'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി ഡല്‍ഹി പൊലീസിനെ ഉപയോഗിക്കുകയാണെന്ന് രേവന്ത് റെഡ്ഡി
'അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചു'; 
രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്

ന്യൂഡല്‍ഹി: തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് ഡല്‍ഹി പൊലീസിന്റെ നോട്ടീസ്. റെഡ്ഡിയുടെ വീട്ടിലെത്തിയാണ് നോട്ടീസ് നല്‍കിയത്. അമിത് ഷായുടെ വ്യാജ വീഡിയോ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് പൊലീസിന്റെ നടപടി. തെലങ്കാന കോണ്‍ഗ്രസിന്റെ ഔദ്യോഗിക 'എക്‌സ്' പേജിലാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, ഭയന്നിരിക്കില്ലെന്നും മോദി ഡല്‍ഹി പൊലീസിനെ ഉപയോഗിച്ച് ഭയപ്പെടുത്തുകയാണെന്നും റെഡ്ഡി പറഞ്ഞു. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും മുസ്ലീങ്ങള്‍ക്കുള്ള നാല് ശതമാനം സംവരണം ബിജെപി നീക്കം ചെയ്യുമെന്ന് ഷാ നേരത്തെ പറഞ്ഞിരുന്നു.

എന്നാല്‍, എസ്സി, എസ്ടി ഉള്‍പ്പെടെയുള്ള എല്ലാ സംവരണങ്ങളും നീക്കം ചെയ്യുമെന്ന് മോദി പറയുന്നതായി തോന്നിപ്പിക്കുന്ന വീഡിയോ പ്രചരിപ്പിച്ചതെന്നാണ് പൊലീസിന്റെ നോട്ടീസില്‍ പറയുന്നത്. കൂടാതെ, എക്സില്‍ വീഡിയോ പോസ്റ്റ് ചെയ്തതിന് ഗുവാഹത്തിയില്‍ നിന്നുള്ള ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അസം പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ രണ്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പും പൊലീസ് പിടിച്ചെടുത്തു.

ഡല്‍ഹി പൊലീസ് ഉദ്യോഗസ്ഥര്‍ ഹൈദരാബാദിലെ കോണ്‍ഗ്രസ് ആസ്ഥാനമായ ഗാന്ധിഭവനിലെത്തിയതായി കോണ്‍ഗ്രസ് നേതാവ് ടി ജയപ്രകാശ് റെഡ്ഡി പറഞ്ഞു. കോണ്‍ഗ്രസിന്റെ തെലങ്കാന ഘടകം അധ്യക്ഷന്‍ കൂടിയായ രേവന്ത് റെഡ്ഡി ഇന്ന് കര്‍ണാടകയില്‍ പ്രചാരണത്തിനെത്തിയപ്പോഴാണ് പൊലീസ് ഹൈദരബാദിലെത്തി നോട്ടീസ് നല്‍കിയത്.

തിരഞ്ഞെടുപ്പ് വിജയത്തിനായി ബിജെപി ഇപ്പോള്‍ ഡല്‍ഹി പൊലീസിനെ ഉപയോഗിക്കുകയാണെന്ന് ഗുല്‍ബര്‍ഗയില്‍ നടന്ന റാലിയില്‍ രേവന്ത് റെഡ്ഡി ആരോപിച്ചു. ബിജെപി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, ആദായനികുതി വകുപ്പ്, സിബിഐ എന്നിവയെ തിരഞ്ഞെടുപ്പില്‍ വിജയിപ്പിക്കാന്‍ ഇതുവരെ ഉപയോഗിച്ചു. ഇപ്പോള്‍ ഡല്‍ഹി പൊലീസിനെയും ഉപയോഗിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com