പഞ്ചാബില്‍ ആപ്പിനും കോണ്‍ഗ്രസിനും തിരിച്ചടി; സിപിഐഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

സംസ്ഥാനത്ത് സ്വാധീനമുള്ള നാല് മണ്ഡലങ്ങളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത്.
പഞ്ചാബില്‍ ആപ്പിനും കോണ്‍ഗ്രസിനും തിരിച്ചടി; സിപിഐഎമ്മും സിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു

ചണ്ഡീഗഢ്: പഞ്ചാബിലെ നാല് സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സിപിഐഎമ്മും സിപിഐയും. ചൊവ്വാഴ്ച നടന്ന യോഗത്തിന് ശേഷമാണ് ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടത്തിയത്. സിപിഐ മൂന്ന് സീറ്റുകളിലും സിപിഐഎം ഒരു സീറ്റിലുമാണ് മത്സരിക്കുക.

അമൃത്സര്‍ മണ്ഡലത്തില്‍ ദാസ്‌വീന്ദര്‍ കൗര്‍, കാദൂര്‍ സാഹിബ് മണ്ഡലത്തില്‍ കര്‍ഷക നേതാവ് ഗുര്‍ദിയാല്‍ സിംഗ്, ഫരീദ്‌കോട്ട് മണ്ഡലത്തില്‍ ഗുര്‍ചരണ്‍ സിംഗ് എന്നിവരെയാണ് സിപിഐ മത്സരിപ്പിക്കുന്നത്. ട്രേഡ് യൂണിയന്‍ നേതാവ് പുരുഷോത്തം ലാല്‍ ബില്‍ഗയെയാണ് ജലന്തര്‍ മണ്ഡലത്തില്‍ സിപിഐഎം സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്.

ആംആദ്മി പാര്‍ട്ടിയും കോണ്‍ഗ്രസും അവരവരുടെ അഭിമാനത്തെ സംതൃപ്തിപ്പെടുത്തുന്നതിന് വേണ്ടി ഇന്‍ഡ്യ മുന്നണിയെ സംസ്ഥാനത്ത് ഇല്ലാതാക്കിയെന്ന് സിപിഐ, സിപി ഐഎം സംസ്ഥാന സെക്രട്ടറിമാര്‍ പുറത്തിറക്കിയ സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. ബാക്കിയുള്ള ഒമ്പത് സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കില്ലെന്നും ബിജെപിയെ പരാജയപ്പെടുത്താന്‍ കഴിയുന്ന കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ പിന്തുണക്കുമെന്നും സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ഗുര്‍ണം കന്‍വര്‍ പറഞ്ഞു.

സംസ്ഥാനത്ത് സ്വാധീനമുള്ള നാല് മണ്ഡലങ്ങളിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ മത്സരിക്കുന്നത്. അതിനാല്‍ തന്നെ കോണ്‍ഗ്രസ്, ആംആദ്മി പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട വോട്ടുകള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ലഭിക്കാനുള്ള സാധ്യതയേറെയാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com