ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും

റായ്‌ബറേലിയില്‍ ദിനേശ് പ്രതാപ് സിങ്ങിനെയും ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു
ബ്രിജ് ഭൂഷണ്‍ സിങ്ങിന് സീറ്റ് നിഷേധിച്ച് ബിജെപി; പകരം മകൻ കരണ്‍ ഭൂഷണ്‍ സിങ്ങിനെ മത്സരിപ്പിക്കും

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൈസര്‍ഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ മുന്‍ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിന് പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. കൈസര്‍ഗഞ്ചില്‍ മത്സരിക്കണമെന്ന ബ്രിജ് ഭൂഷന്റെ ആവശ്യം നിരാകരിച്ചാണ് ബിജെപി കരണ്‍ ഭൂഷനെ സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയതില്‍ ആരോപണവിധേയനാണ് ബ്രിജ് ഭൂഷണ്‍ സിങ്ങ്.

നിലവില്‍ കൈസര്‍ഗഞ്ചിലെ സിറ്റിങ്ങ് എംപിയായ ബ്രിജ് ഭൂഷണ്‍ സിങ്ങ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും സിങ്ങിനെതിരെ നടപടി സ്വീകരിച്ചിരുന്നു. മുന്‍കൂട്ടി അനുമതിയില്ലാതെ മണ്ഡലത്തില്‍ പ്രകടനം നടത്തിയതിനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കുടുംബാംഗങ്ങളെയോ മകനെയോ മത്സരിപ്പിക്കാമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മത്സരിക്കുമെന്ന കടുത്ത നിലപാടിലായിരുന്നു ബ്രിജ് ഭൂഷണ്‍ സിങ്ങ്.

ബ്രിജ് ഭൂഷണ്‍ നേരത്തെ ബല്‍റാംപൂര്‍, ഗോണ്ട ലോക്‌സഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചിട്ടുണ്ട്. 1996ല്‍ ടാഡ നിയമപ്രകാരം ബ്രിജ് ഭൂഷണ്‍ ജയിലിലായപ്പോള്‍ ഭാര്യ കെത്കി സിങ്ങ് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മകന്‍ പ്രതീക് വര്‍ദ്ധന്‍ സിങ്ങ് എംഎല്‍എയാണ്.

റായ്‌ബറേലിയില്‍ ദിനേശ് പ്രതാപ് സിങ്ങിനെയും ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചു. 2019ല്‍ റായ്ബറേലിയില്‍ സോണിയ ഗാന്ധിക്കെതിരെ മത്സരിച്ചതും ദിനേശ് പ്രതാപ് സിങ്ങായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com