'അമ്പത് ശതമാനം മാത്രം സംവരണമെന്ന മാനദണ്ഡം എടുത്ത് കളയും,ആവശ്യമായ സംവരണം അനുവദിക്കും';രാഹുല്‍ ഗാന്ധി

ആദിവാസികള്‍ക്കെതിരായ അക്രമത്തിന്റെ വാര്‍ത്തകളൊന്നും മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു
'അമ്പത് ശതമാനം മാത്രം സംവരണമെന്ന മാനദണ്ഡം എടുത്ത് കളയും,ആവശ്യമായ സംവരണം അനുവദിക്കും';രാഹുല്‍ ഗാന്ധി

രത്‌ലം: ജാതി അടിസ്ഥാനമാക്കിയുള്ള സംവരണം 50 ശതമാനം കടക്കാന്‍ പാടില്ലെന്ന സുപ്രീം കോടതി മാനദണ്ഡം കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ എടുത്തുമാറ്റുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ദളിത്, പിന്നാക്ക, ഗോത്ര സമുദായങ്ങളില്‍ നിന്നുള്ളവരുടെ സംവരണ തോത് വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഈ തിരഞ്ഞെടുപ്പ് ഭരണഘടനയെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. ബിജെപിക്കും ആര്‍എസ്എസിനും അത് ഇല്ലാതാക്കണം, മാറ്റിയെഴുതണമെന്നാണ്. കോണ്‍ഗ്രസും ഇന്‍ഡ്യ മുന്നണി ഭരണഘടന സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ഭരണഘടന നിങ്ങള്‍ക്ക് ജല, വന, ഭൂവകാശം എന്നിവ തന്നു. നരേന്ദ്രമോദിക്കത് മാറ്റണം. അദ്ദേഹത്തിന് മുഴുവന്‍ അധികാരവും വേണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

'ബിജെപി നേതാക്കള്‍ അവര്‍ വിജയിച്ചാല്‍ ഭരണഘടന മാറ്റുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. അത് കൊണ്ടാണ് അവര്‍ '400 സീറ്റുകള്‍' എന്ന മുദ്രാവാക്യം ഉയര്‍ത്തുന്നത്. പക്ഷെ നിങ്ങള്‍ 400 സീറ്റുകള്‍ എന്നത് മറന്നേക്കൂ. പക്ഷെ 150 സീറ്റുകള്‍ പോലും കിട്ടാന്‍ പോകുന്നില്ല. അവര്‍ പറയുന്നു സംവരണം അവസാനിപ്പിക്കുമെന്ന്. ഇവിടെ നിന്ന് ഞാന്‍ പറയുന്നു. ഞങ്ങള്‍ 50 ശതമാനത്തിന് അപ്പുറത്തേക്ക് സംവരണം ഉയര്‍ത്തുമെന്ന്. ദരിദ്രര്‍ക്കും പിന്നാക്കകാര്‍ക്കും ദളിതുകള്‍ക്കും ആദിവാസികള്‍ക്കും ആവശ്യമായത്രയും സംവരണം നല്‍കും.', രാഹുല്‍ ഗാന്ധി പറഞ്ഞു.

ആദിവാസികള്‍ക്കെതിരായ അക്രമത്തിന്റെ വാര്‍ത്തകളൊന്നും മാധ്യമങ്ങള്‍ നല്‍കുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.' നിങ്ങളുടെ കുഞ്ഞുങ്ങള്‍ പീഡിപ്പിക്കപ്പെടുന്നു. നിങ്ങളുടെ ഭൂമി തട്ടിയെടുക്കുന്നു. പക്ഷെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല. അതിനൊരു കാരണമുണ്ട്. ആദിവാസികളാരും മാധ്യമ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നില്ല എന്നതിനാലാണ്.', രാഹുല്‍ ഗാന്ധി പറഞ്ഞു.

രാജ്യത്തെ നയിക്കുന്നത് 90 ഉന്നത ഉദ്യോഗസ്ഥരാണ്. അവരാണ് ബഡ്ജറ്റിനനുസരിച്ചുള്ള വിഭവങ്ങള്‍ വിതരണം ചെയ്യുന്നത്. ഈ 90ല്‍ ആദിവാസി വിഭാഗത്തില്‍ നിന്ന് ഒരാളാണുള്ളത്. മൂന്നാളാണ് പിന്നാക്ക വിഭാഗത്തില്‍ നിന്നും ദളിത് വിഭാഗങ്ങളില്‍ നിന്നും ഉള്ളത്. കോര്‍പ്പറേറ്റ് ലോകത്തോ മാധ്യമങ്ങളിലോ അവരില്ല. നമുക്കിത് മാറ്റണം. അത് കൊണ്ടാണ് ഞങ്ങള്‍ ഒരു ജാതി സെന്‍സസും സാമ്പത്തിക സര്‍വേയും നടത്താന്‍ തീരുമാനിച്ചതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com