പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവർഷം നഷ്ടം 20,000 കോടി; കേന്ദ്രത്തെ പിന്തുണച്ച് റിഷബ് ഷെട്ടി

'സിനിമ പൈറസി തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിൽ പിന്തുണയറിയിക്കുന്നു'
പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവർഷം നഷ്ടം 20,000 കോടി; കേന്ദ്രത്തെ പിന്തുണച്ച് റിഷബ് ഷെട്ടി

അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും തെന്നിന്ത്യയൊട്ടാകെ ശ്രദ്ധ നേടിയ താരമാണ് റിഷബ് ഷെട്ടി. 2022-ൽ പുറത്തിറങ്ങിയ 'കാന്താര'യിലൂടെ റിഷബിന് ഇന്ത്യയിൽ ലഭിച്ച സ്വീകാര്യതയും വലുതാണ്. ഒരു സിനിമ പ്രവർത്തകൻ എന്നതിലുപരി വിനോദ വ്യവസായത്തിന്റെ ഭാഗമായി തന്റെ ഉത്തരവാദിത്തങ്ങൾ നിറവേറ്റുന്നതിലും റിഷബ് മറ്റ് നടന്മാരേക്കാൾ മുന്നിലാണ്. സിനിമയിൽ നടക്കുന്ന പൈറസിക്കെതിരെ സർക്കാരിന് പിന്തുണയറിയിക്കുകയാണ് ഇപ്പോൾ റിഷബ്.

'പൈറസി മൂലം സിനിമ വ്യവസായത്തിന് പ്രതിവർഷമുണ്ടാകുന്ന നഷ്ടം 20,000 കോടി രൂപയാണ്. അതുകൊണ്ടുതന്നെ സിനിമ പൈറസി തടയുന്നതിനുള്ള നടപടി സ്വീകരിക്കുന്നതിൽ പിന്തുണയറിയിക്കുന്നു', എന്നാണ് താരം പറഞ്ഞിരിക്കുന്നത്. നിരവധി സിനിമകളാണ് റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ഇന്റർനെറ്റിൽ എച്ച് ഡി ക്വാളിറ്റിയോടെ പുറത്തിറങ്ങുന്നത്. കഴിഞ്ഞ ദിവസം തമിഴ് ചിത്രം ലിയോ രണ്ടാമതും ചോർന്നതായി റിപ്പോർട്ടുകളെത്തിയിരുന്നു. ഇത് സിനിമയുടെ നിർമ്മാതാക്കൾ മുതൽ തിയേറ്റർ ഉടമകൾക്ക് വരെയുണ്ടാക്കുന്ന നഷ്ടം വളരെ വലുതാണ്.

അതേസമയം, പൈറസി പ്രശ്നം തടയാൻ ലക്ഷ്യമിട്ട് കർശന നടപടിയെടുക്കാൻ ഒരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് പൈറേറ്റഡ് കണ്ടന്റ് നീക്കം ചെയ്യാൻ ശേഷിയുള്ള സർക്കാർ നോഡൽ ഓഫീസർമാരെ നിയോഗിക്കാൻ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവായിരിക്കുകയാണ്. പാർലമെന്റിൽ പാസാക്കിയ സിനിമാട്ടോഗ്രാഫ് ഭേദഗതി ബിൽ 2023ന്‍റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

ഒരു നല്ല ഉള്ളടക്കങ്ങൾ നിർമ്മിക്കാൻ നിര്‍മ്മാതാക്കള്‍ ധാരാളം സമയവും ഊർജവും പണവും ചെലവഴിക്കുന്നു. എന്നാല്‍ അത് പൈറസി വഴി സ്വന്തമാക്കുന്നവര്‍ അത് ഒരു നിയന്ത്രണവും ഇല്ലാതെ പ്രചരിപ്പിക്കുന്നു. പ്രതിവർഷം 20,000 കോടി രൂപയുടെ നഷ്ടമാണ് ഇത് സിനിമ വ്യവസായത്തിനുണ്ടാകുന്നത്, ഇത് തടയാനാണ് ഈ തീരുമാനം എന്നാണ് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറയുന്നത്.

ഇൻഫർമേഷൻ ആന്റ് ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിലും സെൻട്രൽ ബ്യൂറോ ഓഫ് ഫിലിം സർട്ടിഫിക്കേഷനിലും (സിബിഎഫ്‌സി) 12 നോഡൽ ഓഫീസർമാരെ നിയമിച്ചിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. യൂട്യൂബ്, ടെലിഗ്രാം ചാനലുകൾ, വെബ്‌സൈറ്റുകൾ തുടങ്ങി എല്ലാ ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളും നോഡൽ ഓഫീസറിൽ നിന്ന് നിർദ്ദേശങ്ങൾ ലഭിച്ച് 48 മണിക്കൂറിനുള്ളിൽ പൈറേറ്റഡ് ഉള്ളടക്കമുള്ള ഇന്റർനെറ്റ് ലിങ്കുകൾ നീക്കം ചെയ്യണമെന്നാണ് ഐ ആൻഡ് ബി മന്ത്രാലയത്തിന്‍റെ പത്രകുറിപ്പ് പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com