'സ്ലിപ്പർ' എളിമയുടെ പ്രതീകമല്ല; വില്ലനാകാനും അതിഥി വേഷത്തിലെത്താനുമില്ലെന്നും വിജയ് സേതുപതി

'ചപ്പൽ ധരിക്കുന്നത് എളിമയാകുന്നത് എങ്ങനെയാണ്?'
'സ്ലിപ്പർ' എളിമയുടെ പ്രതീകമല്ല; വില്ലനാകാനും അതിഥി വേഷത്തിലെത്താനുമില്ലെന്നും വിജയ് സേതുപതി

ബോളിവുഡിലും തമിഴിലും 'ബോഡി ഷെയിമിങ്' നേരിട്ടിട്ടുണ്ടെന്ന് നടൻ വിജയ് സേതുപതി. പ്രേക്ഷകർ തന്നെ താനായി സ്വീകരിക്കുന്നത് ആത്മവിശ്വാസം നൽകി. ആരാധകരുടെ സ്നേഹമാണ് ഇന്നോളം കരിയറിൽ ഊർജ്ജമായതെന്നും അദ്ദേഹം പറഞ്ഞു. പൊതുവേദികളിൽ സ്ലിപ്പർ ചെരുപ്പുകൾ ധരിച്ചെത്തുന്നത് സൗകര്യപ്രദമായ വേഷമായതിനാലാണെന്നും എളിമയായി വ്യാഖ്യാനിക്കുന്നത് അസ്വസ്ഥപ്പെടുത്താറുണ്ടെന്നും നടൻ മനസ്സുതുറന്നു.

'എന്റെ ശരീരത്തെ കളിയാക്കുന്ന കമന്റുകൾ തമിഴിലും ബോളിവുഡിലും ഞാൻ കേട്ടിട്ടുണ്ട്. എന്നാൽ പ്രേക്ഷകർ ഞാനായിരിക്കുന്നത് പോലെ തന്നെ എന്നെ സ്വീകരിക്കുന്നത് സന്തോഷമാണ്. ഇന്ന് ഞാൻ എവിടെ പോയാലും ആളുകൾ എന്നെ സ്വീകരിക്കുന്നു, അതൊരു അനുഗ്രഹമാണ്. എന്നെ ഞാനായി സ്വീകരിക്കുന്ന എന്റെ പ്രേക്ഷകരോട് നന്ദി, ഞാനിത് പ്രതീക്ഷിച്ചിരുന്നില്ല.

'സ്ലിപ്പർ' എളിമയുടെ പ്രതീകമല്ല; വില്ലനാകാനും അതിഥി വേഷത്തിലെത്താനുമില്ലെന്നും വിജയ് സേതുപതി
മമ്മൂട്ടിയ്ക്ക് രാജ് ബി ഷെട്ടിയോ വില്ലൻ?; 'ടർബോ' ഫൈറ്റ് സീക്വൻസ്, വീഡിയോ

എനിക്ക് സൗകര്യപ്രദമായ വേഷങ്ങളാണ് ഞാൻ ധരിക്കുന്നത്. ചിലയാളുകൾ 'ഷോ-ഓഫ്' ആണെന്നും ചിലർ അത് എളിമയാണെന്നും പറയുന്നു. ചപ്പൽ ധരിക്കുന്നത് എളിമയാകുന്നത് എങ്ങനെയാണ്? അതുകൊണ്ട് തന്നെ ഞാൻ ചിലപ്പോൾ ഇതിൽ അസ്വസ്ഥനാകാറുമുണ്ട്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നത് കുറയ്ക്കുകയാണ് പതിവ്,' വിജയ് സേതുപതി പറഞ്ഞു.

