ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ വീഴുമോ?സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു, കേവലഭൂരിപക്ഷമില്ല

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ അടക്കം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് എംഎല്‍എമാര്‍ പ്രഖ്യാപനം നടത്തിയത്.
ഹരിയാനയില്‍ ബിജെപി സര്‍ക്കാര്‍ വീഴുമോ?സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു, കേവലഭൂരിപക്ഷമില്ല

ചണ്ഡീഗഢ്: ഹരിയാനയിലെ ബിജെപി സര്‍ക്കാര്‍ പ്രതിസന്ധിയില്‍. സര്‍ക്കാരിനുള്ള പിന്തുണ മൂന്ന് സ്വതന്ത്രര്‍ പിന്‍വലിച്ചു. സോംബിര്‍ സാങ്വാന്‍, രണ്‍ധീര്‍ ഗൊല്ലന്‍, ധരംപാല്‍ ഗോണ്ടര്‍ എന്നിവരാണ് പിന്തുണ പിന്‍വലിച്ചത്. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുമെന്നും എംഎല്‍എമാര്‍ പ്രതികരിച്ചു.

മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഭൂപീന്ദര്‍ സിംഗ് ഹൂഡ അടക്കം പങ്കെടുത്ത വാര്‍ത്താസമ്മേളനത്തിലാണ് എംഎല്‍എമാര്‍ പ്രഖ്യാപനം നടത്തിയത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉദയ് ഭാനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. കര്‍ഷകപ്രശ്‌നം അടക്കം നിരവധി വിഷയങ്ങള്‍ തീരുമാനത്തിന് പിന്നിലുണ്ടെന്നും എംഎല്‍എമാര്‍ പറഞ്ഞു.

90 അംഗ നിയമസഭയില്‍ ഇതോടെ സര്‍ക്കാരിന്റെ അംഗസംഖ്യ 42 ആയി കുറഞ്ഞു. കോണ്‍ഗ്രസിനെ പിന്തുണക്കുന്ന എംഎല്‍എമാരുടെ എണ്ണം 34 ആയി. ബിജെപി സര്‍ക്കാരിന് നേരത്തെ ജെജെപിയുടെയും സ്വതന്ത്രരുടെയും പിന്തുണയുണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ രണ്ടും നഷ്ടമായെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ പറഞ്ഞു. ഇതോടെ നയാബ് സിംഗ് സൈനി സര്‍ക്കാരിന് കേവല ഭൂരിപക്ഷം നഷ്ടപ്പെട്ടു. മുഖ്യമന്ത്രി ഉടന്‍ രാജിവെക്കണം. ഒരു മിനിറ്റ് പോലും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com