വാലിബന് ജാപ്പനീസ് ബന്ധം; സ്ഥിരീകരിച്ച് മോഹൻലാലും എൽജെപിയും

ജാപ്പനീസ് സംവിധായകൻ അകിര കുറസോവയുടെ യോജിംബോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് മലൈക്കോട്ടൈ വാലിബൻ
വാലിബന് ജാപ്പനീസ് ബന്ധം; സ്ഥിരീകരിച്ച് മോഹൻലാലും എൽജെപിയും

ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ. ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇറങ്ങിയപ്പോൾ മുതൽ നിരവധി ഊഹാപോഹങ്ങൾ ഉണ്ടായിരുന്നു. ജാപ്പനീസ് സംവിധായകൻ അകിര കുറസോവയുടെ യോജിംബോയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ് മലൈക്കോട്ടൈ വാലിബൻ എന്നതായിരുന്നു അതിൽ പ്രധാനം.

ഊഹാപോഹങ്ങൾക്ക് വിരാമം ഇട്ടുകൊണ്ട് ക്ലബ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ, മോഹൻലാൽ തന്നെ ഇക്കാര്യം സമ്മതിക്കുകയും ചെയ്തു . 'തന്റെ ലുക്ക് ജാപ്പനീസ് സമുറായിൽ നിന്ന് പ്രചോദനം ഉൾകൊണ്ടതാണ്' എന്നാണ് അദ്ദേഹം പറഞ്ഞത്. അകിര കുറസോവയുടെ യോജിംബോയിലെ ലുക്ക് തന്നെയാണ് മോഹൻലാലിന് വലിബനിൽ. ഇത് നിർദ്ദേശിച്ചത് മോഹൻലാൽ തന്നെയാണെന്ന് ടിനു പാപ്പച്ചൻ പറഞ്ഞു.

ഇത് സ്ഥിരീകരിക്കുന്നതാണ് സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരി ഇന്ന് പങ്കുവെച്ച ചിത്രത്തിൻ്റെ പോസ്റ്ററും. ജാപ്പനീസ് അക്ഷരമാലയെ അനുകരിച്ചാണ് മലൈക്കോട്ടൈ വാലിബൻ എന്ന് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും സ്വാധീക്കപ്പെടുകയും പ്രാധാന്യമർഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമാണ് കുറൊസാവ.1990ൽ "ലോകം മുഴുവനുമുള്ള പ്രേക്ഷകരേയും സിനിമാപ്രവർത്തകരെയും സ്വാധീനിക്കുകയും സന്തോഷിപ്പിക്കുകയും സമ്പന്നമാക്കുകയും ആനന്ദിപ്പിക്കുകയും ചെയ്തതിന്" ആജീവനാന്ത സംഭാവനക്കുള്ള ഓസ്കാർ പുരസ്കാരം നേടിയിട്ടുണ്ട്. അൻപതോളം ചിത്രങ്ങളും ഇദ്ദേഹം സംവിധാനം ചെയ്തു.

ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ ഈ മാസം 25 നാണ് വാലിബൻ തിയറ്ററുകളിൽ എത്തുന്നത്. ബിഗ് സ്ക്രീനില്‍ വ്യത്യസ്തങ്ങളായ ചലച്ചിത്രങ്ങൾ സംഭാവന ചെയ്തിട്ടുള്ള ലിജോയുടെ കരിയറിലെ ഏറ്റവും വലിയ കാന്‍വാസില്‍ ഒരുങ്ങുന്ന ചിത്രമാണ് വാലിബന്‍.

പി എസ് റഫീക്കാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. ആമേന് ശേഷം ലിജോയ്ക്ക് വേണ്ടി റഫീക്ക് തിരക്കഥ എഴുതിയ ചിത്രമാണിത്. ചുരുളിക്ക് ശേഷം മധു നീലകണ്ഠൻ ലിജോയ്ക്കായി ക്യാമറ കൈകാര്യം ചെയ്യുന്നു എന്ന പ്രത്യേകതയുമുണ്ട്. പ്രശാന്ത് പിള്ള സംഗീതവും ദീപു ജോസഫ് എഡിറ്റിങ്ങും നിർവഹിക്കുന്നു. ടിനു പാപ്പച്ചനാണ് ചീഫ് അസോസിയേറ്റ് ഡയറക്ടർ. റോണക്‌സ് സേവ്യർ ആണ് വസ്ത്രാലങ്കാരം. ജോഷിക്കൊപ്പം റമ്പാന്‍ എന്ന ചിത്രം ആയിരിക്കും മോഹന്‍ലാല്‍ ചെയ്യുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com