വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ

പിട്രോഡയുടെ വിവാദ പരാമർശത്തെ തള്ളി കോൺഗ്രസും രംഗത്ത് വന്നിരുന്നു.
വിവാദ പരാമർശം; ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവച്ച് സാം പിട്രോഡ

ഡൽഹി: വിവാദ പരാമർശത്തിന് പിന്നാലെ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ച് സാം പിട്രോഡ. മെയ് രണ്ടിന് ഇംഗ്ലീഷ് മാധ്യമമായ ദി സ്റ്റേറ്റ്‌സ്മാന് നല്‍കിയ അഭിമുഖത്തിനിടെ പിട്രോഡ നടത്തിയ പ്രസ്താവന വിവാദമായിരുന്നു. ഇന്ത്യയുടെ വൈവിധ്യങ്ങൾക്കിടയിലും ജനങ്ങൾ ഒന്നാണെന്ന് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു പിട്രോഡ. ഇന്ത്യയുടെ കിഴക്ക് ഭാഗത്തുള്ളവർ ചൈനക്കാരെപോലെയും, പടിഞ്ഞാറ് ഭാഗത്തുള്ളവർ അറബികളെപോലെയും, വടക്ക് ഭാഗത്തുള്ളവർ വെള്ളക്കാരെപോലെയും, തെക്ക് ഭാഗത്തുള്ളവർ ആഫ്രിക്കക്കാരെ പോലെയുമാണ് എന്ന പരാമർശമാണ് വിവാദമായത്.

പ്രസ്താവനയ്ക്കെതിരെ രൂക്ഷ വിമർശനവുമായി പ്രധാനമന്ത്രി രംഗത്തെത്തിയിരുന്നു. രാജ്യത്തെ നിറത്തിന്റെ പേരില്‍ വേർതിരിക്കുന്നതും അപമാനിക്കുന്നതും ഒരു തരത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നും ഇതിന് രാഹുല്‍ ഗാന്ധി മറുപടി പറയണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ ദ്രൗപതി മുർമുവിൻ്റെ സ്ഥാനാർത്ഥിത്വത്തെ കോൺഗ്രസ് എതിർത്തത് എന്തുകൊണ്ടാണെന്ന് തനിക്ക് ഇപ്പോഴാണ് മനസ്സിലായതെന്നും ദ്രൗപതി മുർമുവിന്റെ ചർമ്മം ഇരുണ്ടതാണ്, അതിനാൽ അവർ ആഫ്രിക്കക്കാരിയാണെന്ന് കരുതിയ കോണ്‍ഗ്രസ് അവരെ പരാജയപ്പെടുത്തണമെന്ന് ആഗ്രഹിച്ചിവെന്നും പ്രധാനമന്ത്രി വിമർശിച്ചു.

പിട്രോഡയുടെ വിവാദ പരാമർശത്തെ തള്ളി കോൺഗ്രസും രംഗത്ത് വന്നിരുന്നു. ഇതിനെ തുടർന്നാണ് സാം പിട്രോഡ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷസ്ഥാനം രാജിവെച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com