പാകിസ്താൻകാരിക്ക് പുതുജീവൻ നൽകി ഇന്ത്യ; ശരീരത്തിനുള്ളിൽ തുടിക്കുന്നത് ഡൽഹി സ്വദേശിയുടെ ഹൃദയം

ശസ്ത്രക്രിയയ്ക്ക് ശേഷം താൻ സുഖമായിരിക്കുന്നുവെന്നാണ് ആയിഷയ്ക്കും പറയാനുള്ളത്
പാകിസ്താൻകാരിക്ക് പുതുജീവൻ നൽകി ഇന്ത്യ; ശരീരത്തിനുള്ളിൽ തുടിക്കുന്നത് ഡൽഹി സ്വദേശിയുടെ ഹൃദയം

ചെന്നൈ: പാക്കിസ്താൻകാരിക്ക് പുതുജീവൻ നൽകി ഇന്ത്യയിൽ നിന്നുള്ള ഹൃദയം. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിലാണ് കറാച്ചി സ്വദേശിയായ 19 കാരി ആയിഷ റഷാൻ്റെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ നടന്നത്. ഗുരുതര ഹൃദയരോഗവുമായെത്തിയ ആയിഷയ്ക്ക് ഇന്ത്യയിൽ നിന്ന് അനുയോജ്യമായ ഹൃദയം ലഭ്യമായെന്ന് മാത്രമല്ല, ശസ്ത്രക്രിയയ്ക്കുള്ള പണവും കണ്ടെത്തി, പൂർണ ആരോഗ്യവതിയായ ആയിഷയെ കുടുംബത്തിന് തിരിച്ചു നൽകി.

ചെന്നൈ ആസ്ഥാനമായ ഐശ്വര്യൻ ട്രസ്റ്റിന്റെ സഹായത്തോടെയായിരുന്നു ശസ്ത്രക്രിയയ്ക്കുള്ള പണം കണ്ടെത്തിയത്. ചെന്നൈയിലെ ഡോക്ടർമാരുടെയും ട്രസ്റ്റിന്റെയും സഹായമില്ലായിരുന്നെങ്കിൽ തങ്ങളുടെ മകൾക്ക് പുതുജീവൻ ലഭിക്കില്ലായിരുന്നുവെന്നാണ് ശസ്ത്രക്രിയയ്ക്ക് ശേഷം ആയിഷയുടെ കുടുംബം പ്രതികരിച്ചത്.

ശസ്ത്രക്രിയയ്ക്ക് ശേഷം താൻ സുഖമായിരിക്കുന്നുവെന്നാണ് ആയിഷയ്ക്കും പറയാനുള്ളത്. ഇനി ആയിഷയ്ക്ക് തിരിച്ച് പാകിസ്താനിലേക്ക് പോകാമെന്ന് ഡോക്ടർമാർ അറിയിച്ചിട്ടുണ്ട്. ഫാഷൻ ഡിസൈനറാകണമെന്നാണ് ആയിഷയുടെ ആഗ്രഹം. ഹൃദയ സംബന്ധമായ അസുഖവുമായാണ് ആയിഷയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഹൃദയാഘാതമുണ്ടായതോടെ ഇസിഎംഒയിലേക്ക് മാറ്റി.

35 ലക്ഷത്തോളമാണ് ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് ചിലവ്. ഡോക്ടർമാരും ട്രസ്റ്റും ചേർന്നാണ് ഈ തുക സ്വരൂപിച്ചത്. ഡൽഹിയിൽ നിന്നാണ് ആയിഷയ്ക്കുള്ള ഹൃദയമെത്തിയത്. മറ്റ് ആവശ്യക്കാരില്ലാതിരുന്നതിനാൽ ആയിഷയ്ക്ക് ഹൃദയം ലഭിക്കാൻ തടസ്സമുണ്ടായില്ല, ആല്ലാത്ത പക്ഷം ഒരു വിദേശിക്ക് ഹൃദയം ലഭ്യമാക്കൽ എളുപ്പമല്ലെന്നും അധികൃതർ എൻഡിടിവിയോട് വിശദീകരിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com