മദ്യനയ കേസിലെ യഥാർത്ഥ പ്രതി ബിജെപി, ആരോപണമുയർത്തി ആം ആദ്മി

'മദ്യനയ കേസിൽ അനധികൃതമായി പണം സ്വന്തമാക്കിയത് ബിജെപി'
മദ്യനയ കേസിലെ യഥാർത്ഥ പ്രതി ബിജെപി,
ആരോപണമുയർത്തി ആം ആദ്മി

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റിൻ്റെ ഏഴ് ദിവസത്തെ കസ്റ്റഡിയിൽ വിട്ടതിന് തൊട്ടുപിന്നാലെ ബിജെപിക്കെതിരെ കടുത്ത ആരോപണവുമായി ആം ആദ്മി നേതൃത്വം രംഗത്തെത്തി. ദൽഹി മദ്യനയ കേസിൽ പണമിടപാട് നടത്തിയെങ്കിൽ അത് ബിജെപിയാണെന്നാണ് ആം ആദ്മി പാർട്ടിയുടെ ആരോപണം.

മദ്യനയ വിഷയത്തിൽ അരവിന്ദ് കെജ്‌രിവാൾ ഇടനിലക്കാരനായി പ്രവർത്തിച്ചുവെന്നും ദൽഹി സർക്കാരിന് 100 കോടി രൂപ സൗത്ത് ഗ്രൂപ്പിൽ നിന്ന് തട്ടിയെടുക്കാൻ സൗകര്യമൊരുക്കിയെന്നുമാണ് അന്വേഷണ ഏജൻസിയുടെ ആരോപണം. അന്വേഷണ ഏജൻസിയുടെ ഈ അവകാശവാദങ്ങളെ പൂർണ്ണമായി തള്ളുകയായിരുന്നു വാർത്താ സമ്മേളനത്തിൽ എഎപി നേതാവ് അതീഷി മർലേന.


എഎപിയുടെ വനിതാ നേതാവായ അതീഷി വാർത്താസമ്മേളനത്തിൽ
എഎപിയുടെ വനിതാ നേതാവായ അതീഷി വാർത്താസമ്മേളനത്തിൽ

മദ്യനയ കേസിൽ അനധികൃതമായി പണം സ്വന്തമാക്കിയത് ബിജെപിയാണെന്നായിരുന്നു അതീഷിയുടെ ആരോപണം. 2022ൽ കേസിൽ അറസ്റ്റിലായ അരബിന്ദോ ഫാർമ ഡയറക്ടർ ശരത് ചന്ദ്ര റെഡ്ഢി ഇലക്ടറൽ ബോണ്ടുകൾ വഴി ഭാരതീയ ജനതാ പാർട്ടിക്ക് സംഭാവന നൽകിയത് ചൂണ്ടിക്കാണിച്ചായിരുന്നു അതിഷിയുടെ ആരോപണം. ആം ആദ്മി പാർട്ടിയുടെ നേതാക്കളോ എംഎൽഎമാരോ ഒരു രൂപ പോലും ആരുടേയും കയ്യിൽ നിന്നും വാങ്ങിയില്ലെന്നും പണം പോയിട്ടുണ്ടെങ്കിൽ എവിടേക്ക് എങ്ങനെ പോയി എന്നത് ചർച്ച ചെയ്യണമെന്നും അതീഷി പറഞ്ഞു.

ശരത് ചന്ദ്ര റെഡ്ഡിയെ 2022 നവംബർ 9നാണ് ആദ്യമായി ചോദ്യം ചെയ്യുന്നത്. താൻ ഒരിക്കലും അരവിന്ദ് കെജ്‌രിവാളുമായി കൂടിക്കാഴ്ച്ച നടത്തുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ലെന്നും ആം ആദ്മി പാർട്ടിയുമായി ഒരു ബന്ധവുമില്ലെന്നും അന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞിരുന്നു. പക്ഷെ തൊട്ടടുത്ത ദിവസം ഇഡി അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. മാസങ്ങളോളം ജയിലിൽ കിടന്നതിന് ശേഷം അദ്ദേഹം മൊഴി മാറ്റി. അരവിന്ദ് കെജ്രിവാളിനെ കണ്ട് എക്സൈസ് പോളിസി വിഷയത്തിൽ സംസാരിച്ചു എന്ന രീതിയിൽ മൊഴി മാറ്റി നൽകിയ ഉടനെ അദ്ദേഹത്തിന് ജാമ്യം ലഭിച്ചുവെന്നും അതിഷി കൂട്ടിച്ചേർത്തു.

ശരത് ചന്ദ്ര റെഡ്ഡി
ശരത് ചന്ദ്ര റെഡ്ഡി

തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം പുറത്ത് വിട്ട കണക്ക് പ്രകാരം കോടികണക്കിന് രൂപയാണ് അരബിന്ദോ ഫാർമ കമ്പനി ബിജെപിക്ക് നൽകിയത്. 2021 ഏപ്രിലിനും 2023 നവംബറിനുമിടയിൽ അരബിന്ദോ ഫാർമ 52 കോടി രൂപയുടെ ബോണ്ടുകൾ വാങ്ങിയെന്നും അതിൽ 66% ബിജെപിക്ക് വേണ്ടിയും ബാക്കിയുള്ളവ തെലങ്കാന ആസ്ഥാനമായുള്ള ഭാരത് രാഷ്ട്ര സമിതിക്കും ആന്ധ്ര ആസ്ഥാനമായുള്ള തെലുങ്ക് ദേശം പാർട്ടിക്കും വീതി വെച്ച് നൽകിയതായും കണക്കുകൾ പറയുന്നു.

ഡൽഹി മദ്യനയത്തിൽ അഴിമതി നടന്നുവെന്ന ആരോപണം ഉന്നയിച്ച് വ്യാഴാഴ്ചയാണ് ദൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് 
  ചെയ്ത് കൊണ്ടുപോകുന്നു
അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു

2021-22 ലെ ഡൽഹി മദ്യനയം മൊത്തക്കച്ചവടക്കാർക്ക് 12 ശതമാനവും ചില്ലറ വ്യാപാരികൾക്ക് 18.5 ശതമാനവും അധികമായ ഉയർന്ന ലാഭം നൽകിയെന്നാണ് ED യുടെ കേസ്. 12 ശതമാനത്തിൽ, 6 ശതമാനം മൊത്തക്കച്ചവടക്കാരിൽ നിന്ന് ആം ആദ്മി നേതാക്കൾക്കുള്ള വിഹിതമായി കൈപറ്റിയെന്നും ആം ആദ്മി പാർട്ടിയുമായി ബന്ധമുള്ള വിജയ് നായർ എന്ന വ്യക്തി സൗത്ത് ഗ്രൂപ്പ് കമ്പനിയിൽ നിന്ന് 100 കോടി അഡ്വാൻസ് വാങ്ങിയതായും ആരോപിക്കപ്പെടുന്നു. ഇഡിയ്ക്ക് പുറമെ സിബിഐയും കെജ്‌രിവാളിനെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് കോടതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ വലിയ പ്രതിഷേധമാണ് ആം ആദ്മി പാർട്ടി അണികളുടെയും പ്രതിപക്ഷ കകഷികളുടെയും നേത്രത്വത്തിൽ നടന്നുകൊണ്ടിരിക്കുന്നത്. കെജ്‌രിവാൾ ജയിലിൽ നിന്ന് തന്നെ ദൽഹി ഭരിക്കുമെന്നാണ് ആം ആദ്മി പാർട്ടി നേതൃത്വം പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com