ്ങളിലായി ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ തിരഞ്ഞെടുപ്പായിരുന്നു ഇത്തവണത്തേത്. ഓരോ ഘട്ടത്തിന് ശേഷവും നാടകീയതകളും കയറ്റിറക്കങ്ങളും ഒരുപാട് കണ്ട തിരഞ്ഞെടുപ്പ്. അവസാന ഘട്ടത്തിന് ശേഷം എക്സിറ്റ് പോളുകൾ പുറത്ത് വന്നപ്പോൾ എല്ലാ സർവ്വേകളും ബിജെപിക്ക് അനുകൂലമായാണ് പുറത്ത് വന്നത്.

പല കാര്യങ്ങളാണ് ഈ തിരഞ്ഞെടുപ്പ് കാലത്ത് ചർച്ചയായത്. മോദി ഗ്യാരണ്ടിയും വികസനവും തൊഴിലും ചർച്ചയായതോടപ്പം മംഗളസൂത്രയും ആട്ടിൻസൂപ്പും മുജ്റയും ഹിന്ദു മുസ്‌ലിം സംവരണവും ചർച്ചയായി. പൊതുതിരഞ്ഞെടുപ്പിന്റെ സെമി ഫൈനലായി കണ്ടിരുന്ന ഹിന്ദി ഹൃദയ ഭൂമിയിലെ നാല് സംസ്ഥാനങ്ങളിലും ബിജെപി തൂത്തുവാരിയപ്പോൾ പൊതു തിരഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ പ്രസക്തി പലരും എഴുതി തള്ളിയതായിരുന്നു. ബിജെപി ചാർ സെ പാർ സ്വപ്‍നം കണ്ടിരുന്നു. എന്നാൽ ആദ്യ ഘട്ടത്തിന് ശേഷം കെജ്‌രിവാളിന്റെ അറസ്റ്റ് നൽകിയ തിരിച്ചടിയും ഇൻഡ്യാ സംഖ്യത്തിലുണ്ടായ അപ്രതീക്ഷിത ഉണർവും ഐക്യവും രാജ്യത്ത് ഒരു പോരാട്ട പ്രതീതി ഉണ്ടാക്കി.

അതോടെ ബിജെപിയും മോദിയും അവരുടെ പ്രചാരണ തന്ത്രങ്ങൾ മാറ്റി. ആദ്യ ഘട്ട തിരഞ്ഞെടുപ്പിന് മുന്നേ വികാസ് ഭാരത്‌, ശ്രേഷ്ഠ ഭാരത്‌, മോദി ഗ്യാരണ്ടി എന്നീ വാക്കുകൾ കൂടുതൽ ഉപയോഗിച്ച മോദി രണ്ടാം ഘട്ടം മുതൽ മംഗളസൂത്ര, ആട്ടിൻസൂപ്പ്, മുജ്റ, ഹിന്ദു-മുസ്‌ലിം തുടങ്ങി വൈകാരിക വിഷയങ്ങളിലേക്ക് മാറി. മംഗള സൂത്ര മുതൽ ധ്യാനം വരെ ഇന്ത്യയിലെ 90 കോടിയിലധികം വരുന്ന വോട്ടർമാരെ തങ്ങൾക്കൊപ്പം നിർത്താൻ മോദി ഉപയോഗിച്ച തന്ത്രങ്ങളുടെ അകം പുറങ്ങളിലേക്ക്...

മംഗളസൂത്ര

ആദ്യ ഘട്ട തിരഞ്ഞെടുപ്പ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഏപ്രിൽ 21 ന് രാജസ്ഥാനിലെ ബാൻസ്വാരയിലെ റാലിയിലാണ് മോദി ആദ്യമായി മംഗളസൂത്ര എന്ന പ്രയോഗം പ്രയോഗിച്ചത്. രാജ്യം നേരിടുന്ന അടിസ്ഥാന പ്രശ്നങ്ങളുടെ ഗ്രൗണ്ട് റിയാലിറ്റിയിൽ നിന്ന് വോട്ടിംഗ് തീരുമാനമെടുക്കുന്ന ദക്ഷിണേന്ത്യയിലെ ബാലറ്റുകൾ പെട്ടിയിലായതിന് ശേഷം ഉത്തരേന്ത്യ ലക്ഷ്യം വെച്ചായിരുന്നു ഈ പ്രയോഗം. കോൺഗ്രസ് ഉൾപ്പെടുന്ന ഇൻഡ്യാ മുന്നണി അധികാരത്തിലേറിയാൽ ഭാര്യമാരുടെ കെട്ട് താലി വരെ മുസ്‌ലിംകൾക്ക് നൽകും എന്ന് പറഞ്ഞു മോദി. അതിന് വേണ്ടി മൻമോഹൻ സിങ് 2006 ൽ നടത്തിയ ഒരു പ്രസംഗത്തെയും അദ്ദേഹം രാഷ്ട്രീയമായി ഉപയോഗിച്ചു. എന്നാൽ കോൺഗ്രസും മൻമോഹൻ സിങ്ങും നേരിട്ട് തന്നെ അതിനെതിരെ രംഗത്തെത്തി.

