വയനാട് വിജയിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിച്ചു: നരേന്ദ്രമോദി

'ഇന്ത്യയിലെ രാജാക്കന്മാരെ രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചു'
വയനാട് വിജയിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിനെ കൂട്ടുപിടിച്ചു: നരേന്ദ്രമോദി

ബെംഗളൂരു: വയനാട് മണ്ഡലത്തില്‍ വിജയിക്കാന്‍ രാജ്യവിരുദ്ധ സംഘടനയായ പോപ്പുലര്‍ ഫ്രണ്ടിനെ കോണ്‍ഗ്രസ് കൂട്ടുപിടിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയിലെ രാജാക്കന്മാരെ സ്വേച്ഛാധിപതികള്‍ എന്ന് രാഹുല്‍ ഗാന്ധി അധിക്ഷേപിച്ചുവെന്നും ഛത്രപതി ശിവജി അടക്കമുള്ളവരെയാണ് അപമാനിച്ചതെന്നും മോദി ആരോപിച്ചു. കര്‍ണാടകയിലെ ബല്‍ഗാവില്‍ നടന്ന തിരഞ്ഞെടുപ്പ് പൊതുയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്ഷേത്രങ്ങള്‍ തകര്‍ത്ത ഔറംഗസേബിന്റെ അതിക്രമങ്ങള്‍ കോണ്‍ഗ്രസിന് ഓര്‍മയില്ല. ഇന്ത്യയിലെ രാജാക്കന്മാര്‍ക്കെതിരെയുള്ള പ്രസ്താവന വോട്ട് ബാങ്കിനെ സ്വാധീനിക്കാനുള്ളതാണ്. കോണ്‍ഗ്രസ് പ്രീണനത്തിന് മാത്രമാണ് മുന്‍തൂക്കം നല്‍കുന്നത്. വോട്ടുബാങ്ക് മാത്രമാണ് അവരുടെ ലക്ഷ്യം.

രാജ്യത്തിന്റെ ഓരോ നേട്ടങ്ങളെ കുറിച്ചും ഭാരതീയര്‍ അഭിമാനിക്കുമ്പോള്‍ 'ഇന്‍ഡ്യ' സഖ്യം മാത്രമാണ് അതിനെ പുച്ഛിക്കുന്നത്. ഓരോ വര്‍ഷം കഴിയുന്തോറും ഇന്ത്യ മറ്റു രാജ്യങ്ങള്‍ക്കൊപ്പം കരുത്താര്‍ജ്ജിച്ചു വരികയാണ്. ഇതില്‍ ഭാരതീയര്‍ അഭിമാനിക്കുന്നു. 'ഇന്‍ഡ്യ' സംഖ്യത്തിന് ദേശീയ താല്‍പ്പര്യമില്ല. കേന്ദ്ര സര്‍ക്കാര്‍ വികസനം നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ കോണ്‍ഗ്രസ് അതിന് തടയിടുകയാണെന്നും മോദി കുറ്റപ്പെടുത്തി.

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടമായ മേയ് ഏഴിന് കര്‍ണാടകയിലെ 14 മണ്ഡലങ്ങളിലാണ് പോളിങ്ങ്. ഇതിന്റെ പ്രചരണാര്‍ഥമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com