രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ചു; വിവാദത്തിലായി കര്‍ണാടക മന്ത്രി

'ഇത്രയും വൃത്തികെട്ടയാളെ നമ്മൾ ഈ രാജ്യത്ത് കണ്ടിട്ടില്ല. ലോക റെക്കോർഡ് ഇട്ടുകളയാമെന്നാകും അയാൾ കരുതിയിരിക്കുക.'
രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ചു; വിവാദത്തിലായി കര്‍ണാടക മന്ത്രി

ബെംഗളുരു: ലൈം​ഗികാതിക്രമക്കേസ് നേരിടുന്ന ഹസ്സൻ എംപി പ്രജ്വൽ രേവണ്ണയെ ശ്രീകൃഷ്ണനോട് ഉപമിച്ച് വിവാദത്തിലായി കർണാടക എക്സൈസ് മന്ത്രി രാമപ്പ തിമ്മപ്പുർ. ഭക്തികൊണ്ട് സ്ത്രീകളാൽ ചുറ്റപ്പെട്ട ശ്രീകൃഷ്ണനെ മറികടക്കാനാണ് പ്രജ്വൽ രേവണ്ണ ആഗ്രഹിക്കുന്നതെന്നായിരുന്നു രാമപ്പയുടെ വിവാദ പരാമർശം. 'ഇത്രയും വൃത്തികെട്ടയാളെ നമ്മൾ ഈ രാജ്യത്ത് കണ്ടിട്ടില്ല. ലോക റെക്കോർഡ് ഇട്ടുകളയാമെന്നാകും അയാൾ കരുതിയിരിക്കുക. ശ്രീകൃഷ്ണന് ചുറ്റും സ്ത്രീകളുണ്ടായിരുന്നത് അവരുടെ ഭക്തി കാരണമാണ്, ഈ രീതിയിലല്ല. പ്രജ്വൽ രേവണ്ണയ്ക്ക് കൃഷ്ണന്റെ റോക്കോർഡ് മറികടക്കണമായിരിക്കും' - എന്നാണ് രാമപ്പ പറ‍ഞ്ഞത്.

സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിക്കുകയും അത് തന്റെ ഫോണിൽ റെക്കോർ‍ഡ് ചെയ്യുകയും ചെയ്തെന്ന കേസിൽ പ്രതിയാണ് ജെഡിഎസ് നേതാവും എച്ച് ഡി ദേവ​ഗൗഡയുടെ കൊച്ചുമകനുമായ പ്രജ്വൽ രേവണ്ണ. ഏപ്രിൽ 28 ന് 47കാരി രേവണ്ണയ്ക്കെതിരെ പരാതി നൽകി. തന്നെയും മകളെയും ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. പിന്നാലെ കൂടുതൽ സ്ത്രീകൾ ഇയാൾക്കെതിരെ രം​ഗത്തെത്തി. ഏപ്രിൽ 30 ന് രേവണ്ണയെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തു.

70 ലേറെ സ്ത്രീകളുടെ ദൃശ്യങ്ങൾ പകർത്തിയ 3000ഓളം വീഡിയോ ക്ലിപ്പുകൾ രേവണ്ണയുടെ കൈവശമുണ്ടെന്നാണ് ആരോപണം.എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം ഈ ആരോപണങ്ങൾ അന്വേഷിക്കും. നിലവിൽ പ്രചരിക്കുന്ന വീഡിയോകളിൽ ഉത്തരാവിദിത്തം ആർക്കാണെന്നും സംഘം അന്വേഷിക്കും. അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ ആവശ്യപ്പെട്ട് രേവണ്ണയുടെ കുടുംബത്തിന് നോട്ടീസ് അയച്ചിട്ടുണ്ട്.

ഏപ്രിൽ 27ന് രാജ്യം വിട്ട പ്രജ്വൽ രേവണ്ണ, താൻ ബെം​ഗളുരുവിൽ ഇല്ലെന്നും അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ സാധിക്കില്ലെന്നും അഭിഭാഷകർ മുഖാന്തിരം ഇക്കാര്യം അന്വേഷണ ഉദ്യോ​ഗസ്ഥരെ അറിയിച്ചിട്ടുണ്ടെന്നും മെയ് ഒന്നിന് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ അറിയിച്ചിരുന്നു. സത്യം വൈകാതെ തെളിയിക്കപ്പെടുമെന്നും പുറത്തുവരുമെന്നും ഇയാൾ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com