ആട്ടിൻസൂപ്പും പ്രതിപക്ഷവും

പ്രതിപക്ഷത്തിനെതിരെ മോദി നടത്തിയ മറ്റൊരു ആരോപണമായിരുന്നു പ്രതിപക്ഷ കക്ഷി നേതാക്കൾ നവരാത്രി ദിവസം സസ്യേതര ഭക്ഷണം കഴിച്ച് ഭൂരിപക്ഷ ഹിന്ദു വികാരം വൃണപ്പെടുത്തി എന്നത്. കശ്മീരിലെ ഉദൻപൂരിൽ നടത്തിയ പ്രസ്താവന പിന്നീട് കങ്കണ റണാവത്ത് അടക്കമുള്ള ബിജെപി നേതാക്കൾ ഏറ്റെടുത്ത് പ്രചരിപ്പിച്ചു. പ്രതിപക്ഷ നേതാക്കളെ മുഗൾ കാലത്തേക്ക്‌ ഉപമിച്ചു. സകല മാംസാദികളും വർജിച്ച് വൃതത്തിലും പൂജയിലും കഴിയുന്ന ഹിന്ദുക്കളെ നോക്കി ആട്ടിൻസൂപ്പ് കഴിക്കുന്നത് ആരെ തൃപ്തിപെടുത്താനാണ് എന്ന ചോദ്യത്തിലൂടെ രാജ്യത്തെ ഭൂരിപക്ഷ സമൂഹത്തെ വികാരപരമായി തങ്ങളോടപ്പം കൂടെ നിർത്തുക എന്ന ലക്ഷ്യമായിരുന്നു മോദിക്കുണ്ടായിരുന്നത്.

മുജ്റ

സാമൂഹികമായും സാമ്പത്തികമായുമുള്ള അരക്ഷിതാവസ്ഥയിൽ മടുത്ത് ബിജെപിയോട് അകലത്തിലായ താഴെക്കിടയിലുള്ള മനുഷ്യരെ പ്രതിപക്ഷ കക്ഷികൾക്ക് നേരെ അണിനിരത്തുകയായിരുന്നു മുജ്റ പ്രയോഗത്തിന്റെ ലക്ഷ്യം. എസ് സി - എസ്ടി ഒബിസി വിഭാഗക്കാരുടെ സംവരണം രാജ്യത്തെ നുഴഞ്ഞു കയറ്റക്കാരും കൂടുതൽ കുട്ടികളെ ഉണ്ടാക്കുകയും ചെയ്യുന്നവരായ മുസ്‌ലിംകൾക്ക്‌ നൽകും എന്നതായിരുന്നു അത്. ദേശീയ കായിക ടീമിൽ വരെ കോൺഗ്രസ് മുസ്‌ലിംകൾക്ക് അമിത പ്രാധാന്യം നൽകും എന്നും മോദി പറഞ്ഞു. എന്നാൽ രാഹുൽ ഗാന്ധി, ഖർഗെ, മമത അടക്കമുള്ള നേതാക്കൾ ഇതിന് രൂക്ഷ മറുപടിയുമായി രംഗത്തെത്തിയപ്പോൾ താൻ ഉദേശിച്ചത് മുസ്‌ലിംകളെ അല്ലെന്നും പ്രസ്താവന വളച്ചൊടിക്കുകയായിരുന്നുവെന്നും പറഞ്ഞ് മോദി തന്നെ രംഗത്തെത്തി.

