മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും; ജനവിധി തേടുന്നവരിൽ അമിത് ഷായും

ഗുജറാത്ത് നിലനിർത്താം എന്ന് ബിജെപി കണക്ക് കൂട്ടുമ്പോൾ കർണാടക പിടിച്ചെടുക്കാം എന്നാണ് കോൺഗ്രസ് പ്രതീക്ഷ.
മൂന്നാം ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം ഇന്നവസാനിക്കും; ജനവിധി തേടുന്നവരിൽ അമിത് ഷായും

ഡൽഹി: മൂന്നാം ഘട്ട ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. 94 ലോക്സഭ മണ്ഡലങ്ങളാണ് മൂന്നാം ഘട്ടത്തിൽ വിധി എഴുതുന്നത്. ഗുജറാത്ത് നിലനിർത്താം എന്ന് ബിജെപി കണക്ക് കൂട്ടുമ്പോൾ കർണാടക പിടിച്ചെടുക്കാം എന്നാണ് കോൺഗ്രസ് പ്രതീക്ഷ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വൈകിട്ട് അയോധ്യ സന്ദർശിക്കും.

സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും അടക്കം 12 ഇടത്തെ 94 മണ്ഡലങ്ങളിൽ കഴിഞ്ഞ ഒരു മാസം നീണ്ടു നിന്നത് വാശിയേറിയ പ്രചാരണമാണ്. കോൺഗ്രസിന് എതിരെ മുസ്ലിം പ്രീണനവും പാകിസ്ഥാൻ ബന്ധവും എല്ലാം പ്രധാനമന്ത്രിയും ബിജെപിയും പ്രചാരണമാക്കിയപ്പോൾ പ്രജ്വൽ രേവണ്ണയുടെ ലൈംഗിക അതിക്രമവും കേന്ദ്ര ഏജൻസികളുടെ വേട്ടയാടലുമാണ് രാഹുൽ ഗാന്ധിയും കോൺഗ്രസും ചർച്ചയാക്കിയത്. ഗുജറാത്തിലെ മുഴുവൻ മണ്ഡലങ്ങളും കർണാടകയിലെ അവശേഷിക്കുന്ന 14 മണ്ഡലങ്ങളും ഗോവയിലെ രണ്ട് മണ്ഡലങ്ങളും മൂന്നാം ഘട്ടത്തിൽ വിധിയെഴുതും. മഹാരാഷ്ട്രയിൽ 11, ഉത്തർപ്രദേശിൽ 10 സീറ്റുകളിലും തെരഞ്ഞെടുപ്പ് നടക്കും. ജമ്മു കശ്മീരിലെ അനന്ത്നാഗ്– രജൗറി മണ്ഡലത്തിൽ തിരഞ്ഞെടുപ്പ് മേയ് എഴിൽ നിന്ന് മേയ് 25ലേക്ക്‌ മാറ്റിയിട്ടുണ്ട്. ബിഎസ്പി സ്ഥാനാർത്ഥി മരിച്ചതിനെ തുടർന്ന് മാറ്റിവെച്ച മധ്യപ്രദേശിലെ ബെറ്റുല സീറ്റിലെ തിരഞ്ഞെപ്പും മൂന്നാം ഘട്ടത്തിൽ നടക്കും.

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, കെ എസ് ഈശ്വരപ്പ, കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, ഡിംപിൾ യാദവ്, ശിവരാജ് സിംഗ് ചൗഹാൻ, സുപ്രിയ സുലെ തുടങ്ങിയ പ്രമുഖർ മൂന്നാം ഘട്ടത്തിൽ മത്സരരംഗത്തുണ്ട്. സൂറത്തിൽ ബിജെപി സ്ഥാനാർഥി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

2019ൽ 72 സീറ്റുകളിലും വിജയം ബിജെപിക്ക് ഒപ്പമായിരുന്നു. 4 എണ്ണം മാത്രമാണ് കോൺഗ്രസിന് നേടാൻ കഴിഞ്ഞത്. 94 ൽ ഇത്തവണയും 42 ഇടത്ത് ബിജെപി വിജയം സുനിശ്ചിതം എന്നാണ് വിലയിരുത്തൽ. കർണാടക അടക്കമുള്ള ഇടങ്ങളിൽ വൻ അട്ടിമറികൾ കോൺഗ്രസ് അവകാശപ്പെടുന്നു. ആദ്യ രണ്ട് ഘട്ടങ്ങളിലും പോളിംഗ് ശതമാനം കുറഞ്ഞതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ആശങ്കയിലുമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com