വിവി പാറ്റ് കേസ്; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

'ഇന്‍ഡ്യ' സഖ്യത്തിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നുവെന്ന് മോദി
വിവി പാറ്റ് കേസ്; സുപ്രീം കോടതി വിധി സ്വാഗതം ചെയ്ത് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: വിവി പാറ്റ് കേസിലെ സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മുഴുവന്‍ വിവി പാറ്റ് രസീതുകളും എണ്ണാനാകില്ലെന്നായിരുന്നു കോടതിയുടെ ഉത്തരവ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ വോട്ടുകള്‍ക്കൊപ്പം മുഴുവന്‍ വിവിപാറ്റ് രസീതുകളും എണ്ണണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ച് തള്ളിയിരുന്നു.

ഇന്‍ഡ്യ മുന്നണി ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെ കുറിച്ച് തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചെന്ന് മോദി ആരോപിച്ചു. 'ഇന്‍ഡ്യ' സഖ്യത്തിന്റെ സ്വപ്നങ്ങള്‍ തകര്‍ന്നു. അവര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് കനത്ത തിരിച്ചടിയേറ്റെന്നും മോദി പറഞ്ഞു. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിന്റെ പ്രവര്‍ത്തനങ്ങള്‍ സുതാര്യമായതിനാല്‍ മുഴുവന്‍ വിവിപാറ്റുകളും എണ്ണേണ്ടതില്ലെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ അറിയിച്ച നിലപാട്.

ഇത് തിരഞ്ഞെടുപ്പ് ഫലം വൈകിപ്പിക്കുമെന്നും കമ്മീഷന്റെ വാദമുണ്ടായിരുന്നു. കമ്മീഷന്റെ വാദം അംഗീകരിച്ചായിരുന്നു കോടതി വിധി. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വത്തിന് സാധ്യതയുള്ളതിനാല്‍ വിവിപാറ്റ് രസീതുകള്‍ എണ്ണേണ്ടത് അനിവാര്യമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍, അന്ധമായി ഒരു സംവിധാനത്തെയും തടസ്സപ്പെടുത്തരുതെന്ന് ഹര്‍ജി തള്ളിയ കോടതി ഉത്തരവില്‍ സൂചിപ്പിച്ചു. ഇലക്‌ട്രോണിക് മെഷീന്റെ സുതാര്യതയെ ആദ്യഘട്ടത്തിലേ പ്രതിപക്ഷം ചോദ്യം ചെയ്തിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com