ഒൻപത് ഡാഷ് ലൈൻ മാപ്പ് കാണിച്ചു; 'ബാർബി' ചിത്രം നിരോധിച്ച് വിയറ്റ്നാം

ദക്ഷിണ ചൈനാ കടലിന് മേലുള്ള ചൈനയുടെ അധിനിവേശ രേഖകളാണ് മാപ്പിൽ കാണിക്കുന്നത്
ഒൻപത് ഡാഷ് ലൈൻ മാപ്പ് കാണിച്ചു; 'ബാർബി' ചിത്രം നിരോധിച്ച് വിയറ്റ്നാം

റിലീസിനൊരുങ്ങുന്ന ഹോളിവുഡ് ചിത്രം 'ബാർബി' വിയറ്റ്നാമിൽ നിരോധിച്ചു. ഒമ്പത് ഡാഷ് ലൈൻ മാപ്പ് കാണിച്ചതാണ് വിയറ്റ്നാം, ചിത്രം നിരോധിക്കാനുള്ള കാരണം. ദക്ഷിണ ചൈനാ കടലിന് മേലുള്ള ചൈനയുടെ അധിനിവേശ രേഖകളാണ് മാപ്പിൽ കാണിക്കുന്നത്.

ബ്രൂണെ, ഇന്തോനേഷ്യ, മലേഷ്യ, ഫിലിപ്പീൻസ്, തായ്‌വാൻ, വിയറ്റ്‌നാം എന്നീ രാജ്യങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖല എന്നറിയപ്പെടുന്നിടത്താണ് ചൈന അധിനിവേശം നടത്തിയിരിക്കുന്നത്. ഇത് തങ്ങളുടെ പരമാധികാരം ലംഘിക്കുന്നതാണെന്നാണ് വിയറ്റ്നാം വിശ്വസിക്കുന്നത്. വാർണർ ബ്രോസിന്റെ ബാർബി വിയറ്റ്നാമിലെ എല്ലാ പ്രദേശങ്ങളിലും നിരോധിച്ചിരിക്കുകയാണ്. ജൂലൈ 21നാണ് വിയറ്റ്നാമിൽ ചിത്രം റിലീസ് ചെയ്യാനിരുന്നത്.

ദേശീയ ഫിലിം ഇവാലുവേഷൻ കൗൺസിലാണ് നിരോധനം ഏർപ്പെടുത്തിയതെന്ന് സാംസ്കാരിക, കായിക, ടൂറിസം മന്ത്രാലയത്തിന് കീഴിലുള്ള വിയറ്റ്നാം സിനിമാ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടർ ജനറൽ വി കിൻ തൻ ഇന്ന് പറഞ്ഞു. ചൈനയുടെ വാദങ്ങളെ ശക്തമായി എതിർക്കുന്ന അയൽരാജ്യങ്ങളിൽ ഒന്നാണ് വിയറ്റ്നാം. ഈ രാജ്യങ്ങൾക്ക് ചൈനയുടേതുമായി കിടപിടിക്കുന്ന തരത്തിലുള്ള പ്രദേശിക അവകാശവാദങ്ങളുണ്ട്.

ഈ വിവാദ ഭൂപടത്തിന്റെ പേരിൽ വിയറ്റ്‌നാമിൽ നിരോധിക്കപ്പെടുന്ന ആദ്യ ചിത്രമല്ല ബാർബി. മുമ്പ്, ഡ്രീം വർക്ക്സിന്റെ ആനിമേറ്റഡ് ചിത്രമായ 'അബോമിനബിൾ', 'അൺചാർട്ടഡ്' സിനിമകളും 2019ലും 2022ലും നിരോധിച്ചിട്ടുണ്ട്. ആ പട്ടികയിലാണ് ഇപ്പോൾ ബാർബിയും എത്തിയിരിക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com