അഞ്ചാം ക്ലാസില്‍ കയ്യിലേറ്റ അടിയുടെ പാട് ദിവസങ്ങളോളം മറച്ചുവെച്ചു; ചീഫ് ജസ്റ്റിസ്

'അടിയുടെ പാട് പിന്നിട് മാഞ്ഞെങ്കിലും മനസ്സില്‍ ആ പാട് മായാതെ നിന്നു'
അഞ്ചാം ക്ലാസില്‍ കയ്യിലേറ്റ അടിയുടെ പാട്  ദിവസങ്ങളോളം മറച്ചുവെച്ചു; ചീഫ് ജസ്റ്റിസ്

ന്യൂഡല്‍ഹി: അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോളുണ്ടായ അനുഭവം പങ്കുവെച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. ക്രാഫ്റ്റ് ക്ലാസിലേക്കു സൂചി കൊണ്ടുപോകാത്തതിന് അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോള്‍ തനിക്ക് കിട്ടിയ അടിയുണ്ടാക്കിയ മാനസികാഘാതത്തെ കുറിച്ചാണ് ചീഫ് ജസ്റ്റിസ് വെളിപ്പെടുത്തിയത്. കയ്യില്‍ അടിക്കേണ്ട, പിന്‍ഭാഗത്ത് അടിച്ചോളൂ എന്ന് ടീച്ചറോടു താനന്ന് അപേക്ഷിച്ചിട്ടും കാര്യമുണ്ടായില്ലെന്ന് ചീഫ് ജസ്റ്റിസ് പറയുന്നു. 'തുടര്‍ന്ന് കയ്യിലേറ്റ അടിയുടെ പാട് ദിവസങ്ങളോളം മറച്ചുവെച്ചു. നാണക്കേടുകാരണം വീട്ടില്‍ പോലും പറഞ്ഞിട്ടില്ല'. ബാലനീതി വിഷയത്തില്‍ നേപ്പാള്‍ സുപ്രീംകോടതി കാഠ്മണ്ഡുവില്‍ നടത്തിയ സെമിനാറിലാണ് ചീഫ് ജസ്റ്റിസ് തന്റെ കുട്ടിക്കാലത്തെ അനുഭവം പങ്കുവെച്ചത്. ഇത്തരം ശിക്ഷകളിലൂടെ കുട്ടികളില്‍ ഉണ്ടാകുന്ന മാനസിക പ്രശ്‌നങ്ങളെ കുറിച്ച് അദ്ദേഹം സെമിനാറില്‍ വിശദീകരിച്ചു.

കയ്യിലേറ്റ അടിയുടെ പാട് പിന്നിട് മാഞ്ഞെങ്കിലും മനസ്സില്‍ ആ പാട് മായാതെ നിന്നു. ഇപ്പോഴും ജോലി ചെയ്യുമ്പോള്‍ ആ സംഭവം ഓര്‍മവരും. 14 വയസ്സുകാരിയായ അതിജീവിത ഗര്‍ഭഛിദ്രം ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹരജി സമര്‍പ്പിച്ച കാര്യങ്ങളടക്കം പരാമര്‍ശിച്ച് ബാലനീതിയുടെ കാര്യത്തില്‍ രാജ്യം നേരിടുന്ന വെല്ലുവിളികളെ കുറിച്ച് അദ്ദേഹം സെമിനാറില്‍ സംസാരിച്ചു. കുട്ടികളെ ക്രൂരമായി ശാരീരികമായി ശിക്ഷിക്കുന്നത് ഇന്ന് സാധാരണമല്ലെങ്കില്‍ മുമ്പ് ഇത്തരത്തിലുള്ള രീതി യാഥാര്‍ഥ്യമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം ശിക്ഷാ രീതികള്‍ ജീവിതകാലം മുഴുവന്‍ കുട്ടികളിലുണ്ടാക്കുന്ന മാനസികാഘാതം വലുതാണ്. നിയമപരമായ തര്‍ക്കങ്ങളില്‍ പെടുന്ന കുട്ടികളുടെ പരാധീനതകളും അവര്‍ക്ക് നിയമം നല്‍കുന്ന പരിരക്ഷയെ സംബന്ധിച്ചും സമൂഹം ബോധവാന്‍മാരാകേണ്ടതുണ്ട്. ഗ്രാമങ്ങളിലടക്കം അപര്യാപ്തമായ അടിസ്ഥാന സൗകര്യങ്ങളും വിഭവങ്ങളുടെയും വെല്ലുവിളി കുട്ടികളുടെ വളര്‍ച്ചക്കു വിഘാതമാകുന്നുണ്ട്. രാജ്യത്തെ നിലാവരമില്ലാത്ത ജുവൈനല്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ പ്രായപൂര്‍ത്തിയാകാത്ത കുറ്റവാളികള്‍ക്ക് ശരിയായ പിന്തുണയും പുനരധിവാസവും നല്‍കുന്നതിനും തടസ്സം സൃഷ്ടിക്കുകയാണെന്നും ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.

അഞ്ചാം ക്ലാസില്‍ കയ്യിലേറ്റ അടിയുടെ പാട്  ദിവസങ്ങളോളം മറച്ചുവെച്ചു; ചീഫ് ജസ്റ്റിസ്
മാസപ്പടി കേസ്: മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ അന്വേഷണം വേണമെന്ന ഹര്‍ജി, ഇന്ന് പരിഗണിക്കും

Related Stories

No stories found.
logo
Reporter Live
www.reporterlive.com