അമേഠിയില്‍ രാഹുലെന്ന് സൂചന, മണ്ഡലത്തില്‍ പോസ്റ്ററുകള്‍ എത്തിക്കുന്നു

നാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ ഉണ്ടാകുമെന്നും സൂചനയുണ്ട്
അമേഠിയില്‍ രാഹുലെന്ന് സൂചന, മണ്ഡലത്തില്‍ പോസ്റ്ററുകള്‍ എത്തിക്കുന്നു

ന്യൂഡല്‍ഹി: കോണ്‍ഗ്രസിന്റെ നിര്‍ണായക മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ രാഹുല്‍ ഗാന്ധി തന്നെ മത്സരിച്ചേക്കുമെന്ന് സൂചന. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാരെന്ന കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ ചിത്രമുള്ള പോസ്റ്ററുകള്‍ മണ്ഡലത്തിലെത്തിക്കുന്നുവെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാത്രിയോ നാളെ രാവിലെയോ പ്രഖ്യാപനമുണ്ടായേക്കുമെന്നാണ് വിവരം.

നാളെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ റോഡ് ഷോ ഉണ്ടാകുമെന്നും സൂചനയുണ്ട്. റോഡ് ഷോയ്ക്ക് ശേഷം നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചേക്കും. നാളെയാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും അമേഠിയിലെയും റായ്ബറേലിയിലെയും സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ഇന്ന് ചര്‍ച്ച നടത്തിയിരുന്നു.

ഗൗരിഗഞ്ചിലെ കോണ്‍ഗ്രസ് ഓഫീസിലടക്കം രാഹുല്‍ ഗാന്ധിയുടെ ചിത്രം അടങ്ങിയ പ്രചാരണ ബോര്‍ഡുകള്‍ എത്തിച്ചിട്ടുണ്ട്. സമാജ്‌വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെയടക്കമുള്ളവരുടെ ചിത്രങ്ങളും പോസ്റ്ററിലുണ്ട്. എന്നാല്‍ റായ്ബറേലില്‍ ആര് മത്സരിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അനിശ്ചിതത്വം തുടരുകയാണ്.

അഞ്ചാം ഘട്ടത്തില്‍ മെയ് 20ന് വോട്ടെടുപ്പ് നടക്കുന്ന അമേഠിയിലും റായ്ബറേലിയിലും നാമനിര്‍ദേശ പത്രിക നല്‍കാനുള്ള സമയം നാളെ അവസാനിക്കുകയാണ്. ഇരു നേതാക്കളും മത്സരിക്കുന്നതിനെ ചുറ്റിപ്പറ്റി ചര്‍ച്ചകള്‍ നീണ്ടതോടെയാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം അവസാന മണിക്കൂറിലേക്ക് നീണ്ടത്. രാഹുലും പ്രിയങ്കയും തന്നെ മത്സരിക്കാന്‍ വരണമെന്ന് യുപിയിലെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.

മത്സരിക്കാന്‍ തീരുമാനിച്ചാല്‍ രാഹുലിനും കോണ്‍ഗ്രസിനും മുന്നില്‍ കടമ്പകള്‍ നിരവധിയാണ്. രണ്ടാഴ്ച കൊണ്ട് മണ്ഡലത്തില്‍ പ്രചാരണം നടത്തി കളം പിടിക്കണം. അതേസമയം വരാനിരിക്കുന്ന മൂന്ന് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണവുമായി മറ്റ് സംസ്ഥാനങ്ങളില്‍ സജീവമാകാനും കഴിയില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com