'അനന്തരവന്‍ ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല';  നിര്‍ണ്ണായക പ്രഖ്യാപനവുമായി മായാവതി

'അനന്തരവന്‍ ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല'; നിര്‍ണ്ണായക പ്രഖ്യാപനവുമായി മായാവതി

ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ നീക്കം ചെയ്തതാതി മായാവതി

ലക്‌നൗ: ബഹുജന്‍ സമാജ് പാര്‍ട്ടിയുടെ ദേശീയ കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും തന്റെ അനന്തരവന്‍ ആകാശ് ആനന്ദിനെ നീക്കം ചെയ്തതാതി മായാവതി അറിയിച്ചു. ആനന്ദിനെ തന്റെ 'രാഷ്ട്രീയ പിന്‍ഗാമി' സ്ഥാനത്തുനിന്നും നീക്കം ചെയ്തതായുള്ള സൂചന കൂടിയാണ് മായാവതിയുടെ പുതിയ പ്രഖ്യാപനം. ആനന്ദ് പൂര്‍ണ്ണ പക്വത കൈവരിക്കുന്നതുവരെ പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് താന്‍ തീരുമാനമെടുത്തതെന്ന് മായാവതി 'എക്സില്‍' കുറിച്ചു.

തന്റെ സഹോദരനും ആകാശ് ആനന്ദിന്റെ പിതാവുമായ ആനന്ദ് കുമാര്‍ ഈ ഉത്തരവാദിത്തങ്ങള്‍ പഴയതുപോലെ നിറവേറ്റുമെന്ന് മായാവതി പറഞ്ഞു. പാര്‍ട്ടി ഉത്തവാദിത്തത്തില്‍ നിന്നും 29 കാരനായ ആകാശ് ആനന്ദിനെ നീക്കം ചെയ്തതിന് പിന്നിലെ കൃത്യമായ കാരണം മായാവതി പരാമര്‍ശിച്ചില്ല. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് നടന്ന ദിവസത്തിലാണ് അവരുടെ അപ്രതീക്ഷിത തീരുമാനം.

'ബാബാ സാഹിബ് ഡോ. ഭീംറാവു അംബേദ്കറുടെ ആത്മാഭിമാനത്തിനു വേണ്ടിയുള്ള ഒരു പ്രസ്ഥാനം കൂടിയാണ് ബിഎസ്പി. ശ്രീ കാന്‍ഷി റാം ജിയും ഞാനും ഞങ്ങളുടെ മുഴുവന്‍ ജീവിതവും സമര്‍പ്പിച്ചിരിക്കുന്ന സാമൂഹിക മാറ്റത്തിനും. പുതിയ തലമുറയും അതിന് ഊര്‍ജം പകരാന്‍ തയ്യാറെടുക്കുകയാണ്' എന്ന് മായാവതി എക്‌സിലെ കുറിപ്പില്‍ പങ്കുവെച്ചു.

'ഈ ദിശയില്‍, പാര്‍ട്ടിയിലെ മറ്റ് ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം, ആകാശ് ആനന്ദിനെ ദേശീയ കോ-ഓര്‍ഡിനേറ്ററായും അദ്ദേഹത്തിന്റെ പിന്‍ഗാമിയായും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും വലിയ താല്‍പ്പര്യം കണക്കിലെടുത്ത്, ഈ രണ്ടില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കുകണ്. അവന്‍ പൂര്‍ണ്ണ പക്വത പ്രാപിക്കുന്നതുവരെ പ്രധാനപ്പെട്ട ഉത്തരവാദിത്തങ്ങളില്‍ നിന്ന് നീക്കം ചെയ്യുന്നു. എന്നാല്‍, ആനന്ദ് കുമാര്‍ പാര്‍ട്ടിയിലും പ്രസ്ഥാനത്തിലും പഴയതുപോലെ തന്റെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റും' എന്നും മായാവതി പോസ്റ്റിലൂടെ പങ്കുവെച്ചു.

