'ജാഫർ സാദിഖിന്റെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമില്ല,കേസിലേക്ക് വലിച്ചിഴയ്ക്കുന്നു';സംവിധായകൻ അമീർ

ഔദ്യോഗിക പത്രക്കുറിപ്പ് പുറപ്പെടുവിച്ചിട്ടും വിവാദം ഒഴിയാത്ത സാഹചര്യത്തിലാണ് അമീർ വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്
'ജാഫർ സാദിഖിന്റെ മയക്കുമരുന്ന് റാക്കറ്റുമായി ബന്ധമില്ല,കേസിലേക്ക് വലിച്ചിഴയ്ക്കുന്നു';സംവിധായകൻ അമീർ

ചെന്നൈ: രാജ്യാന്തര മയക്കുമരുന്ന് റാക്കറ്റിലെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന സിനിമാ നിർമ്മാതാവും മുൻ ഡിഎംകെ നേതാവുമായ ജാഫർ സാദിഖുമായി തനിക്ക് ബന്ധമില്ലെന്ന് സംവിധായകൻ അമീർ. ഔദ്യോഗിക പത്രക്കുറിപ്പ് പുറപ്പെടുവിച്ചിട്ടും വിവാദം ഒഴിയാത്ത സാഹചര്യത്തിലാണ് അമീർ വീഡിയോ സന്ദേശത്തിലൂടെ ഇക്കാര്യം അറിയിച്ചത്.

തന്നെ കേസിലേക്ക് വലിച്ചിഴച്ച് ചില മാധ്യമങ്ങളും ​​യുട്യൂബ് ചാനലുകളും ​​നേട്ടമുണ്ടാക്കാൻ ശ്രമിക്കുന്നതിലൂടെ തന്റെ കുടുംബത്തിന് മാനസിക സമ്മർദം ഉണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് അമീർ ഇപ്പോൾ വീഡിയോയിലൂടെ പറഞ്ഞു. മദ്യപാനം, ലൈംഗിക തൊഴിൽ, പലിശ കൊടുക്കൽ എന്നിവയ്ക്കെതിരായ തത്വമാണ് താൻ പിന്തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അമീറിന്റെ റസ്റ്റോറൻ്റ് ബിസിനസിൽ പങ്കാളിയാണ് ജാഫർ സാദിഖ്. സംവിധായകൻ്റെ വരാനിരിക്കുന്ന 'ഇരൈവൻ മിഗ പെരിയവൻ' നിർമ്മിക്കുന്നതും ജാഫർ സാദിഖ് ആണ്. അതേസമയം, ജാഫർ സാദിഖിൻ്റെ വീട്ടിൽ നാർക്കോട്ടിക് കൺട്രോൾ ബ്യൂറോ (എൻസിബി) റെയ്ഡ് നടത്തി. ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിച്ച റെയ്ഡ് രാത്രി 8 മണി വരെ തുടർന്നു. വീട്ടിൽ നിന്ന് ചില രേഖകളും കേസിനാസ്പദമായ തെളിവുകളും പിടിച്ചെടുത്തിട്ടുണ്ട് എന്നാണ് വിവരം.

രണ്ടാഴ്ച മുമ്പ് ഡൽഹി സ്‌പെഷ്യൽ പോലീസും എൻസിബിയും ചേർന്ന് നടത്തിയ ഓപ്പറേഷന്റെ ഭാഗമായാണ് ഡൽഹിയിലെ ഒരു ഗോഡൗണിൽ നടത്തിയ റെയ്ഡിൽ 50 കിലോഗ്രാം സ്യൂഡോഫെഡ്രിൻ കണ്ടെത്തിയത്. മള്‍ട്ടിഗ്രെയിൻ ഫുഡ് മിക്‌സിലും ചിരകിയ തേങ്ങയിലും ഒളിപ്പിച്ച് സ്യൂഡോഫെഡ്രിൻ പാക്ക് ചെയ്ത് കടത്താൻ ശ്രമിച്ച മൂന്ന് പേരാണ് അറസ്റ്റിലായത്.

തുടർന്ന് നടത്തിയ അന്വേഷണത്തിൽ അന്താരാഷ്ട്ര മയക്കുമരുന്ന് റാക്കറ്റിൻ്റെ പിന്നിൽ തമിഴ് ചലച്ചിത്ര നിർമ്മാതാവായ ജാഫർ സാദിഖാണെന്ന് കണ്ടെത്തുകയായിരുന്നു. ഓസ്‌ട്രേലിയയിലേക്കും ന്യൂസിലൻഡിലേക്കും കടത്താനിരുന്ന മയക്കുമരുന്നാണ് ഡൽഹി സ്‌പെഷ്യൽ പോലീസും എൻസിബിയും ചേർന്ന് പിടികൂടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com