'ഈ പ്രായത്തിലും ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്യുന്ന ലാലേട്ടൻ'; അനുഭവങ്ങൾ പങ്കുവെച്ച് 'ചിന്നപ്പയ്യൻ'

'മാങ്ങോട്ട് മല്ലനുമായുള്ള ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കാൻ ഒരു മാസം സമയമെടുത്തു'
'ഈ പ്രായത്തിലും ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്യുന്ന ലാലേട്ടൻ'; അനുഭവങ്ങൾ പങ്കുവെച്ച് 'ചിന്നപ്പയ്യൻ'

മലയാള സിനിമ മുമ്പ് കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവം സമ്മാനിച്ച് തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ് 'മലൈക്കോട്ടൈ വാലിബൻ'. സിനിമയിലെ ആക്ഷൻ രംഗങ്ങൾ ഡ്യൂപ്പില്ലാതെ അവതരിപ്പിക്കുന്ന മോഹൻലാൻ തന്നെ വിസ്മയിപ്പിച്ചു എന്ന് പറയുകയാണ് മനോജ് മോസസ്. ചിത്രത്തിൽ വാലിബന്റെ സഹോദരൻ ചിന്നനായി അഭിനയിച്ച നടനാണ് അദ്ദേഹം.

അപകടം പിടിച്ച സംഘട്ടന രംഗങ്ങളിൽ പലതും അസാമാന്യ മെയ്‌വഴക്കത്തോടെ ഡ്യൂപ്പില്ലാതെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. ഈ പ്രായത്തിലും താരം കാണിക്കുന്ന അർപ്പണ മനോഭാവം തന്നെ അത്ഭുതപ്പെടുത്തിയതായും മനോജ് പറഞ്ഞു. റിപ്പോർട്ടർ ലൈവുമായി നടത്തിയ അഭിമുഖത്തിലാണ് പ്രതികരണം.

'രാജസ്ഥാനിലെ ചിത്രീകരണ വേളയിൽ ഭാഷയുടെ തടസ്സങ്ങൾ നേരിട്ടിരുന്നു. അതുകൊണ്ട് തന്നെ മോഹൻലാൽ, ലിജോ ജോസ് പെല്ലിശ്ശേരി, ഹരീഷ് പേരടി എന്നിവർക്കൊപ്പമാണ് കൂടുതൽ സമയം ചെലവഴിച്ചത്. മോഹൻലാലിനൊപ്പംതന്നെ ഉണ്ടായിരുന്നു എപ്പോഴും. അദ്ദേഹത്തിന്റെ അർപ്പണ മനോഭാവവും, ടൈമിങ്ങും കണ്ട് പഠിക്കേണ്ടതാണ്.

സംഘട്ടന രംഗങ്ങൾ ചിത്രീകരിക്കുമ്പോഴാണ് കൂടുതൽ അതിശയപ്പെട്ടുപോയത്. മാങ്ങോട്ട് മല്ലനുമായുള്ള ഫൈറ്റ് സീക്വൻസ് ചിത്രീകരിക്കാൻ ഒരു മാസം സമയമെടുത്തു. അത് മുഴുവനും ഞാൻ കൂടിയുള്ള രംഗങ്ങളാണ്. മിക്കതും ഡ്യൂപ്പില്ലാതെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഈ പ്രായത്തിലും ഇങ്ങനെ നിൽക്കുകയാണല്ലോ എന്ന് അത്ഭുതപ്പെട്ടുപോയി.'

സിനിമയുടെ ചിത്രീകരണ വേളയിലെ വീഡിയോ കഴിഞ്ഞ ദിവസം അണിയറപ്രവർത്തകർ പങ്കുവെച്ചിരുന്നു. മനോജ് പറഞ്ഞത് സാധൂകരിക്കുന്നതാണ് ദൃശ്യങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com