ബാര്‍ അസോസിയേഷന്‍ ഭാരവാഹികളിലെ മൂന്നിലൊന്ന് വനിതാ സംവരണം; പരീക്ഷണാടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി

വനിതാ ഭാരവാഹി സംവരണം വരുന്ന തെരഞ്ഞെടുപ്പ് മുതല്‍ തന്നെ നടപ്പാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്
ബാര്‍ അസോസിയേഷന്‍ ഭാരവാഹികളിലെ മൂന്നിലൊന്ന് വനിതാ സംവരണം; പരീക്ഷണാടിസ്ഥാനത്തിലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സുപ്രീം കോടതി ബാര്‍ അസോസിയേഷന്‍ ഭാരവാഹികളിലെ മൂന്നിലൊന്ന് വനിതാ സംവരണം പരീക്ഷണാടിസ്ഥാനത്തിലെന്ന് വ്യക്തത വരുത്തി സുപ്രീം കോടതി. സംവരണ പരിഷ്‌കാരം നടപ്പിലാക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കില്‍ അറിയിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി. വനിതാ ഭാരവാഹി സംവരണം വരുന്ന തെരഞ്ഞെടുപ്പ് മുതല്‍ തന്നെ നടപ്പാക്കണമെന്നും സുപ്രീം കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെവി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ബാര്‍ അസോസിയേഷന്‍ ആവശ്യപ്രകാരം മെയ് രണ്ടിലെ ഉത്തരവിലാണ് സുപ്രീം കോടതി വ്യക്തത വരുത്തിയത്.

2024 മെയ് 16ന് നടക്കുന്ന തെരഞ്ഞെടുപ്പിലും ഈ സംവരണം ബാധകമാക്കുമെന്ന് ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ വി വിശ്വനാഥന്‍ എന്നിവരുടെ ബെഞ്ച് മെയ് രണ്ടിന് പുറപ്പെടുവിച്ച ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ ജയ്ദീപ് ഗുപ്ത, റാണാ മുഖര്‍ജി, മീനാക്ഷി അറോറ എന്നിവരടങ്ങുന്ന സമിതിയില്‍ എല്ലാ കാര്യങ്ങളിലും അന്തിമ തീരുമാനം ഉണ്ടാകും. ഇതിന് പുറമെ വരുന്ന തിരഞ്ഞെടുപ്പില്‍ എസ്സിബിഎയുടെ ട്രഷറര്‍ സ്ഥാനം ഒരു വനിതാ സ്ഥാനാര്‍ത്ഥിക്ക് സംവരണം ചെയ്യണമെന്നും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരുന്നു.

സുപ്രീം കോടതി ഉത്തരവിന് പിന്നാലെ മെയ് ഏഴിന് 'അടിയന്തര പൊതുയോഗം' വിളിക്കുന്ന ഒരു പ്രമേയം അഭിഭാഷക സമിതി പാസാക്കിയിരുന്നു. സുപ്രീം കോടതി ഈ ഉത്തരവ് പാസാക്കേണ്ട സാഹചര്യം നിലവിലില്ലെന്ന് പ്രമേയത്തില്‍ ചൂണ്ടിക്കാണിച്ചിരുന്നു. ബാര്‍ അസോസിയേഷന്‍ നിയമങ്ങളിലെ സുവോ മോട്ടോ ഭേദഗതിയുടെ രാജ്യവ്യാപകമായ അനന്തരഫലങ്ങള്‍ ചര്‍ച്ച ചെയ്യുകയും തുടര്‍നടപടികള്‍ തീരുമാനിക്കുകയും ചെയ്യുക എന്നതായിരുന്നു യോഗത്തിന്റെ ലക്ഷ്യമെന്നും പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു.

വിഷയത്തില്‍ വ്യക്തത വരുത്തിയ സുപ്രീം കോടതി ഉത്തരവില്‍ അഭിഭാഷക സമിതി മെയ് ഏഴിന് നടത്താന്‍ തീരുമാനിച്ചിരുന്ന അടിയന്തര യോഗം റദ്ദാക്കിയതായും പറഞ്ഞിട്ടുണ്ട്. ഇതോടെ ചൊവ്വാഴ്ച തീരുമാനിച്ചിരുന്ന യോഗം നടക്കില്ല.

അഭിഭാഷക സമിതി ഭാരവാഹികള്‍ അടിയന്തര യോഗം വിളിക്കുന്നത് വാക്കാല്‍ പരാമര്‍ശിച്ചതിനെ തുടര്‍ന്നാണ് ഉത്തരവില്‍ ഈ വിഷയവും പരാമര്‍ശിക്കപ്പെട്ടത്. ഉത്തരവിന് സാധുതയുണ്ടോ ഇല്ലയോ എന്ന് പ്രഖ്യാപിക്കാന്‍ ജനറല്‍ ബോഡി വിളിക്കുകയാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ പ്രവീണ്‍ എച്ച് പരേഖ് തുടക്കത്തില്‍ സൂചിപ്പിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com