20 കോടി തൊഴിലവസരങ്ങൾ എവിടെ,കർഷകന്റെ വരുമാനം ഇരട്ടിയാക്കിയോ? മോദിയുടെ വാഗ്ദാനങ്ങൾ പൊള്ളയെന്ന് ഖാർഗെ

എവിടെയാണ് അച്ഛേ ദിൻ? ഇപ്പോൾ രാജ്യത്തുള്ളതാണോ ആ നല്ല ദിനങ്ങളെന്നും മല്ലികാ‍ർജുൻ ഖാർ​ഗെ ചോദിച്ചു.
20 കോടി തൊഴിലവസരങ്ങൾ എവിടെ,കർഷകന്റെ വരുമാനം ഇരട്ടിയാക്കിയോ? മോദിയുടെ  വാഗ്ദാനങ്ങൾ പൊള്ളയെന്ന് ഖാർഗെ

കൽപ്പറ്റ: രാജ്യത്ത് നരേന്ദ്രമോദി അഴിമതിക്കാരെ വെളുപ്പിക്കുന്നുവെന്ന് മല്ലികാർജുൻ ഖാർഗെ. അമിത് ഷായും മോദിയും ഒരുമിച്ചാണ് ഇത് ചെയ്യുന്നതെന്നും മല്ലികാർജുൻ ഖാർ​ഗെ വയനാട് രാഹുൽ ​ഗാന്ധിയുടെ പ്രചാരണപരിപാടിയിൽ പറഞ്ഞു. മോദി രാഹുൽ ഗാന്ധിയെ ഭയക്കുന്നു, അതുകൊണ്ടാണ് എല്ലായ്പോഴും ഗാന്ധി കുടുംബത്തെ വിമർശിക്കുന്നത്. മോദി എല്ലാകാലത്തും ഗ്യാരണ്ടിയെ പറ്റി പറയുന്നു. എവിടെയാണ് മോദി പറഞ്ഞ 20 കോടി തൊഴിലവസരങ്ങൾ? ആർക്കാണ് തൊഴിൽ ലഭിച്ചത്? കർഷകന്റെ വരുമാനം ഇരട്ടിയാക്കുമെന്ന് മോദി പറഞ്ഞു. പൊള്ളയായ വാഗ്ദാനമാണത്. കോൺഗ്രസിന്റെ പ്രകടന പത്രിക മുസ്ലിം വിഭാഗത്തിന് വേണ്ടിയാണെന്ന് മോദി പ്രചരിപ്പിച്ചു. എന്നാൽ രാജ്യത്തെ എല്ലാവരുടെയും വികസനം ലക്ഷ്യമാക്കിയാണ് കോൺഗ്രസിന്റെ പ്രകടന പത്രിക. കോൺഗ്രസ്‌ എല്ലാക്കാലത്തും വാഗ്ദാനങ്ങൾ പാലിച്ചിട്ടുണ്ട്. അച്ഛേ ദിൻ എവിടെയാണ്. ഇപ്പോൾ രാജ്യത്തുള്ളതാണോ ആ നല്ല ദിനങ്ങളെന്നും മല്ലികാ‍ർജുൻ ഖർ​ഗെ ചോദിച്ചു.

ഈ തിരഞ്ഞെടുപ്പ് വളരെ നിർണ്ണായകമാണ്. ജനാധിപത്യം, ഭരണഘടന എന്നിവ സംരക്ഷിക്കാൻ നിർണ്ണായകമായ തിരഞ്ഞെടുപ്പാണ് ഇപ്പോൾ നടക്കുന്നത്. കോൺഗ്രസ് പ്രകടന പത്രികയിൽ മതേതരത്വത്തിന് പ്രാധാന്യം കൊടുത്തിട്ടുണ്ട്. രാജ്യത്ത് സാമ്പത്തിക നീതി സാമൂഹിക നീതി ഉറപ്പ് വരുത്തിയത് കോൺഗ്രസാണ്. സ്ത്രീ സംരക്ഷണം ഉറപ്പാക്കിയത് കോൺഗ്രസ് സർക്കാരാണ്. കോൺ​ഗ്രസിനല്ല, ബിജെപിയ്ക്കാണ് ഭരണഘടന മാറ്റിയേ പറ്റൂ എന്ന പിടിവാശി. മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് ആർഎസ്എസ് പറയുന്നു. മോദിയെ ഇപ്രാവശ്യം ജനം ഒരു പാഠം പഠിപ്പിക്കും. മോദിയെ താൻ വെല്ലുവിളിക്കുന്നുവെന്നും മല്ലികാ‍ർ‌ജുൻ ഖാർ​ഗെ പറഞ്ഞു.

