പ്രജ്വൽ രേവണ്ണയെ പുറത്താക്കും

പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു.
പ്രജ്വൽ രേവണ്ണയെ പുറത്താക്കും

ബെംഗളൂരു:ലൈംഗിക പീഡനക്കേസിൽ പ്രതിയായ കർണാടക ഹാസൻ എംപി പ്രജ്വൽ രേവണ്ണയെ പാർട്ടിയിൽ നിന്ന് പുറത്താക്കും. ജെഡി(എസ്) കോർ കമ്മിറ്റി യോഗം നാളെ ചേരും. ഹുബ്ബള്ളിയിലാണ് യോഗം നടക്കുന്നത്. യോഗത്തിൽ അച്ചടക്ക നടപടി ചർച്ചയാകും

പ്രജ്വല്‍ രേവണ്ണക്കെതിരെ ലൈംഗികാതിക്രമത്തിന് കേസെടുത്തിരുന്നു. 2019മുതല്‍ 2022വരെ പല തവണ പ്രജ്വല്‍ പീഡിപ്പിച്ചെന്ന് യുവതി നല്‍കിയ പരാതിയിലാണ് കേസ് എടുത്തിരിക്കുന്നത്. ഹൊലനരാസിപൂര്‍ പൊലീസ് സ്റ്റേഷനിലാണ് പ്രജ്വലിനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജെഡിഎസ് അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയുടെ ചെറുമകനാണ് പ്രജ്വല്‍.

പ്രജ്വലിന്റേതെന്ന പേരില്‍ സമൂഹമാധ്യമത്തില്‍ അശ്ലീല വീഡിയോകള്‍ പ്രചരിച്ചതിനു പിന്നാലെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. കൂടുതല്‍ സ്ത്രീകള്‍ പരാതിയുമായി രംഗത്തെത്തുമെന്നാണ് സൂചന. അതേസമയം വീഡിയോകൾ പുറത്തുവന്നതിനു പിന്നാലെ പ്രജ്വല്‍ ജര്‍മ്മനിയിലേക്ക് കടന്നുകളഞ്ഞതായാണ് ലഭിക്കുന്ന വിവരം. ജർമനിയിലെ ഫ്രാങ്ക്ഫർട്ടിലേക്കാണ് പ്രജ്വൽ പോയതെന്നാണ് സൂചന. എന്നാൽ ഈ വിവരം ജെഡിഎസ് സ്ഥിരീകരിച്ചിട്ടില്ല.

വിഷയത്തില്‍ നടപടിയെടുക്കണമെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ പുറത്തുവന്ന വീഡിയോകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രത്യേക സംഘത്തെ നിയമിച്ചു. ലഭിച്ച പരാതി അന്വേഷണത്തിനായി സംഘത്തിന് കൈമാറും. വോട്ടെടുപ്പിന് അടുത്ത ദിവസമാണ് മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടത്. എന്നാൽ അതിന് മുൻപ് തന്നെ പ്രജ്വൽ രാജ്യം വിട്ടിരുന്നു.

അതേസമയം വീഡിയോ വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ച് പ്രജ്വലിന്റെ പോളിങ് ഏജന്റ് പൊലീസിൽ പരാതി നൽകി. എന്നാൽ പ്രജ്വലിനെതിരായ ലൈം​ഗികാരോപണത്തിൽ ഒന്നും പറയാനില്ലെന്നായിരുന്നു ബിജെപിയുടെ നിലപാട്. പ്രചരിക്കുന്ന വിഡിയോ ദൃശ്യത്തെ കുറിച്ചോ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച അന്വേഷണത്തിലോ പാർട്ടിക്ക് ഒന്നും ചെയ്യാനില്ലെന്നാണ് സംസ്ഥാന ബിജെപി വക്താവ് എസ് പ്രകാശ് പ്രതികരിച്ചത്. ഹാസനിൽ രണ്ടാംഘട്ട വോട്ടെടുപ്പി‌ലാണ് പോളിങ് ‌നടന്നത്. ഇതിനു രണ്ടുദിവസം മുൻപായിരുന്നു വീഡിയോ പുറത്തുവന്നത്. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിലാണ് പ്രജ്വൽ മണ്ഡലത്തിൽ വിജയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com