ആകാശ് ആനന്ദ്; ബിഎസ്പിയിലെ കുതിപ്പും കിതപ്പും ഞൊടിയിടയില്‍

2019 ജൂണില്‍ നടന്ന ബിഎസ്പി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ലാണ് മായാവതി ആനന്ദിനെ പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററായി നിയമിച്ചത്. തുടര്‍ന്ന് പാര്‍ട്ടിയില്‍ അദ്ദേഹത്തിന്റെ വളര്‍ച്ച ദ്രുതഗതിയിലായിരുന്നു. ലണ്ടനില്‍ നിന്ന് എംബിഎ പൂര്‍ത്തിയാക്കിയ ആകാശ് ആനന്ദിനെ 2023ലാണ് മായാവതി തന്റെ രാഷ്ട്രീയ പിന്‍ഗാമിയായി പ്രഖ്യാപിച്ചതും. 2019 ഏപ്രില്‍ 16ന് ആഗ്രയിലെ കോതി മീന ബസാര്‍ ഗ്രൗണ്ടില്‍ നടന്ന ലോക്സഭാ പ്രചാരണത്തിനിടെയാണ് ആകാശ് തന്റെ ആദ്യ പ്രസംഗം നടത്തിയത്. ആദ്യ പ്രസംഗത്തില്‍ തന്നെ തന്റെ വാക്ചാതുര്യത്തിലൂടെ മുതിര്‍ന്ന സഖ്യ നേതാക്കളില്‍ നിന്നടക്കം പ്രീതി ആകാശ് നേടിയിരുന്നു.

തുടര്‍ന്ന് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ അടിത്തറ വിപുലപ്പെടുത്താനുള്ള ചുമതലയാണ് പാര്‍ട്ടി അദ്ദേഹത്തെ ഏല്‍പ്പിച്ചത്. എന്നാല്‍, തുടര്‍ന്ന് നടന്ന പല തിരഞ്ഞെടുപ്പ് പൊതുയോഗങ്ങളിലും എതിര്‍ പക്ഷത്തുള്ളവര്‍ക്കെതിരെ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചതിന് ആകാശിനെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2024ലെ സീതാപൂരിലെ ഒരു തിരഞ്ഞെടുപ്പ് റാലിയില്‍ ആക്ഷേപകരമായ ഭാഷ ഉപയോഗിച്ചുവെന്നാരോപിച്ച് മറ്റ് നാല് പേര്‍ക്കൊപ്പം മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ആകാശ് ആനന്ദിനെതിരെ കേസെടുത്തു. 'ബിജെപി സര്‍ക്കാര്‍ ഒരു തീവ്രവാദ സര്‍ക്കാറാണെന്നും അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ അത്തരമൊരു സര്‍ക്കാരാണ് നടത്തുന്നത്' എന്ന ആകാശിന്റെ പ്രസംഗം ഏറെ രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരുന്നു.

ഇതിനിടെ ആകാശ് ആനന്ദിനെ പാര്‍ട്ടി കോഓര്‍ഡിനേറ്റര്‍ സ്ഥാനത്തുനിന്നും നീക്കിയ രീതി ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് നേതാവ് സുരേന്ദ്ര സിങ് രാജ്പുത് എ്രതികരിച്ചു. ബിജെപിയുടെ സമ്മര്‍ദത്തെ തുടര്‍ന്നാണോ നിങ്ങള്‍ ഈ നടപടി സ്വീകരിച്ചതെന്ന് കോണ്‍ഗ്രസ് ചോദിച്ചു. പാര്‍ട്ടിയുടെ ആഭ്യന്തര കാര്യമാണെങ്കിലും ഇക്കാര്യത്തില്‍ വിശദീകരണം നല്‍കണമെന്നാണ് കോണ്‍ഗ്രസ് പക്ഷം.

'അനന്തരവന്‍ ആകാശ് രാഷ്ട്രീയ പിന്‍ഗാമിയല്ല';  നിര്‍ണ്ണായക പ്രഖ്യാപനവുമായി മായാവതി
എസ്എസ്എല്‍സി പരീക്ഷാഫലം ഇന്ന്; പ്രഖ്യാപനം 3 മണിക്ക്

എന്നാല്‍, ആകാശിനെ പുറത്താക്കിയ നടപടിയില്‍ മായാവതിയെ പരിഹസിച്ച് മുതിര്‍ന്ന ബിജെപി നേതാവ് രാകേഷ് ത്രിപാഠി രംഗത്തെത്തി. 'ഒരു സ്വകാര്യ ലിമിറ്റഡ് ഓര്‍ഗനൈസേഷന്‍ പോലെയാണ് മായാവതി പാര്‍ട്ടി നടത്തുന്നത്, അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഏത് തീരുമാനവും എടുക്കാം. ആകാശ് ആനന്ദിന്റെ നിരുത്തരവാദപരമായ പരാമര്‍ശങ്ങളും ബിജെപിക്കെതിരായ അദ്ദേഹത്തിന്റെ പ്രസ്താവനകളും കാരണം രോഷം ഉണ്ടായിരുന്നു. ജനങ്ങള്‍ക്കിടയില്‍ ബിഎസ്പിക്കെതിരെ രോഷമുണ്ട്. അതുകൊണ്ടാണ് മായാവതി തന്റെ അനന്തരവനെ പാര്‍ട്ടിയുടെ ദേശീയ കോര്‍ഡിനേറ്ററെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിവാക്കിയതെന്നും ബിജെപി പ്രതികരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com