ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: രണ്ടാം ഘട്ടം സമാധാനപരം, ഭേദപ്പെട്ട പോളിങ്

കേരളം കൂടാതെ രാജസ്ഥാൻ, യുപി ,മഹാരാഷ്ട്ര , മധ്യപ്രദേശ്, ബിഹാർ, അസം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ ത്രിപുര, ജമ്മു കശ്മീർ ,മണിപ്പൂർ സംസ്ഥാനങ്ങളിലെ 68 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്
ലോക്‌സഭാ തിരഞ്ഞെടുപ്പ് 2024: രണ്ടാം ഘട്ടം സമാധാനപരം, ഭേദപ്പെട്ട പോളിങ്

ന്യൂഡല്‍ഹി: കേരളമൊഴികെ രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്ന മറ്റ് പന്ത്രണ്ട് സംസ്ഥാനങ്ങളിലും ഭേദപ്പെട്ട പോളിഗ് ആണ് രേഖപ്പെടുത്തിയത്. അന്തിമ കണക്കുകൾ വൈകുമെങ്കിലും 2019 നേക്കാൾ പോളിഗ് ശതമാനം കുറയനാണ് സാധ്യത . സമാധാനപരമായിരുന്നു രണ്ടാം ഘട്ട തെരഞ്ഞെടുപ്പ്.

കേരളം കൂടാതെ രാജസ്ഥാൻ, യുപി ,മഹാരാഷ്ട്ര , മധ്യപ്രദേശ്, ബിഹാർ, അസം, ഛത്തീസ്ഗഡ്, പശ്ചിമ ബംഗാൾ ത്രിപുര, ജമ്മു കശ്മീർ ,മണിപ്പൂർ സംസ്ഥാനങ്ങളിലെ 68 സീറ്റുകളിലേക്കാണ് രണ്ടാം ഘട്ടത്തിൽ തിരഞ്ഞെടുപ്പ് നടന്നത്. ഒന്നാം ഘട്ടത്തിന് സമാനമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പോളിങിനെ കനത്ത ചൂട് ബാധിച്ചു. എങ്കിലും ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയെന്നാണ് ഒടുവിലെ കണക്കുകൾ.

ഒറ്റ സീറ്റിലേക്ക് മാത്രം തിരഞ്ഞെടുപ്പ് നടന്ന ത്രിപുര, മണിപ്പൂർ എന്നിവിടങ്ങളിലായിരുന്നു ഏറ്റവും ഉയർന്ന പോളിഗ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, രാജസ്ഥാൻ സംസ്ഥാനങ്ങളിലാണ് കുറവ് പോളിംഗ് ശതമാനം. ഒന്നാം ഘട്ടത്തിൽ അക്രമ സംഭവങ്ങൾ അരങ്ങേറിയ ബംഗാളിലും, ഛത്തീസ്ഗഢിലും ഉൾപ്പെടെ എവിടെയും ഇത്തവണ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ട് ചെയ്തില്ല.

25 സീറ്റുകളിലും വോട്ടെടുപ്പ് പൂർത്തിയായ രാജസ്ഥാനിൽ 2019 നേക്കാൾ 6 ശതമാനം പോളിങ് കുറഞ്ഞിട്ടുണ്ട്. ഇത് തിരിച്ചടിയാകുമോ എന്ന് ബിജെപിക്ക് ആശങ്കയുണ്ട്. രണ്ട് ഘട്ടങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 13 സംസ്ഥാനങ്ങളിലെയും, കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും മുഴുവൻ സീറ്റുകളിലും വോട്ടെടുപ്പ് പൂർത്തിയായി. ആകെ സീറ്റുകളിൽ 189 മണ്ഡലങ്ങളാണ് ഇതുവരെ ജനവിധി എഴുതിയത്. മെയ് 7 നാണ് മൂന്നാം ഘട്ട തെരഞ്ഞെടുപ്പ്.

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ, ബിജെപിയുടെ തേജസ്വി സൂര്യ, ഹേമമാലിനി, അരുൺ ഗോവിൽ, കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, ശശി തരൂർ, കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ സഹോദരൻ ഡികെ സുരേഷ്, കർണാടക മുൻ മുഖ്യമന്ത്രി എച്ച്‌ഡി കുമാരസ്വാമി എന്നിവരാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പിൽ ജനവിധി തേടിയ പ്രമുഖർ. 2019ൽ 89ൽ 56 സീറ്റുകൾ എൻഡിഎയും 24 സീറ്റുകൾ യുപിഎയും നേടിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com