മമ്മൂട്ടിയുടെ നായിക ഇക്കുറിയുമുണ്ട് തിരഞ്ഞെടുപ്പ് ഗോദയില്‍

മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്നാണ് ജനവിധി തേടുന്നത്
മമ്മൂട്ടിയുടെ നായിക ഇക്കുറിയുമുണ്ട് തിരഞ്ഞെടുപ്പ് ഗോദയില്‍

അമരാവതി: മലയാളത്തിന്റെ മഹാനടന്‍ 'മമ്മൂട്ടിയുടെ നയിക' തുടര്‍ച്ചയായ രണ്ടാം തവണയും ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്നുണ്ട്. 2009ല്‍ റിലീസ് ചെയ്ത മലയാളം സിനിമ 'ലവ് ഇന്‍ സിംഗപ്പൂര്‍' എന്ന സിനിമയിലെ നായിക നവനീത് കൗര്‍ റാണയാണ് എന്‍ഡിഎ സ്ഥാനാര്‍ഥിയായി മഹാരാഷ്ട്രയിലെ അമരാവതിയില്‍ നിന്ന് ജനവിധി തേടുന്നത്. മണ്ഡലത്തില്‍ രണ്ടാം തവണയാണ് നവനീത് മത്സരിക്കുന്നത്. 2019ല്‍ ഇവര്‍ എന്‍സിപിയുടെ പിന്തുണയോടെ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് ജയിച്ചാണ് ലോക്‌സഭയിലെത്തിയത്. എന്നാല്‍, ഇത്തവണ എന്‍ഡിഎ സ്ഥാനാര്‍ഥിയായാണ് മത്സരിക്കുന്നത്.

പ്രാദേശിക നേതൃത്വത്തിന് ഇവരുടെ സ്ഥാനാര്‍ഥിത്വത്തിനോട് ആദ്യമേ എതിര്‍പ്പുണ്ടായിരുന്നു. എന്നാല്‍, കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണയോടെ അമരാവതിയില്‍ താരമ വിരിയിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇക്കുറി മത്സരത്തിനിറങ്ങിയതെന്നാണ് ഇവർ പറയുന്നത്. കഴിഞ്ഞ അഞ്ച് വര്‍ഷത്തനിടയില്‍ എന്‍ഡിഎ സര്‍ക്കാറിന്റെ സഹായത്തോടെ റെയില്‍വേ രംഗത്തടക്കം പല വികസനങ്ങളും മണ്ഡലത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞുവെന്നും ഇവർ പറയുന്നു.

ഇതിന്റെ പിന്‍ബലത്തിലാണ് കേന്ദ്രനേതൃത്വത്തിന്റെ ആശിര്‍വാദത്തോടെ മണ്ഡലത്തില്‍ മത്സരത്തിനിറങ്ങിയത്. 11 തവണ കോണ്‍ഗ്രസ് എംപി ജയിച്ചു കയറിയ മണ്ഡലമാണ് അമരാവതി. മുന്‍ രാഷ്ട്രപതി പ്രഭിഭ പാട്ടീലാണ് ഇവിടെ നിന്നുള്ള അവസാന കോണ്‍ഗ്രസ് എംപി. ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ അസ്വാരസ്യത്തിന് പുറമെ എന്‍ഡിഎയുടെ സഖ്യകക്ഷിയായ പ്രഹാര്‍ പാര്‍ട്ടി നവ്‌നീതിന്റെ സ്ഥാനാര്‍ഥിത്വത്തെ പരസ്യമായി എതിര്‍ത്തു രംഗത്തെത്തിയിരുന്നു.

കൂടാതെ പ്രഹാര്‍ പാര്‍ട്ടി സ്വന്തം നിലക്ക് ഇവിടെ സ്ഥാനാര്‍ഥിയെയും പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിന് കീഴിലെ ദര്യപൂര്‍ സീറ്റിലെ എംഎല്‍എ ബലവന്ത് വാന്‍ഖഡെയാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി. കാലങ്ങളായി ശിവസേന മത്സരിച്ചിരുന്ന മണ്ഡലമാണ് ഇക്കുറി ബിജെപി കൈക്കലാക്കിയത്. ഇതോടെ മുന്‍ എംപി ഷിന്‍ഡെ പക്ഷ ശിവസേനയിലെ ആനന്ദറാവു അഡ്‌സുലുവും അണികളും എതിര്‍പ്പിലാണ്. ഇതെല്ലാം നവനീതിന്റെ വിജയ സാധ്യതക്ക് ഏറെ വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ തവണ നവനീത് 36,000 വോട്ടിനാണ് മണ്ഡലത്തില്‍ നിന്ന് വിജയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com