ഇന്ന് മാത്രം റിലീസാകുന്നത് ഏഴ് മലയാള സിനിമകൾ; മോളിവുഡ് ബോക്സ് ഓഫീസ് വീണ്ടും പ്രതിസന്ധിയിലാകുമോ?

എല്ലാ ആഴ്ചയും നാലോ അഞ്ചോ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോൾ അതിൽ ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കും വിജയ സാധ്യത
ഇന്ന് മാത്രം റിലീസാകുന്നത് ഏഴ് മലയാള സിനിമകൾ; മോളിവുഡ് ബോക്സ് ഓഫീസ് വീണ്ടും പ്രതിസന്ധിയിലാകുമോ?

ഒരു ദിവസം നിരവധി സിനിമകള്‍ റിലീസ് ചെയ്യുമ്പോൾ ഒരു സിനിമ പോലും ശ്രദ്ധിക്കപ്പെടില്ല എന്ന് നിർമ്മാതാക്കളും സംവിധായകരും ഒരുപോലെ ആശങ്ക പ്രകടിപ്പിച്ചിരുന്നതാണ്. എന്നാലിപ്പോൾ വീണ്ടും കൂട്ട റിലീസിലേക്ക് മോളിവുഡ് എത്തിയിരിക്കുന്നു. കഴിഞ്ഞ വെള്ളിയാഴ്ച അഞ്ച് മലയാള സിനിമകളാണ് റിലീസ് ചെയ്തതെങ്കിൽ ഈ വെള്ളിയാഴ്ച്ച റിലീസുകളുടെ എണ്ണം ഏഴാണ്. 'പാപ്പച്ചന്‍ ഒളിവിലാണ്', 'കൊറോണ ധവാന്‍', 'ഓളം', 'അനക്ക് എന്തിന്‍റെ കേടാ', 'പര്‍പ്പിള്‍ പോപ്പിന്‍സ്', 'നിള', 'കെങ്കേമം' എന്നിവയാണ് ഇന്ന് റിലീസിനെത്തുന്ന മലയാള സിനിമകൾ. ഹോളിവുഡിൽ നിന്നും 'മെഗ് 2'-വും ഇന്ന് റിലീസ് ചെയ്തു.

കൂട്ട റിലീസ് കൂട്ട ആത്മഹത്യ എന്ന രീതിയില്‍ കാണേണ്ടി വരുമെന്നായിരുന്നു നിർമ്മാതാവായ സി വി സാരഥി പറഞ്ഞത്. സന്തോഷം, പ്രണയ വിലാസം, ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്, പാതിരാക്കാറ്റ്, പള്ളിമണി, ബൂമറാംഗ്, ഏകന്‍, ഡിവോഴ്‌സ്, ഓഹ് മൈ ഡാര്‍ലിങ്‌സ്, ഒരണ എന്നീ ഒൻപത് മലയാള സിനിമകള്‍ ഫെബ്രുവരി 24-ന് റിലീസിനെത്തിയതിന് പിന്നാലെയാണ് കൂട്ട റിലീസുകൾക്കെതിരെ സിനിമ മേഖലയിൽ നിന്ന് ആശങ്ക ഉയർന്നത്.

എല്ലാ ആഴ്ചയും നാലോ അഞ്ചോ മലയാള ചിത്രങ്ങള്‍ റിലീസ് ചെയ്യുമ്പോൾ അതിൽ ഒന്നോ രണ്ടോ ചിത്രങ്ങള്‍ക്ക് മാത്രമായിരിക്കും വിജയ സാധ്യത. ഇതിൽ ശ്രദ്ധിക്കപ്പെടാതെ പോകുന്ന നല്ല സിനിമകളുമുണ്ടാകുമെന്നും അഭിപ്രായങ്ങളെത്തിയിരുന്നു. വിനോദ വ്യവസായത്തിന്റെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് കൂട്ട റിലീസുകൾ നിയന്ത്രിക്കണമെന്നായിരുന്നു അന്ന് സിനിമ മേഖലയിലുള്ളവർ പോലും അഭിപ്രായപ്പെട്ടത്. എന്നാൽ മാസങ്ങൾക്കിപ്പുറവും ഇതാവർത്തിക്കുന്ന നിലയാണ് കാണുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com