മുസ്‌ലിം സംവരണം

ബിജെപി ലക്ഷ്യമിട്ട മറ്റൊന്നായിരുന്നു കോൺഗ്രസ് പത്രിക. കോൺഗ്രസ് പത്രികയിൽ സംവരണമെല്ലാം മുസ്‌ലിംകൾക്ക് നൽകുകയാണെന്ന ആരോപണമാണ് മോദി ഉന്നയിച്ചത്. രാജ്യത്ത് ജാതി സെന്സസ് നടപ്പാക്കുമെന്ന കോണ്ഗ്രസ് പ്രഖ്യാപനം ദളിത് വിഭാഗങ്ങളെ സ്വാധീനിക്കുമെന്നത് കൂടി മുന്നില്‍ കണ്ടുകൊണ്ടുള്ള ബിജെപിയുടെ നീക്കമായിരുന്നു അത്. കോൺഗ്രസ് അധികാരത്തിൽ വന്നാൽ എസ് സി എസ്ടി വിഭാഗക്കാർക്കാരുടെ സംവരണം മുസ്‌ലിംകൾക്ക് നൽകുമെന്ന പ്രസ്താവനയിലൂടെ രാജ്യത്തെ ദളിത് - ആദിവാസി - ക്രൈസ്തവ വിഭാഗങ്ങളെ മുസ്ലിംകൾക്കെതിരാക്കി മാറ്റുക എന്ന ലക്ഷ്യമായിരുന്നു ബിജെപിയുടേത്.

രാമ ക്ഷേത്രം ബുൾഡോസർ കൊണ്ട് പൊളിക്കും

കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാമ ക്ഷേത്രം ബുൾഡോസർ ഉപയോഗിച്ച് പൊളിക്കുമെന്നായിരുന്നു മറ്റൊന്ന്. ഈ ആരോപണത്തിൽ അഖിലേഷ് യാദവിന്റെ സമാജ് വാദി പാർട്ടിയെയും പ്രതിയാക്കി മോദി. വോട്ട് ബാങ്കിന് വേണ്ടി ഉത്തർപ്രദേശിൽ ന്യൂനപക്ഷങ്ങളെ പ്രീണിപ്പിക്കുകയാണ് എസ്പി ചെയ്യുന്നതെന്നും എസ്പിക്ക്‌ കീഴിയിൽ രാമ ക്ഷേത്രം സുരക്ഷിതമാവില്ലെന്നും മോദി ആരോപിച്ചു. ഹിന്ദുക്കളുടെ വിശ്വാസ വിഷയങ്ങളിൽ താല്പര്യമില്ലാത്തത് കൊണ്ടാണ് രാമ ക്ഷേത്ര ഉദ്ഘാടന വേളയിൽ കോൺഗ്രസ് വിട്ട് നിന്നത് എന്ന പ്രചാരണവും നടത്തി.

1982 ലെ സിനിമയിറങ്ങുന്നത് വരെ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു

ലോക്സഭ തിരഞ്ഞെടുപ്പ് അവസാന ഘട്ടത്തിന്റെ പരസ്യ പ്രചാരണത്തിന്റെ തലേ ദിവസം ഒരു ടെലിവിഷന് നൽകിയ അഭിമുഖത്തിലാണ് രാഷ്ട്ര പിതാവിനെ പറ്റി മോദി ഒരു വിവാദ പ്രസ്താവന നടത്തിയത്. റിച്ചാര്‍ഡ് ആറ്റന്‍ബറോയെന്ന ബ്രിട്ടീഷ് സംവിധായകൻ 1982 ൽ ഗാന്ധി എന്ന സിനിമ ഇറക്കുന്നത് വരെ മഹാത്മാ ഗാന്ധിയെ ലോകത്തിന് അറിയില്ലായിരുന്നു എന്നായിരുന്നു മോദിയുടെ പ്രസ്താവന. മാര്‍ട്ടിന്‍ ലൂഥര്‍ കിങ്ങും നെല്‍സണ്‍ മണ്ടേലയും അടക്കമുള്ള നേതാക്കളെക്കുറിച്ച് ലോകം ബോധവാന്മാരണെങ്കിലും മഹാത്മാഗാന്ധിയെക്കുറിച്ച് ലോകം അറിയാതെ പോയെന്നും, ലോകം മുഴുവന്‍ സഞ്ചരിച്ച ശേഷമാണ് താനിത് പറയുന്നതെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു. മോദി ജനിക്കുന്നതിനും കാലങ്ങൾക്ക് മുന്നേ ഐൻസ്റ്റീൻ കത്തെഴുതിയ, നിരവധി തവണ നോബൽ സമ്മാനത്തിലേക്ക് നാമ നിർദേശം ചെയ്യപ്പെട്ട, ടൈം മാഗസിൻ അടക്കം മികച്ച ലോക വ്യക്തിയായി തിരഞ്ഞെടുത്ത ഒരു മനുഷ്യനെ പറ്റിയാണ് മോദി നുണ പറഞ്ഞത് എന്ന് പ്രതിപക്ഷം തിരിച്ചടിച്ചു.

