'നിങ്ങളുടെ ഓർമ്മ ഒരു നിധിയാണ്, ജീവിതം ഒരു അനുഗ്രഹവും'; എം ജി രാധാകൃഷ്ണനെ ഓർത്ത് കെ എസ് ചിത്ര

മലയാള ചലച്ചിത്ര ​ഗാനരം​ഗത്ത് മറക്കാനാകാത്ത സംഭാവനകൾ നൽകിയ സം​ഗീതജ്ഞന്റെ ജന്മവാർഷികമാണ് ഇന്ന്
'നിങ്ങളുടെ ഓർമ്മ ഒരു നിധിയാണ്, ജീവിതം ഒരു അനുഗ്രഹവും'; എം ജി രാധാകൃഷ്ണനെ ഓർത്ത് കെ എസ് ചിത്ര

പ്രശസ്ത സം​ഗീത സംവിധായകൻ എം ജി രാധാകൃഷ്ണനെ ഓർത്ത് കെ എസ് ചിത്ര. മലയാള ചലച്ചിത്ര ​ഗാനരം​ഗത്ത് മറക്കാനാകാത്ത സംഭാവനകൾ നൽകിയ സം​ഗീതജ്ഞന്റെ ജന്മവാർഷികമാണ് ഇന്ന്. 'നിങ്ങളുടെ ജീവിതം ഒരു അനുഗ്രഹമായിരുന്നു. നിങ്ങളുടെ ഓർമ്മ ഒരു നിധിയാണ്, വാക്കുകൾക്കതീതമായി നിങ്ങൾ സ്നേഹിക്കപ്പെട്ടു, തീരാനഷ്ടമായി മാറുകയും ചെയ്തു,' ചിത്ര ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തു.

സംഗീത സംവിധായകന്‍, കര്‍ണാടക സംഗീതജ്ഞന്‍, ലളിതഗാനങ്ങളുടെ ചക്രവര്‍ത്തി എന്നീ നിലകളിൽ എം ജി രാധാകൃഷ്ണൻ തന്റേതായ പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഗായകനായാണ് സിനിമയിലേക്ക് വന്നതെങ്കിലും സംഗീതസംവിധാനരംഗത്താണ് ഏറെ പ്രശസ്തനായത്. കള്ളിച്ചെല്ലമ്മയിലെ "ഉണ്ണി ഗണപതിയെ.." എന്നതായിരുന്നു സിനിമയിൽ ആദ്യമായി ആലപിച്ച ഗാനം. 1978ൽ പുറത്തിറങ്ങിയ ജി അരവിന്ദന്റെ 'തമ്പ്' ആയിരുന്നു രാധാകൃഷ്ണൻ സംഗീതസംവിധാനം നിർവ്വഹിക്കുന്ന ആദ്യ ചിത്രം. തുടർന്ന് വളരെയധികം സിനിമകൾക്ക് ഹൃദയസ്പർശിയായ ഗാനങ്ങൾ ചമച്ചു.

'ചാമരം', 'ഞാൻ ഏകനാണ്', 'ജാലകം', 'രാക്കുയിലിൻ രാഗസദസ്സിൽ', 'അയിത്തം', 'ദേവാസുരം', 'മണിച്ചിത്രത്താഴ്', 'അദ്വൈതം', 'മിഥുനം', 'അഗ്നിദേവന്‍', 'രക്തസാക്ഷികള്‍ സിന്ദാബാദ്', 'കണ്ണെഴുതി പൊട്ടുംതൊട്ട്' തുടങ്ങി എണ്‍പതിലധികം ചിത്രങ്ങള്‍ക്ക് അദ്ദേഹം ഗാനങ്ങള്‍ ഒരുക്കി. സംഗീത സംവിധാനത്തിന് 2001ല്‍ 'അച്ഛനെയാണെനിക്കിഷ്ടം' എന്ന ചിത്രത്തിനും 2006ല്‍ 'അനന്തഭദ്രം' എന്ന ചിത്രത്തിനും കേരള സംസ്ഥാന പുരസ്കാരം ലഭിച്ചു. കരള്‍രോഗത്തെ തുടര്‍ന്നു ചികിത്സയിലിരിക്കെ 2010 ജൂലൈ 2നാണ് അദ്ദേഹം അന്തരിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com