മൂന്നിൽ രണ്ട് ഭൂരിപക്ഷം കിട്ടിയാൽ ഭരണഘടന മാറ്റുമെന്ന് ആർഎസ്എസ്സും ബിജെപി പ്രവർത്തകരും പറയുന്നു. ഭരണഘടന മാറ്റില്ല എന്നാണ് മോദി പറയുന്നത്, എന്നാൽ ഭരണഘടന മാറ്റുമെന്ന് പറഞ്ഞ ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുപ്പിൽ നിന്ന് പിൻവലിക്കാൻ മോദിക്ക് ധൈര്യമുണ്ടോ? 2024 ൽ ഇന്‍ഡ്യ മുന്നണി അധികാരത്തിൽ വരുമ്പോൾ ജാതി സെൻസസ് നടപ്പാക്കും. സംവരണ പരിധി രാജ്യത്ത് കൂട്ടും. വൈവിധ്യ കമ്മീഷൻ രൂപീകരിക്കും. മോദി എല്ലാവരുടേയും സുരക്ഷയല്ല, നാശമാണ് ഉറപ്പാക്കിയത്. മോദി ഒരു വർഷം 14 വിദേശ രാജ്യം സന്ദർശിച്ചു. പക്ഷേ മണിപ്പൂരിൽ മാത്രം മോദി പോയില്ല. നൂറ് ശതമാനം നുണ പറയുന്ന ആളാണ് മോദി.

ആർക്കെങ്കിലും മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം കിട്ടിയോ? ജനങ്ങൾക്ക് 25 ഉറപ്പുകളാണ് കോൺഗ്രസ് നൽകുന്നത്. കോൺഗ്രസിൻ്റേത് മുസ്ലിം ലീഗിൻ്റെ പ്രകടന പത്രിക എന്ന് ബിജെപി കുറ്റം പറയുന്നു. തൊഴിൽ കൊടുക്കും എന്ന് പറഞ്ഞതുകൊണ്ടാണോ ഇങ്ങനെ പറയുന്നത്? ഒരു വാർത്താ സമ്മേളനം പോലും മോദി നടത്തിയില്ല. മോദിക്ക് ജനങ്ങളെ പേടിയാണെന്നും ഖാർ​ഗെ ആരോപിച്ചു. കേന്ദ്രത്തെ മാത്രമല്ല സംസ്ഥാന സർക്കാരിനെയും ഖാർ​ഗെ കടന്നാക്രമിച്ചു. സംസ്ഥാന സർക്കാരിനെ ജനം എങ്ങനെ സഹിക്കുന്നുവെന്ന് ചോദിച്ച ഖാർ​ഗെ, ഇടത് സർക്കാർ സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്ന് ആരോപിച്ചു.

20 കോടി തൊഴിലവസരങ്ങൾ എവിടെ,കർഷകന്റെ വരുമാനം ഇരട്ടിയാക്കിയോ? മോദിയുടെ  വാഗ്ദാനങ്ങൾ പൊള്ളയെന്ന് ഖാർഗെ
'ഞാൻ പണം വാങ്ങിയിട്ടുണ്ട്, പക്ഷെ...'; നന്ദകുമാറിനെതിരെ പ്രത്യാരോപണവുമായി ശോഭ സുരേന്ദ്രൻ

Related Stories

No stories found.
logo
Reporter Live
www.reporterlive.com