ഭാസിയെ കൊണ്ട് 'ജാഡ' പാടിക്കണം എന്നുണ്ടായിരുന്നു, ഭാസിയുടെ ജാഡ എനിക്ക് ഇഷ്ടമാണ്: സുഷിൻ ശ്യാം

'എട്ട് പാട്ട് ചെയ്യാൻ 25 ദിവസമാണ് ജിത്തു തന്നത്. രണ്ട് ദിവസത്തിലൊരു പാട്ട് ചെയ്യുക'
ഭാസിയെ കൊണ്ട് 'ജാഡ' പാടിക്കണം എന്നുണ്ടായിരുന്നു, ഭാസിയുടെ ജാഡ എനിക്ക് ഇഷ്ടമാണ്: സുഷിൻ ശ്യാം

മലയാള ഗാന രംഗത്ത് ട്രെൻഡിങ്ങാണ് സുഷിന്‍ ശ്യാമിന്‍റെ പാട്ടുകൾ. മെലഡി മുതൽ റാപ്പ് വരെ അദ്ദേഹത്തിന്റെ കൈകളിൽ ഭദ്രമാണ് എന്ന് സ്വന്തം സംഗീത സംവിധാനത്തിലൂടെ തെളിയിച്ചതാണ്. പുതിയ ട്രെൻഡ് 'ജാഡ'യാണ്.. ജിത്തു മാധവന്റെ സംവിധാനത്തിലൊരുങ്ങുന്ന ഫഹദ് ഫാസിൽ ചിത്രം 'ആവേശ'ത്തിലെ 'ജാഡ' എന്ന പാട്ട് സോഷ്യൽ മീഡിയയിൽ അടുത്ത തരംഗം തീർക്കാൻ തയ്യാറായിക്കഴിഞ്ഞു.

പാട്ടിന്റെ ബീറ്റ് പോലെ തന്നെ വ്യത്യസ്തവും രസകരവുമാണ് ശ്രീനാഥ് ഭാസിയുടെ ശബ്ദം. യുവ ഗായകരെ കൊണ്ട് പരീക്ഷണം നടത്താനിഷ്ടമുള്ള സുഷിന് ജാഡ പാടാൻ ശ്രീനാഥ് ഭാസി തന്നെ വേണമായിരുന്നുവെന്നാണ് താരം പറയുന്നത്. ആവേശം സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് സിനിമയിലെ പാട്ടുകളെ കുറിച്ച് അദ്ദേഹം പറഞ്ഞത്.

'എട്ട് പാട്ട് ചെയ്യാൻ 25 ദിവസമാണ് ജിത്തു തന്നത്. രണ്ട് ദിവസത്തിലൊരു പാട്ട് ചെയ്യുക. ജിത്തു ദിവസവും വരും ഞാൻ അകത്തിരുന്ന് ചെയ്യും അദ്ദേഹം പുറത്ത് ബുക്ക് വായിച്ചിരിക്കും. വിനായകുമായി മുൻപും വർക്ക് ചെയ്തതുകൊണ്ട് അത് നല്ല കോമ്പിനേഷനായി തോന്നി. വിനായക് ആണ് ഈ സിനിമയിലെ എല്ലാ പാട്ടും എഴുതിയിരിക്കുന്നത്. രോമാഞ്ചത്തിൽ ചെയ്ത പോലുള്ള ട്രാക്കല്ല ആവേശത്തിലേത്. അതുകൊണ്ടുതന്നെ പാട്ടുകളിലെല്ലാം പുതിയ ശബ്ദങ്ങൾ വേണമെന്നുമുണ്ടായിരുന്നു', സുഷിൻ ശ്യാം പറഞ്ഞു.

ഈ സിനിമയിലെ ആൽബത്തിൽ ഞാൻ അങ്ങനെ പാടിയിരിക്കുന്നത് വളരെ കുറവാണ്. ഒരോ ശബ്ദത്തിന്റെ പ്രത്യേകതകളനുസരിച്ചാണ് ഞങ്ങൾ ആളുകളെ തിരഞ്ഞെടുത്തത്. ഭാസിയെക്കൊണ്ട് ജാഡ പാടിക്കണം എന്ന് എനിക്ക് ആഗ്രമുണ്ടായിരുന്നു. ഭാസിയുടെ ജാഡ എനിക്ക് ഭയങ്കര ഇഷ്ടമാണ്. ആ ശബ്ദമല്ലാതെ എന്റെ മനസിൽ മറ്റൊരു ശബ്ദം വരുന്നുണ്ടായിരുന്നില്ല. അങ്ങനെ ഭാസിക്ക് ഞാൻ പാട്ടിന്റെ ട്രാക്ക് അയച്ചു കൊടുക്കുകയായിരുന്നു. തുടർന്നും ഉറപ്പായും ഭാസിയെ കൊണ്ട് പാടിപ്പിക്കും, സുഷിൻ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com