ഒടുവിൽ ധ്യാനം

താൻ ജൈവികമായ സൃഷ്ടി അല്ലെന്നും ഭൂമിയിൽ ദൈവത്തിന്റെ നിർദേശങ്ങൾ നടപ്പിലാക്കാൻ ചുമതലയുള്ള ദൈവിക ജീവിയാണെന്നും പറഞ്ഞ മോദി ധ്യാനത്തിലൂടെ ഒരു ദൈവ പരിവേഷത്തിലേക്ക് കടക്കാനാണ് ശ്രമിച്ചത്. അതോടൊപ്പം വിവേകനന്ദ ആശയങ്ങൾക്ക് സ്വീകാര്യതയുള്ള അവസാന ഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന ബംഗാൾ അടക്കമുള്ള സംസ്ഥാനങ്ങളിൽ ഒരു ഹിന്ദു വോട്ട് ഏകീകരണവും ലക്ഷ്യം വെച്ചു. എന്നാൽ പരസ്യ പ്രചാരണം അവസാനിച്ച സമയത്തെ മോദി ധ്യാനത്തെ എതിർത്ത് പ്രതിപക്ഷം രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയെങ്കിലും അനുകൂല നടപടിയുണ്ടായില്ല. അത്യന്തം രഹസ്യമായും ഏകാഗ്രമായും ചെയ്യേണ്ട ധ്യാനം പോലുള്ള കർമ്മം വ്യത്യസ്ത ആങ്കിളുകളിൽ ഫിക്സ് ചെയ്ത ക്യാമറക്ക്‌ മുന്നിൽ ചെയ്യുന്നതും മീഡിയകളിലൂടെ അത് പ്രദർശിപ്പിക്കുകയും ചെയ്യുന്നത് എന്തിനാണ് എന്ന ചോദ്യമാണ് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ കക്ഷികൾ ചോദിച്ചത്.

ഭരണപക്ഷ പ്രതിപക്ഷ പ്രതീക്ഷകൾ

വോട്ടണ്ണലിലേക്കും വിജയ പ്രഖ്യാപനങ്ങളിലേക്കും മണിക്കൂറുകൾ മാത്രം അവശേഷിക്കേ പല രീതിയിലുള്ള കൂട്ടി കിഴിക്കലിലാണ് രാഷ്ട്രീയ കക്ഷികളും ജനങ്ങളും. രാഷ്ട്രീയ പാർട്ടികളെക്കാൾ നെഞ്ചിടിപ്പ് കൂടുതലുള്ളത് ഒരു പക്ഷെ രാജ്യത്തെ ജനാധിപത്യ വിശ്വാസികൾക്കാവും. ബിജെപിയുടെ ആത്മവിശ്വാസമായിരുന്ന ചാർ സെ പാർ എന്ന തീർത്തും പ്രവചനാത്മകമായ ഒരു സ്ഥിതി വിശേഷത്തിൽ നിന്നും ഇൻഡ്യാ മുന്നണിയിലുണ്ടായ ഉണർവും കെജ്‌രിവാളിന്റെ തിരിച്ച് വരവുണ്ടാക്കിയ ഓളവും ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലെ കർഷക രോഷവും അഗ്നി വീർ വിഷയവും വിലക്കയറ്റവും ധ്രുവ് റാഠി അടക്കമുള്ള യുട്യൂബ് ഫൈറ്റെഴ്സിന്റെ പോരാട്ടവും ഗോദി മീഡിയയുടെ മലക്കം മറിച്ചിലും ഇലക്ട്രൽ ബോണ്ട്‌ വിവാദവും മങ്ങിയ മോദി മുഖവും പ്രതിപക്ഷ സഖ്യത്തിന് പ്രതീക്ഷ നൽകുന്നതാണ്. മതത്തിനും വികാരത്തിനുമപ്പുറം അടിസ്ഥാന ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ അസ്വസ്ഥരായ ഭൂരിഭാഗ ജനത എന്ന ഗ്രൗണ്ട് റിയാലിറ്റിയും ബിജെപിക്ക്‌ എതിരാണ്.

ബിജെപിയും മോദിയും സെറ്റ് ചെയ്ത അജണ്ടകൾക്ക് നിന്ന് കൊടുക്കാതെ ഒരു പരിധി വരെ രാഷ്ട്രീയമായും പ്രായോഗികമായും നേരിടാൻ അവസാന ലാപ്പുകളിൽ ഇൻഡ്യാ സഖ്യത്തിന് കഴിഞ്ഞിട്ടുമുണ്ട്. ബിജെപിക്ക് മുമ്പത്തെ തിരഞ്ഞെടുപ്പിലെ പോലെ ഒരു ഈസി വാക്കോവർ ഇക്കുറി എന്ന ഉറപ്പ് അത് നൽകുന്നുണ്ട്. ബാക്കി എല്ലാം മെയ് നാലിന് കണ്ടറിയാം..

Related Stories

No stories found.
logo
Reporter Live
www.reporterlive.com