ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, ന്യൂനപക്ഷങ്ങളുടെ എണ്ണം വര്‍ധിച്ചു: ഇഎസി-പിഎം

ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞപ്പോള്‍, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധ, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചെന്നും പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്ത്യയില്‍ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞു, ന്യൂനപക്ഷങ്ങളുടെ എണ്ണം   വര്‍ധിച്ചു: ഇഎസി-പിഎം

ന്യൂഡല്‍ഹി: രാജ്യത്ത് ഭൂരിപക്ഷ മതവിഭാഗമായ ഹിന്ദുക്കളുടെ എണ്ണം കുത്തനെ കുറഞ്ഞതായി പഠന റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതി (ഇഎസി-പിഎം) നടത്തിയ പഠനത്തില്‍, 1950-നും 2015-നും ഇടയില്‍ ഹിന്ദുക്കളുടെ ജനസംഖ്യാ വിഹിതം 7.8% കുറഞ്ഞതായി പറയുന്നു. അതേസമയം അയല്‍ രാജ്യങ്ങളില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ ജനസംഖ്യാ വിഹിതം വര്‍ധിച്ചതായും പഠനത്തിലുണ്ട്. ഇന്ത്യയില്‍ ഹിന്ദു ജനസംഖ്യ കുറഞ്ഞപ്പോള്‍, മുസ്ലീം, ക്രിസ്ത്യന്‍, ബുദ്ധര്‍, സിഖ് തുടങ്ങിയ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വര്‍ദ്ധിച്ചു. അതേസമയം ജൈനരുടെയും പാഴ്‌സികളുടെയും എണ്ണം കുറഞ്ഞു.

1950 നും 2015 നും ഇടയില്‍, ഇന്ത്യയിലെ മുസ്ലീം ജനസംഖ്യാ വിഹിതം 43.15% വര്‍ദ്ധിച്ചു. ക്രിസ്ത്യാനികളില്‍ 5.38% വര്‍ദ്ധനയും സിഖുകാരില്‍ 6.58% വര്‍ദ്ധനയും ബുദ്ധമതക്കാരുടെ എണ്ണത്തില്‍ നേരിയ വര്‍ദ്ധനവും രേഖപ്പെടുത്തി. ഇന്ത്യയിലെ ജനസംഖ്യയില്‍ ഹിന്ദുക്കളുടെ പങ്ക് 1950-ല്‍ 84% ആയിരുന്നത് 2015-ല്‍ 78% ആയി കുറഞ്ഞു, അതേസമയം മുസ്ലിങ്ങളുടേത് 9.84% ല്‍ നിന്ന് 14.09% ആയി വര്‍ധിച്ചു. മ്യാന്‍മറില്‍ ഭൂരിപക്ഷ വിഭാഗത്തിന്റെ എണ്ണത്തിലുണ്ടായ ഇടിവ് കഴിഞ്ഞാല്‍ രണ്ടാമതായി ഇടിവ് രേഖപ്പെടുത്തിയ രാജ്യം ഇന്ത്യയാണ്.

2024 മെയ് മാസത്തില്‍ പുറത്തിറക്കിയ ഈ പഠനം ലോകത്തെ 167 രാജ്യങ്ങളിലെ ജനസംഖ്യയെ അടിസ്ഥാനമാക്കിയുള്ളതാണ്. അതേസമയം പാകിസ്ഥാന്‍, ബംഗ്ലദേശ് എന്നിവിടങ്ങളില്‍ ഭൂരിപക്ഷ വിഭാഗമായ മുസ്ലീങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ട്. ബംഗ്ലാദേശില്‍ മുസ്ലിങ്ങളുടെ എണ്ണത്തില്‍ 18.5% വര്‍ധനയുണ്ടായി, തൊട്ടുപിന്നാലെ പാകിസ്ഥാന്‍ (3.75%), അഫ്ഗാനിസ്ഥാന്‍ (0.29%) എന്നീ രാജ്യങ്ങളും വര്‍ധന കാണിക്കുന്നുണ്ട്. മാലിദ്വീപില്‍, ഭൂരിപക്ഷ വിഭാഗമായ ഷാഫി സുന്നികളുടെ ജനസംഖ്യാ വിഹിതം 1.47% കുറഞ്ഞിരിക്കുകയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com