'സിനിമയുമായി ബന്ധപ്പെട്ട് എന്റെ ഭാര്യ കരഞ്ഞ് കണ്ടത് അന്ന്'; വില്ലൻ വേഷങ്ങളെക്കുറിച്ച് ടി ജി രവി

ആദ്യ കാലങ്ങളിൽ തന്റെ കഥാപാത്രങ്ങളുടെ സ്വഭാവം ചൂണ്ടിക്കാട്ടി ഭാര്യയെ വിഷമിപ്പിക്കാൻ ആളുകൾ ശ്രമിച്ചിരുന്നെന്നും ഒരിക്കൽ മാത്രം അവർ കരഞ്ഞുപോകുന്ന അവസ്ഥയുണ്ടായെന്നുമാണ് ടി ജി രവി പറഞ്ഞത്
'സിനിമയുമായി ബന്ധപ്പെട്ട് എന്റെ ഭാര്യ കരഞ്ഞ് കണ്ടത് അന്ന്'; വില്ലൻ വേഷങ്ങളെക്കുറിച്ച് ടി ജി രവി

മലയാള സിനിമയെ വിറപ്പിച്ച വില്ലൻ കഥാപാത്രങ്ങളാണ് ടിജി രവിയുടേത്. സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങൾ ഒരിക്കലും തന്റെ വിവാഹ ജീവിതത്തിൽ വിഷമങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് പതിറ്റാണ്ടുകൾ പൂർത്തിയാക്കുന്ന അഭിനയ ജീവിതത്തിലെ അനുഭവങ്ങൾ റിപ്പോർട്ടർ ടിവിയുമായി പങ്കുവെയ്ക്കുകയായിരുന്നു അദ്ദേഹം.

ടിജി രവിയുടെ അരനൂറ്റാണ്ട് നീണ്ട കരിയറിൽ വലിയ പിന്തുണയായിരുന്നത് പങ്കാളി സുഭദ്രയാണ്. ഇരുവരുടെയും പ്രണയ വിവാഹമായിരുന്നു. അമ്പിളി എന്നാണ് അദ്ദേഹം തന്റെ പങ്കാളിയെ വിളിച്ചിരുന്നത്. ആദ്യ കാലങ്ങളിൽ തന്റെ കഥാപാത്രങ്ങളുടെ സ്വഭാവം ചൂണ്ടിക്കാട്ടി ഭാര്യയെ വിഷമിപ്പിക്കാൻ ആളുകൾ ശ്രമിച്ചിരുന്നെന്നും ഒരിക്കൽ മാത്രം അവർ കരഞ്ഞുപോകുന്ന അവസ്ഥയുണ്ടായെന്നുമാണ് ടി ജി രവി പറഞ്ഞത്.

'സ്ത്രീകളെ ഉപദ്രവിക്കുന്ന കഥാപാത്രങ്ങളാണ് ഞാൻ സിനിമയിൽ അവതരിപ്പിച്ചതിൽ അധികവും. ഇത് പറഞ്ഞ് എന്റെ ഭാര്യയെ വിഷമിപ്പിക്കാൻ ആ കാലത്ത് പലരും ശ്രമിച്ചിട്ടുണ്ട്. അവൾക്ക് 12ഉം എനിക്ക് 17ഉം വയസുള്ളപ്പോൾ തുടങ്ങിയതാണ് ഞങ്ങൾ തമ്മിലുള്ള സ്നേഹം. ആർക്കും ഇത് പറഞ്ഞ് അവളെ വിഷമിപ്പിക്കാനായില്ല.

പക്ഷേ ഒരിക്കൽ ഭാര്യ എന്റെ സിനിമയുമായി ബന്ധപ്പെട്ട് കരഞ്ഞുകണ്ടു. ഞങ്ങൾ രണ്ടുപേരും കൂടി തിയേറ്ററിൽ സിനിമ കാണാൻ പോയി. അതിൽ ഒരു കിടപ്പറ രംഗമുണ്ട്. ഞാൻ അഭിനയിക്കുമ്പോൾ അതിൽ മറ്റൊന്നും ഉണ്ടായില്ല. ഒരു സീനിൽ നിന്ന് മറ്റൊന്നിലേയ്ക്ക് പോവുകയാണുണ്ടായത്. സിനിമ തിയേറ്ററിൽ വന്നപ്പോൾ അതൊരു മുഴുനീള കിടപ്പറ രംഗമായി. അന്ന് ആദ്യമായാണ് സിനിമയുമായി ബന്ധപ്പെട്ട് എന്റെ ഭാര്യ കരഞ്ഞു പോയത്. അതെനിക്ക് സങ്കടമായി.

ഞാനല്ല എന്ന ബോധ്യം അവർക്കുണ്ട്. എന്നാൽ എല്ലവരും കാണുന്നൊരിടത്ത് അതുണ്ടായതിൽ അവർക്ക് വിഷമം ഉണ്ടായി. ഒരു വൈരാഗ്യമായി തന്നെ അതെന്റെ മനസ്സിൽ കിടക്കുന്നുണ്ട്.

ഒരിക്കൽ മദ്രാസ് പ്രസാദ് സ്റ്റുഡിയോയിൽ വച്ച് ഞാൻ ഈ സിനിമയുടെ സംവിധായകനെ കണ്ടുമുട്ടി. ലോഹ്യം പറഞ്ഞ് അയാളെ മാറ്റി കൊണ്ടുപോയി ഒരു അടി വച്ചുകൊടുത്തു. ബെഡിൽ വിരിച്ചിരുന്ന വിരി മദ്രാസിൽ കൊണ്ടുപോയാണ് അയാൾ അത് ചിത്രീകരിച്ചത്,' ടി ജി രവി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com