കോടികൾ കൊയ്ത 'പ്രേമയുഗം ബോയ്സ്' ആവർത്തിക്കുമോ?; നാളെ മൂന്നു റിലീസുകൾ, ആകാംക്ഷയിൽ സിനിമാപ്രേമികൾ

ഫെബ്രുവരി, മാർച്ച് മാസങ്ങൾ കൊണ്ട് മൂന്ന് 100 കോടി സിനിമകളാണ് മലയാളത്തിൽ പിറന്നത്
കോടികൾ കൊയ്ത 'പ്രേമയുഗം ബോയ്സ്' ആവർത്തിക്കുമോ?; നാളെ മൂന്നു റിലീസുകൾ, ആകാംക്ഷയിൽ സിനിമാപ്രേമികൾ

മലയാള സിനിമയുടെ സുവർണ്ണ വർഷം എന്ന് പറയാവുന്ന തരത്തിലാണ് 2024 ന്റെ ആദ്യപാദം കടന്നു പോയത്. ഫെബ്രുവരി, മാർച്ച് മാസങ്ങൾ കൊണ്ട് പ്രേമലു, മഞ്ഞുമ്മൽ ബോയ്സ്, ആടുജീവിതം എന്നിങ്ങനെ മൂന്ന് 100 കോടി സിനിമകളാണ് മലയാളത്തിൽ പിറന്നത്. മഞ്ഞുമ്മൽ ആകട്ടെ 100 കോടി കൊണ്ടും അവസാനിപ്പിക്കാതെ 200 കോടിയും കടന്നു ജൈത്രയാത്ര തുടരുകയാണ്. ഈ സിനിമകൾ തുടങ്ങിവെച്ച വിജയഗാഥ ആവർത്തിക്കുമെന്ന് പ്രേക്ഷകർ പ്രതീക്ഷിക്കുന്ന മൂന്ന് സിനിമകളാണ് നാളെ റിലീസ് ചെയ്യുന്നത്.

സൂപ്പർഹിറ്റായ ഹൃദയം ടീം വീണ്ടും ഒന്നിക്കുന്ന 'വർഷങ്ങൾക്കു ശേഷവും' രോമാഞ്ചത്തിന്റെ വിജയത്തിന് ശേഷം ജിത്തു മാധവൻ ഒരുക്കുന്ന 'ആവേശവും' ഉണ്ണി മുകുന്ദനും രഞ്ജിത്ത് ശങ്കറും ഒന്നിക്കുന്ന 'ജയ് ഗണേഷും' നാളെ തിയേറ്ററുകളിലെത്തുകയാണ്. ഇതുവരെ പ്രീ സെയ്‌ലിലൂടെ മികച്ച കളക്ഷൻ തന്നെ ഈ സിനിമകൾ നേടിയിട്ടുണ്ട്. എന്നിരുന്നാലും പ്രീ സെയിൽ നൽകുന്ന സൂചന പ്രകാരം ആദ്യദിനത്തിൽ ഏറ്റവും അധികം പണം വാരം പോകുന്നത് ആവേശം ആയിരിക്കും. ഫഹദിന്റെ 'ഇതുവരെ പിടിക്കാത്ത പരിപാടിക്ക്' നല്ല ഹൈപ്പുണ്ട്. ആ ഹൈപ്പിനൊത്ത് പടം വന്നാൽ ജിത്തും ഫഹദും ചേർന്ന് മലയാള സിനിമയുടെ 'സീൻ മാറ്റും'.

വിനീത് ശ്രീനിവാസൻ ചിത്രം വർഷങ്ങൾക്കു ശേഷവും ആദ്യദിനത്തിൽ മികച്ച കളക്ഷൻ നേടുമെന്ന് ഉറപ്പാണ്. പ്രണവ് മോഹൻലാൽ-ധ്യാൻ ശ്രീനിവാസൻ കോംബോ നായകന്മാരാകുന്ന സിനിമയ്ക്ക് മുൻ വിനീത് ചിത്രങ്ങൾ പോലെ പോസിറ്റീവ് റിപ്പോർട്ട് നേടാൻ കഴിഞ്ഞാൽ 100 കോടിയിൽ കുറഞ്ഞതൊന്നും പ്രതീക്ഷിക്കേണ്ടതില്ല. കൊവിഡ് പ്രതിസന്ധികൾക്കിടയിലും 2022 ലെ ടോപ് ഗ്രോസ്സറായ ഹൃദയം മാത്രമെടുത്താൽ മതി വർഷങ്ങൾക്കു ശേഷത്തിന്റെ ഫൈനൽ കളക്ഷനിൽ പ്രതീക്ഷ വെക്കാൻ.

കോടികൾ കൊയ്ത 'പ്രേമയുഗം ബോയ്സ്' ആവർത്തിക്കുമോ?; നാളെ മൂന്നു റിലീസുകൾ, ആകാംക്ഷയിൽ സിനിമാപ്രേമികൾ
കുവൈറ്റിൽ 'ആവേശം' അൽപ്പം കുറയും; പ്രവാസി പ്രേക്ഷകരോട് സംവിധായകൻ

ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്യുന്ന ജയ് ഗണേഷും ഹൈപ്പോടെയാണ് വരുന്നത്. ചിത്രത്തിൽ മഹിമ നമ്പ്യാരാണ് നായിക. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു, ശ്രീകാന്ത് കെ വിജയൻ, ബെൻസി മാത്യൂസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. കുട്ടികൾക്കും മുതിർന്നവർക്കും ആസ്വദിക്കാൻ സാധിക്കുന്ന ഒരു ഫാമിലി എന്റർടെയിനറാണിതെന്നാണ് അണിയറപ്രവർത്തകർ പറയുന്നത്. പോസിറ്റീവായ പ്രതികരണം നേടാൻ കഴിഞ്ഞാൽ ജയ് ഗണേഷും പണം വാരുമെന്ന് ഉറപ്പാണ്. ഇതിനിടെ ​ബ്ലോക്ക്ബസ്റ്റർ വിജയമായിക്കൊണ്ടിരിക്കുന്ന പൃഥ്വിരാജിന്റെ ആടുജീവിതവും പ്രദർ‌ശനം തുടരാനും സാധ്യതകളേറെയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com