മൂന്ന് രൂപഭാവങ്ങൾ ഒരേയൊരു നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്

ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററുകളിൽ എത്തും
മൂന്ന് രൂപഭാവങ്ങൾ ഒരേയൊരു നടൻ; ആടുജീവിതത്തിലെ നജീബാകുന്ന പൃഥ്വിരാജ്

ബ്ലസ്സിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന 'ആടുജീവിതം' തിയേറ്ററുകളിൽ കാണാൻ മലയാള സിനിമാ പ്രേമികൾ മാത്രമല്ല ഇന്ത്യൻ സിനിമ മുഴുവനും കാത്തിരിക്കുകയാണ്. പ്രഖ്യാപനം മുതൽ പൃഥ്വിരാജിന്റെ അമ്പരപ്പിക്കുന്ന മെയ്‌ക്കോവര്‍ വരെ സിനിമയുമായി ബന്ധപ്പെട്ട ഓരോ അപ്ഡേറ്റുകളും കൗതുകത്തോടെ സ്വീകരിക്കുകയാണ് ആരാധകർ.

ഏപ്രിൽ പത്തിന് തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകൾ പരിശോധിച്ചാൽ നജീബായി വേഷപ്പകര്‍ച്ച നടത്തിയ പൃഥ്വിരാജിന്റെ രൂപമാറ്റങ്ങള്‍ അമ്പരപ്പിക്കുന്നതാണ്. സമീപകാലത്ത് മലയാള സാഹിത്യത്തിൽ ഏറ്റവും മികച്ച വായനാനുഭവം സമ്മാനിച്ച ബെന്യാമിന്റെ 'ആടുജീവിത'ത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ബ്ലസ്സിയുടെ സ്വപ്ന പദ്ധതിയായി വിലയിരുത്തപ്പെടുന്ന ചിത്രത്തിനായി 2008മുതൽ അദ്ദേഹം പരിശ്രമങ്ങൾ ആരംഭിച്ചിരുന്നു. 2013 ൽ പുറത്തിറങ്ങിയ 'കളിമണ്ണി'ന് ശേഷം ബ്ലെസിയുടെതായി സിനിമകളൊന്നും പുറത്തിറങ്ങിയിട്ടില്ല. സൗദി അറേബ്യയിലെ ഇന്ത്യൻ കുടിയേറ്റ തൊഴിലാളിയായ നജീബ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പൃഥ്വി അവതരിപ്പിക്കുന്നത്. 160ന് മുകളില്‍ ദിവസങ്ങളാണ് ആടുജീവിതത്തിന്‍റെ ചിത്രീകരണത്തിന് വേണ്ടി വന്നത്. കൊവിഡ് മഹാമാരി സിനിമയുടെ ചിത്രീകരണം നീളുന്നതിന് കാരണമായിരുന്നു. 2023 ജൂലൈ 14നാണ് ആടുജീവിതം ചിത്രീകരണം പൂർത്തിയാക്കിയത്. ജോർദാനിലായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.

എ ആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രത്തിൽ അമല പോളാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും പ്രധാന കഥാപാത്രങ്ങളാണ്. സുനിൽ കെ എസ് ആണ് ഛായാഗ്രഹണവും, ശ്രീകർ പ്രസാദ് ചിത്രസംയോജനവും നിർവ്വഹിക്കുന്നു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com