'അജ്മൽ കസബിന് ജയിലിൽ ബിരിയാണി നൽകിയെന്ന് നുണ പറഞ്ഞു'; ബിജെപി സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ്

മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ നിലവിലെ എംപി പൂനം മഹാജനെ മാറ്റിയാണ് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നിഗത്തിനെ ബിജെപി മത്സരരംഗത്തിറക്കിയത്
'അജ്മൽ കസബിന് ജയിലിൽ ബിരിയാണി നൽകിയെന്ന് നുണ പറഞ്ഞു'; ബിജെപി സ്ഥാനാർത്ഥിക്കെതിരെ കോൺഗ്രസ്

മുംബൈ: മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മൽ കസബിന് ജയിലില്‍ ബിരിയാണി നല്‍കിയെന്ന് നുണ പറഞ്ഞ അഭിഭാഷകന്‍ ഉജ്ജ്വല്‍ നിഗത്തിനെ മുംബൈ നോര്‍ത്ത് സെന്‍ട്രലില്‍ സ്ഥാനാര്‍ത്ഥിയാക്കിയതിനെ വിമര്‍ശിച്ച് എഐസിസി വക്താവ് സുപ്രിയ ശ്രീനേറ്റ്. മുംബൈ നോര്‍ത്ത് സെന്‍ട്രലിലെ നിലവിലെ എംപി പൂനം മഹാജനെ മാറ്റിയാണ് മുന്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായ ഉജ്ജ്വല്‍ നിഗത്തിനെ ബിജെപി മത്സരരംഗത്തിറക്കിയത്. ഇതിന് പിന്നാലെയാണ് വിമര്‍ശനവുമായി കോണ്‍ഗ്രസ് രംഗത്തെത്തിയത്. മുംബൈ ഭീകരാക്രമണ കേസിലെ പ്രതി അജ്മല്‍ കസബിന് ബിരിയാണി നല്‍കിയെന്ന ഉജ്ജ്വല്‍ നിഗത്തിന്റെ നുണ നേരത്തെ പൊളിഞ്ഞതാണ്. അദ്ദേഹം തന്നെ ആ നുണ സമ്മതിച്ചതാണെന്നും സുപ്രിയ ചൂണ്ടിക്കാണിച്ചു. മുംബൈ നോർത്ത് സെൻട്രലിലെ കോൺഗ്രസ് സ്ഥാനാർത്ഥി വർഷ ഗെയ്ക്ക്വാദിനെ വിജയിപ്പിച്ച് ജനങ്ങൾ ബിജെപിക്ക് മറുപടി നൽകണമെന്നും കോൺഗ്രസ് വക്താവ് ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ബിജെപി പുറമെ നിന്ന് സ്ഥാനാര്‍ത്ഥികളെ ഇറക്കുമതി ചെയ്യുകയാണെന്നും കോണ്‍ഗ്രസ് വക്താവ് ആരോപിച്ചു. മുംബൈ നോര്‍ത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ കേന്ദ്രമന്ത്രി പിയൂഷ് ഗോയലിന് മുംബൈയിലെ തദ്ദേശവാസികളായ മുക്കുവരുടെ മണം ഇഷ്ടമല്ലെന്നും സുപ്രിയ വിമര്‍ശിച്ചു. രാജ്യത്തെ രാഷ്ട്രീയ സാഹചര്യം പ്രധാനമന്ത്രിക്കെതിരായി തിരിഞ്ഞിരിക്കുകയാണെന്നും കോണ്‍ഗ്രസ് വക്താവ് ചൂണ്ടിക്കാണിച്ചു. കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ നടപ്പിലാക്കുമെന്ന് പറഞ്ഞ് നുണകള്‍ പ്രചരിക്കുകയാണ് നരേന്ദ്ര മോദി. കഴിഞ്ഞ പത്ത് വര്‍ഷമായി നല്ലതൊന്നും ചെയ്യാത്ത ബിജെപി കോണ്‍ഗ്രസിനെക്കുറിച്ചും രാഹുല്‍ ഗാന്ധിയെക്കുറിച്ചും മാത്രം സംസാരിച്ചുകൊണ്ടിരിക്കുകയാണെന്നും സുപ്രിയ കുറ്റപ്പെടുത്തി.

ഇതിനിടെ കോണ്‍ഗ്രസ് നേതാവ് വിജയ് വെഡേറ്റിവാറിന്റെ, മുംബൈ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെക്കുറിച്ചും മുംബൈ പൊലീസിനെക്കുറിച്ചുമുള്ള പരാമര്‍ശത്തെ വിമര്‍ശിച്ച് മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഏക്‌നാഥ് ഷിന്‍ഡെ രംഗത്തെത്തി. നേരത്തെ ഉജ്ജ്വല്‍ നിഗത്തിനെ രാജ്യദ്രോഹിയെന്ന് വിജയ് വെഡേറ്റിവാര്‍ ആക്ഷേപിച്ചിരുന്നു. ഉജ്ജ്വല്‍ നിഗം വിവരങ്ങള്‍ മറച്ച് വെച്ചില്ലായിരുന്നെങ്കില്‍ അന്നത്തെ എടിഎസ് തലവന്‍ ഹേമന്ദ് കര്‍ക്കറെ അജ്മല്‍ കസബ് വേടിയേറ്റ് മരിക്കില്ലായിരുന്നെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. കര്‍ക്കറെ ആര്‍എസ്എസുകാരനായ പൊലീസുകാരന്റെ വെടിയേറ്റാണ് കൊല്ലപ്പെട്ടതെന്ന ആക്ഷേപവും വിജയ് ഉയര്‍ത്തിയിരുന്നു. വിരമിച്ച പൊലീസ് ഉദ്യോഗസ്ഥന്‍ എസ് എം മുഷ്‌റിഫിന്റെ ഹൂ കില്‍ഡ് കര്‍ക്കറെ എന്ന ബുക്കിനെ അടിസ്ഥാനപ്പെടുത്തിയായിരുന്നു കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം.

വിജയ് വെഡേറ്റിവാറിനെ കസ്റ്റഡിയിലെടുത്ത് എന്തുകൊണ്ടാണ് മുംബൈ ഭീകരാക്രമണക്കേസിലെ പ്രതി അജ്മല്‍ കസബിനെ എന്‍ഐഎ പ്രതിരോധിക്കുന്നതെന്ന് അന്വേഷിക്കണമെന്ന് ഇതിന് പിന്നാലെ ശിവസേന ഷിന്‍ഡെ വിഭാഗം ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രസ്താവനയിലൂടെ ശിവസേന ഷിന്‍ഡെ വിഭാഗം കുറ്റപ്പെടുത്തി.

ഉജ്ജ്വല്‍ നിഗമിനെതിരായ കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനകള്‍ ബിജെപിയും ശിവസേന ഷിന്‍ഡെ വിഭാഗവും ആയുധമാക്കിയിരിക്കുകയാണ്. ഉജ്ജ്വല്‍ നിഗത്തെ രാജ്യദ്രോഹി എന്ന് വിളിച്ച കോണ്‍ഗ്രസ് പാക്കിസ്ഥാന്‍ അനുകൂലികളാണ് എന്ന മുദ്രാവാക്യമുയര്‍ത്തി യുവമോര്‍ച്ച പ്രതിഷേധവും സംഘടിപ്പിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com