'പ്രൊമോഷൻ നൽകാത്തതിനാല്‍ സിനിമ പരാജയപ്പെടുമെന്ന് ചിന്തിക്കാൻ സെൻസില്ലാത്ത ആളല്ല ഞാൻ';കുഞ്ചാക്കോ ബോബൻ

'എന്റേതല്ലാത്ത സിനിമകൾക്ക് പോലും പ്രൊമോഷൻ നൽകാൻ ഞാൻ മടികാണിക്കാറില്ല. കാരണം, സിനിമ കാണാൻ ആളെത്തിയാൽ എല്ലാവർക്കും മെച്ചമാണ്. പക്ഷെ ആ മേഖലയിൽ എല്ലാ കാര്യങ്ങളും മുൻകൂട്ടി തീരുമാനിച്ചത് പോലെയല്ല നടക്കുക'
കുഞ്ചാക്കോ ബോബൻ
കുഞ്ചാക്കോ ബോബൻ

നടൻ കുഞ്ചാക്കോ ബോബനെതിരെ 'പദ്മിനി' സിനിമയുടെ നിര്‍മ്മാതാവ് സുവിൻ കെ വർക്കി രം​ഗത്തെത്തിയത് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. 25 ദിവസത്തെ ഷൂട്ടിന് രണ്ടരക്കോടി രൂപ താരം പ്രതിഫലമായി വാങ്ങിയെന്നും എന്നിട്ടും ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികളിൽ സഹകരിച്ചില്ലെന്നുമാണ് സുവിൻ തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ആരോപിച്ചത്. സംഭവത്തിൽ കുഞ്ചാക്കോ ബോബൻ പ്രതികരിച്ചിരുന്നില്ല. എന്നാൽ വിവാദത്തിന്റെ പശ്ചാത്തലത്തിലോ നെ​ഗറ്റീവ് പബ്ലിസിറ്റി മൂലമോ അല്ല ഒരു സിനിമ ശ്രദ്ധിക്കപ്പെടേണ്ടത് എന്ന പൂർണബോധ്യം ഉള്ളതുകൊണ്ടാണ് താൻ ഇതേപ്പറ്റി അന്ന് മിണ്ടാതിരുന്നത് എന്ന് ചാക്കോച്ചൻ പറഞ്ഞു.

'പ്രൊമോഷൻ നൽകാത്തതിനാൽ അത് പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാൻ മാത്രം സെൻസില്ലാത്ത ആളല്ല താനെന്നും പ്രൊമോഷൻ പരിപാ‌ടികൾ പലപ്പോഴും പെട്ടന്ന് തീരുമാനിക്കുന്നതാണെന്നും നടൻ പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു വിവാദത്തെക്കുറിച്ച് കുഞ്ചാക്കോ ബോബൻ മനസു തുറന്നത്. ‌‌

'എന്റെ പടം വിജയിക്കേണ്ടത് മറ്റാരേക്കാളും എന്റെ ആവശ്യമാണ്. പ്രൊമോഷൻ നൽകാത്തതിനാൽ അത് പരാജയപ്പെട്ടോട്ടെ എന്ന് ചിന്തിക്കാൻ മാത്രം സെൻസില്ലാത്ത ആളല്ല ഞാൻ. എന്റേതല്ലാത്ത സിനിമകൾക്ക് പോലും പ്രൊമോഷൻ നൽകാൻ ഞാൻ മടികാണിക്കാറില്ല. കാരണം, സിനിമ കാണാൻ ആളെത്തിയാൽ എല്ലാവർക്കും മെച്ചമാണ്. പക്ഷെ ആ മേഖലയിൽ എല്ലാ കാര്യങ്ങളും മുൻകൂട്ടി തീരുമാനിച്ചത് പോലെയല്ല നടക്കുക,' നടൻ പറഞ്ഞു.

'പ്രൊമോഷൻ ഷൂട്ട് പലപ്പോഴും പെട്ടന്ന് തീരുമാനിക്കുന്നതാണ് . ആ സമയം ചിലപ്പോൾ സ്ഥലത്തുണ്ടാകാതിരിക്കുകയോ മറ്റ് ലോക്കേഷനിലായിരിക്കുകയോ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയോ ഒക്കെ ചെയ്തേക്കാം. ഈ മൂന്ന് കാര്യങ്ങളും വിവാദമുണ്ടായ ചിത്രത്തിന്റെ പ്രൊമോഷനിൽ സംഭവിച്ചു. ഞാൻ വിദേശത്തായിരുന്നു. ആരോ​​ഗ്യ പ്രശ്നങ്ങളും ഉണ്ടായിരുന്നു. എന്റെ സിനിമാ ജീവിതത്തിൽ ആദ്യമായി ഒരു പാട്ട് പാടുന്നതുപോലും ആ സിനിമയിലാണ്. ആ പാട്ടും വ്യത്യസ്തമായ ഒരു പ്രൊമോഷൻ തന്നെയാണ്. അത്തരത്തിൽ ഒരു ഫീൽഗുഡ് സിനിമ വിവാദത്തിന്റെ പശ്ചാത്തലത്തിലോ നെ​ഗറ്റീവ് പബ്ലിസിറ്റി മൂലമോ അല്ല ശ്രദ്ധിക്കപ്പെടേണ്ടത് എന്ന പൂർണബോധ്യം ഉള്ളതുകൊണ്ടാണ് ഞാൻ ഇതേപ്പറ്റി മിണ്ടാതിരുന്നത്,' കുഞ്ചക്കോ ബോബൻ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com