'തനി കാസര്‍കോടുകാരനായ കൊഴുമ്മല്‍ രാജീവന്‍'; കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പുരസ്‌കാരം

ഡീഗ്ലാമര്‍ ചെയ്ത്, നില്‍പ്പിലും നടപ്പിലും നോക്കിലും എന്തിന് സംസാരത്തില്‍ പോലും മാറ്റങ്ങള്‍. 'ദേവദൂതര്‍ പാടി...' ഗാനത്തിന്റെ താളത്തിനൊപ്പം മാത്രമല്ല, തിയേറ്ററില്‍ മുഴുവനും രാജീവന്റെ വരവ് ആഘോഷമാക്കുകയായിരുന്നു.
'തനി കാസര്‍കോടുകാരനായ കൊഴുമ്മല്‍ രാജീവന്‍'; കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പുരസ്‌കാരം

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം പ്രഖ്യാപിച്ചപ്പോള്‍ പ്രത്യേക ജൂറി പുരസ്‌കാരത്തി്‌ന്റെ തിളക്കത്തില്‍ കുഞ്ചാക്കോ ബോബന്‍. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയിലെ അഭിനയത്തിനാണ് കുഞ്ചാക്കോ ബോബന് പ്രത്യേക ജൂറി പുരസ്‌കാരം ലഭിച്ചത്. നേരത്തെ 2004-ല്‍ പുറത്തിറങ്ങിയ ഈ സ്‌നേഹതീരത്ത് എന്ന ചിത്രത്തിന് പ്രത്യേക ജൂറി പരാമര്‍ശം കുഞ്ചാക്കോ ബോബന് ലഭിച്ചിരുന്നു.

രതീഷ് ബാലകൃഷ്ണ പൊതുവാളിന്റെ സംവിധാനത്തിലൊരുങ്ങിയ സാമൂഹിക പ്രസക്തിയുള്ള ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. തനി കാസര്‍കോടുകാരനായി വളരെ സ്വാഭാവികതയോടെയാണ് കൊഴുമ്മല്‍ രാജീവന്‍ എന്ന കഥാപാത്രത്തെ കുഞ്ചാക്കോ ബോബന്‍ കൈകാര്യം ചെയ്തത്. ഒരിക്കല്‍ മോഷ്ടാവായിരുന്ന രാജീവന്‍ കോടതിയില്‍ സ്വന്തമായി കേസ് വാദിക്കുന്നു. കോടതി മുറിയിലെ പല പദങ്ങളും കേട്ടാലറിയാത്ത രാജീവന് കഴിഞ്ഞ കാലം കൊണ്ട് പഠിച്ച നിയമ വകുപ്പുകള്‍ മനഃപാഠമായി അത് തന്റെ രക്ഷയ്ക്കുള്ള പഴുതുകളാക്കി മാറ്റുന്നു. എവിടെയും അനുകമ്പ ചോദിച്ചു വാങ്ങാതെ തന്റെ നിരപരാധിത്തം തെളിയിക്കാനായി സ്വയം പോരാടുന്ന രാജീവനെ കണ്ടാല്‍ ഇതുവരെ മലയാളികള്‍ കണ്ട കുഞ്ചാക്കോ ബോബനെ പ്രേക്ഷകര്‍ മറന്നുപോകും.

ഡീഗ്ലാമര്‍ ചെയ്ത്, നില്‍പ്പിലും നടപ്പിലും നോക്കിലും എന്തിന് സംസാരത്തില്‍ പോലും മാറ്റങ്ങള്‍. 'ദേവദൂതര്‍ പാടി...' ഗാനത്തിന്റെ താളത്തിനൊപ്പം മാത്രമല്ല, തിയേറ്ററില്‍ മുഴുവനും രാജീവന്റെ വരവ് ആഘോഷമാക്കുകയായിരുന്നു.

പ്രണയ നായകന്‍ എന്ന് ടാഗ് ലൈനില്‍ നിന്ന് എല്ലാ വേഷങ്ങളും തനിക്ക് സാധിക്കും എന്ന് തെളിയിച്ച് നടനിലേക്കുള്ള വളര്‍ച്ചയ്ക്ക് പിന്നില്‍ അദ്ദേഹം സ്വയം കൊണ്ടുവന്ന മാറ്റങ്ങള്‍ വളരെ വലുതാണ്. അത് കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നതില്‍ നിന്ന് തുടങ്ങി ശരീര-സംസാര ഭാഷയില്‍ വരെ കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളിലുണ്ടായ വളര്‍ച്ച ചോക്ലൈറ്റ് ഹീറോ പട്ടത്തെ പടിക്കു പുറത്തുനിര്‍ത്തുന്നതാണ്. ക്യാരക്ടര്‍ റോളുകളെ മെച്ചപ്പെടുത്തിയും വില്ലന്‍ കഥാപാത്രത്തെ കൂടുതല്‍ വൈരംനിറഞ്ഞതാക്കിയും കുഞ്ചാക്കോ ബോബന്‍ രൂപാന്തരം പ്രാപിച്ചതിന്റെ പോസിറ്റീവ് റിസള്‍ട്ടാണ് കുഞ്ചാക്കോ ബോബന്റെ നേട്ടത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com