'പിന്നീട് ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കിയിരുന്നിട്ടുണ്ട്'; ഭരത് ഗോപിയെ കുറിച്ച് മുരളി ഗോപി

'അതുവരെയുള്ള ജീവിതത്തെ മുഴുവൻ ഓർമ്മിച്ചെടുത്ത്, കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ'
'പിന്നീട് ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കിയിരുന്നിട്ടുണ്ട്'; ഭരത് ഗോപിയെ കുറിച്ച് മുരളി ഗോപി

മലയാള സിനിമയുടെ അഭിനയ കുലപതി പത്മശ്രീ ഭരത് ഗോപി ഓർമ്മായായിട്ട് ഇന്നേക്ക് 16 വർഷം. പിതാവിന്റെ ഓർമ്മകളെ അനുസ്മരിച്ച് കൊണ്ട് വളരെ പ്രിയപ്പെട്ട ചിത്രം പങ്കുവെച്ചിരിക്കുകയാണ് ഭരത് ഗോപിയുടെ മകനും നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. ഫോട്ടോ എടുക്കുന്നതിലോ ആൽബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ താൽപര്യം കാട്ടിയിട്ടില്ലാത്ത ഭരത് ഗോപി മാതൃഭൂമിക്ക് നൽകിയ ഒരു ചിത്രമാണ് മുരളി ഗോപി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് കുറിപ്പെഴുതിയിരിക്കുന്നത്.

ഫോട്ടോ എടുക്കുന്നതിലോ അത് ആൽബങ്ങളിലാക്കി സൂക്ഷിക്കുന്നതിലോ അച്ഛൻ ഒരിക്കലും ശ്രദ്ധ കാട്ടിയിരുന്നില്ല. വിരളമായതുകൊണ്ടുതന്നെ, കൈയ്യിലുള്ള ഓരോ ചിത്രവും അമൂല്യം. 1986ൽ, തന്റെ 49-ാം വയസിൽ, അച്ഛൻ പക്ഷാഘാതമേറ്റ് വീണു. വലിയ മനോയുദ്ധങ്ങളുടെ നാലഞ്ച് വർഷങ്ങൾ കടന്നുപോയി.

1990കളുടെ തുടക്കത്തിൽ, എന്റെ ഓർമ്മ ശരിയെങ്കിൽ, അന്ന് മാതൃഭൂമിയുടെ താരഫോട്ടോഗ്രാഫറായിരുന്ന ശ്രീ. രാജൻ പൊതുവാൾ വീട്ടിൽ വന്ന് പകർത്തിയ ഫോട്ടോഗ്രാഫുകളിൽ ഒന്നാണിത്. "ഒന്ന് തിരിഞ്ഞ്, ഈ വശത്തേക്ക് ഒന്ന് നോക്കാമോ, സാർ?" അദ്ദേഹം തിരക്കി. ആ നോട്ടമാണ് ഈ ചിത്രം. പിന്നീട് ഒരുപാടുതവണ ഈ ഫോട്ടോയിലെ അച്ഛന്റെ കണ്ണുകളിൽ നോക്കി ഞാൻ ഇരുന്നിട്ടുണ്ട്. അതുവരെയുള്ള ജീവിതത്തെ മുഴുവൻ ഓർമ്മിച്ചെടുത്ത്, കൂട്ടലും കിഴിക്കലും ഒന്നുമില്ലാതെ, കണ്ടതിനേയും കൊണ്ടതിനേയും എല്ലാം ഒരു നിമിഷം കൊണ്ട് ഒരുപോലെ അടുക്കിപ്പൊക്കി, അതിനെയാകെ ഇമവെട്ടാതെ അഭിമുഖീകരിച്ചപോലെ..... ഒരു തിരിഞ്ഞുനോട്ടം.

'സ്വയംവരം' മുതൽ 'രസതന്ത്രം' വരെ മലയാള സിനിമയ്ക്ക് ഭരത് ഗോപി നൽകിയത് മറക്കാനാകാത്ത, അതുല്യ വേഷങ്ങളാണ്. 1970-ൽ കേരളത്തിലെ നവതരംഗ സിനിമയുടെ ആദ്യ നടന്മാരിൽ ഒരാളാണ് ഭരത് ഗോപി. കൊടിയേറ്റത്തിലെ അഭിനയത്തിന് ദേശിയ പുരസ്കാരം, മികച്ച അഭിനയത്തിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം, പത്മശ്രീ, 'അഭിനയം അനുഭവം' എന്ന കൃതിക്ക് മികച്ച പുസ്തകത്തിനുള്ള ദേശീയ പുരസ്കാരം തുടങ്ങിയ അംഗീകാരങ്ങൾ തന്നെ മതിയാകും ഭരത് ഗോപിയിലെ അഭിനേതാവിന്റെ മികവെടുത്തു പറയാൻ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com