പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; പ്രതിപക്ഷത്തിൻ്റെ പരാതിയിൽ നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ

മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം
പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; പ്രതിപക്ഷത്തിൻ്റെ പരാതിയിൽ നടപടിയെടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിവാദ പ്രസംഗത്തിൽ നടപടി ആവശ്യപ്പെട്ട് നൂറുകണക്കിന് പരാതികൾ ലഭിച്ചിട്ടും പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ. ഇതിനിടെ തിരഞ്ഞെടുപ്പ് കമ്മീഷന് മേൽ സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ് ഇൻഡ്യ സഖ്യത്തിലെ പാർട്ടികൾ. മോദിയെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണം എന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷനിലേക്കുള്ള പരാതി പ്രവാഹവും തെരുവിൽ ഉള്ള പ്രതിഷേധവും പ്രതിപക്ഷം തുടരും. അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ തിരിച്ചടിക്ക് സാധ്യത ഉള്ളതിനാൽ ഒരു പരിധിക്ക് അപ്പുറം വിഷയം ഉയർത്തണ്ട എന്ന നിലപാടും ഒരു പക്ഷം കോൺഗ്രസ് നേതാക്കൾക്ക് ഉണ്ട്.

വിവാദ പരാമര്‍ശത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ പ്രതിപക്ഷ കക്ഷികൾ നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിരുന്നു. കോണ്‍ഗ്രസും സിപിഐഎമ്മും തൃണമൂല്‍ കോണ്‍ഗ്രസുമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചത്. പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനം നടത്തിയെന്നും അടിയന്തര നടപടിയെടുക്കണമെന്നുമാണ് ആവശ്യം. പ്രധാനമന്ത്രിയെ തിരഞ്ഞെടുപ്പ് റാലികളില്‍ നിന്നടക്കം വിലക്കണമെന്ന ആവശ്യവും രാഷ്ട്രീയ പാര്‍ട്ടികള്‍ മുന്നോട്ട് വെച്ചിരുന്നു. പൊതുജനങ്ങളെ സംഘടിപ്പിച്ച് പ്രധാനമന്ത്രിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് കൂട്ടപരാതി അയയ്ക്കാനാണ് തൃണമൂല്‍ കോണ്‍ഗ്രസ് നീക്കം. വിഷം നിറഞ്ഞ ഭാഷയാണ് നരേന്ദ്രമോദി ഉപയോഗിച്ചതെന്ന് കോണ്‍ഗ്രസ് വക്താവ് ജയറാം രമേശ് പ്രതികരിച്ചു. മോദിയുടെ രാജസ്ഥാനിലെ വിവാദ പരാമര്‍ശം വിഭാഗീയത ഉണ്ടാക്കാനുള്ള ശ്രമമാണെന്ന് പ്രകാശ് കാരാട്ടും പറഞ്ഞു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിവാദ പ്രസംഗത്തിനെതിരെ സിപിഐഎം നൽകിയ പരാതി ഡൽഹി പൊലീസ് സ്വീകരിച്ചിരുന്നില്ല. ഡൽഹി മന്ദിർമാർഗ് പൊലീസ് സ്റ്റേഷനിലാണ് സിപിഐഎം പൊളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന്റെ നേതൃത്വത്തിൽ പരാതി നൽകാൻ നീക്കം നടത്തിയത്. ഡൽഹി പൊലീസ് കമ്മീഷണർക്ക് ഇമെയിലിൽ പരാതി നൽകി. സംഭവം നടന്നത് രാജസ്ഥാനിലാണ് എന്ന് കാട്ടിയാണ് ഡൽഹി പൊലീസ് പരാതി പരിഗണിക്കാതിരുന്നത്.

രാജസ്ഥാനിലെ ബൻസ്വാരയിൽ തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുമ്പോഴായിരുന്നു പ്രധാമന്ത്രി വിവാദപരാമർശം നടത്തിയത്. 'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു നരേന്ദ്ര മോദിയുടെ പരാമര്‍ശം.

'അത് നിങ്ങള്‍ക്ക് സ്വീകാര്യമാണോ? നിങ്ങള്‍ കഠിനാധ്വാനം ചെയ്ത് സമ്പാദിച്ച നിങ്ങളുടെ സ്വത്ത് കണ്ടുകെട്ടാന്‍ സര്‍ക്കാരുകള്‍ക്ക് അവകാശമുണ്ടോ? നമ്മുടെ അമ്മമാരുടെയും സഹോദരിമാരുടെയും കൈവശമുള്ള സ്വര്‍ണ്ണം പ്രദര്‍ശനവസ്തുവല്ല അത് അവരുടെ ആത്മാഭിമാനവുമായി ബന്ധപ്പെട്ടതാണ്. അവരുടെ മംഗല്യസൂത്രത്തിന്റെ മൂല്യം സ്വര്‍ണ്ണത്തിലോ അതിന്റെ വിലയിലോ അല്ല, മറിച്ച് അവരുടെ ജീവിത സ്വപ്നങ്ങളുമായി ബന്ധപ്പെട്ടതാണ്. അത് തട്ടിയെടുക്കുന്നതിനെക്കുറിച്ചാണോ നിങ്ങള്‍ പറഞ്ഞിരിക്കുന്നതെന്നും മോദി ചോദിച്ചിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com