ആരാധകരുടെ സ്നേഹം സത്യമാണെന്ന് വിശ്വസിക്കുന്നതായും സേതുപതി പറഞ്ഞു. 'ആരാധകരുടെ സ്നേഹം സ്വീകരിക്കുന്നത് ഒരു 'എനർജി ഡ്രിങ്ക്' പോലെയാണ്. നമ്മുടെ ജോലി ആളുകളിലേയ്ക്ക് എത്തിയിട്ടുണ്ടെന്നതും അവർ നമ്മളെ മനസ്സിലാക്കിയിട്ടുണ്ടെന്നതും പ്രതീക്ഷ നൽകുന്നുണ്ട്. ഫാൻസ് ക്ലബ്ബുകളിൽ നിന്ന് ഞാൻ മനസ്സിലാക്കിയത് അതാണ്. എനിക്ക് എപ്പോഴും അത് ഊർജ്ജമാണ്.'

'സ്ലിപ്പർ' എളിമയുടെ പ്രതീകമല്ല; വില്ലനാകാനും അതിഥി വേഷത്തിലെത്താനുമില്ലെന്നും വിജയ് സേതുപതി
ഇനി മണിരത്നം പറയും, ജോജു ചെയ്യും; തഗ് ലൈഫിൽ കമലിനൊപ്പം

വില്ലൻ വേഷങ്ങൾ ഇനി ചെയ്യുന്നില്ലെന്ന് ആവർത്തിച്ച വിജയ് സേതുപതി അതിഥി വേഷങ്ങളും ഒഴിവാക്കുകയാണെന്ന് അറിയിച്ചു. 'ഞാൻ നോ പറഞ്ഞ ഗസ്റ്റ് റോളുകൾ തന്നെ ഇരുപതോളം ഉണ്ടാകും. മുമ്പ് രണ്ടു മൂന്ന് ദിവസത്തേയ്ക്ക് അഭിനയിക്കാൻ വിളിച്ചാൽ ആ സിനിമയ്ക്ക് പിന്തുണയാകുമല്ലോ എന്ന് കരുതി പോയിരുന്നു. കാരണം നമ്മൾ ഈ ഇൻഡസ്ട്രിയിൽ ആണല്ലോ ജീവിക്കുന്നത്.

ഇപ്പോൾ ഇങ്ങനെയുള്ള ക്ഷണങ്ങൾക്ക് 'നോ' പറയുകയാണ്. അതിഥി വേഷങ്ങൾ ചെയ്യുന്നത് ചിലപ്പോഴൊക്കെ ഞാൻ നായകനായി അഭിനയിക്കുന്ന സിനിമകളുടെ മാർക്കറ്റിനെയും ബാധിക്കുന്നുണ്ട്. വില്ലനായി അഭിനയിക്കുന്നതിനും നിറയെ പേർ എന്റെയടുത്ത് വരുന്നുണ്ട്. ചില സമയം ആ കഥാപാത്രങ്ങൾ 'ടിപ്പിക്കൽ വില്ലൻ' മാത്രമായി പോകുന്നു. നോ പറഞ്ഞാലും കഥയൊന്ന് കേട്ടിട്ട് പറഞ്ഞാൽ മതിയെന്ന് പറയും, പക്ഷേ എല്ലാത്തിനും നേരം കണ്ടെത്താൻ കഴിയില്ലല്ലോ,' വിജയ് സേതുപതി പറഞ്ഞു. ഇന്ത്യൻ എക്സ്പ്രസ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ വർഷം ഗോവയിൽ നടന്ന ചലച്ചിത്രോത്സവത്തിൽ നടി ഖുശ്‌ബുവുമായി നടത്തിയ സംവാദത്തിലും താൻ ഇനി വില്ലൻ കഥാപാത്രങ്ങൾ ചെയ്യില്ലെന്ന് വിജയ് സേതുപതി പറഞ്ഞിരുന്നു. നായകനെ മറികടക്കാനാകില്ലെന്ന നിയന്ത്രണം ഇഷ്ടപ്പെടുന്നില്ലെന്നും അന്ന് വിജയ് സേതുപതി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com