'എന്റെ 90 സെക്കന്റ് പ്രസംഗം കോൺഗ്രസിനെ ഭയപ്പെടുത്തി'; വിദ്വേഷ പരാമർശം പിൻവലിക്കാതെ മോദി

'നിങ്ങളുടെ സാമ്പാദ്യം കവർന്നെടുത്ത് പ്രത്യേക വിഭാഗത്തിന് നൽകുകയാണ് കോൺഗ്രസ് എന്ന സത്യമാണ് ഞാൻ രരാജ്യത്തിന് മുന്നിൽ കൊണ്ടുവന്നത്. എന്തിനാണ് കോൺഗ്രസ് സത്യത്തെ ഭയക്കുന്നത്?'
'എന്റെ 90 സെക്കന്റ് പ്രസംഗം കോൺഗ്രസിനെ ഭയപ്പെടുത്തി'; 
വിദ്വേഷ പരാമർശം പിൻവലിക്കാതെ മോദി

ഡൽഹി: മുസ്ലിം വിഭാഗത്തിനെതിരായ വിവാദ പരാമർശത്തിൽ പ്രതിപക്ഷം വിമർശനം ഉന്നയിക്കുന്നതിനിടെ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. തന്റെ പ്രസംഗം കോൺഗ്രസിനും ഇൻഡ്യ മുന്നണിക്കുമുള്ളിൽ ഭയം ഉണ്ടാക്കിയെന്നാണ് മോദിയുടെ പ്രതികരണം. 'കഴിഞ്ഞ ദിവസം രാജസ്ഥാനിൽ പോയ സമയം, എന്റെ 90 സെക്കന്റ് മാത്രം നീണ്ടുനിന്ന പ്രസംഗത്തിൽ രാജ്യത്തിന് മുന്നിൽ ചില യാഥാർത്ഥ്യങ്ങൾ പറഞ്ഞു. ഇത് ഇൻഡ്യ മുന്നണിക്കും കോൺഗ്രസിനുമുള്ളിൽ ഭയം വളർത്തിയിരിക്കുന്നു. നിങ്ങളുടെ സാമ്പാദ്യം കവർന്നെടുത്ത് പ്രത്യേക വിഭാഗത്തിന് നൽകുകയാണ് കോൺഗ്രസ് എന്ന സത്യമാണ് ഞാൻ രരാജ്യത്തിന് മുന്നിൽ കൊണ്ടുവന്നത്. അവരുടെ വോട്ട് ബാങ്ക്, പ്രീണന രാഷ്ട്രീയത്തെ ഞാൻ തുറന്നുകാട്ടി. എന്തിനാണ് കോൺഗ്രസ് സത്യത്തെ ഭയക്കുന്നത്?' മോദി ചോദിച്ചു. 2014 ന് ശേഷം കേന്ദ്രത്തിൽ കോൺ​​ഗ്രസ് അധികാരത്തിൽ വന്നിരുന്നെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്നും മോദി ആശങ്ക പ്രകടിപ്പിച്ചു.

'2014ൽ മോദിയെ നിങ്ങൾ ഡൽഹിയിലേക്ക് അയച്ചു. പിന്നീട് ആരും ചിന്തിക്കാത്ത തീരുമാനങ്ങളാണ് രാജ്യം കൈക്കൊണ്ടത്. എന്നാൽ 2014ന് ശേഷം ഡൽഹിയിൽ കോൺഗ്രസ് സർക്കാരായിരുന്നു ഭരണത്തിലെങ്കിൽ എന്ത് സംഭവിക്കുമായിരുന്നുവെന്ന് ചിന്തിച്ച് നോക്കൂ. കോൺഗ്രസായിരുന്നു ഭരണത്തിലെങ്കിൽ ‌ജമ്മു കശ്മീരിൽ ഇന്നും നമ്മുടെ സൈന്യത്തിനു നേരെ കല്ലേറുണ്ടാകുമായിരുന്നു. കോൺഗ്രസ് ഉണ്ടായിരുന്നെങ്കിൽ, നമ്മുടെ സൈനികർക്ക് വൺ റാങ്ക് വൺ പെൻഷൻ നടപ്പിലാക്കുമായിരുന്നില്ല. നമ്മുടെ മുൻ സൈനികർക്ക് ഒരു ലക്ഷം കോടി രൂപ ലഭിക്കുമായിരുന്നില്ല'; അദ്ദേഹം ആരോപിച്ചു. കോണ്‍ഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ചൂണ്ടിക്കാണിച്ചായിരുന്നു രാജസ്ഥാനിൽ വച്ച് നരേന്ദ്രമോദിയുടെ വിവാദ പരാമര്‍ശം.

കടന്നുകയറ്റക്കാര്‍ക്കും കൂടുതല്‍ കുട്ടികള്‍ ഉള്ളവര്‍ക്കും നിങ്ങളുടെ സ്വത്ത് നല്‍കുന്നത് അംഗീകരിക്കാനാവുമോ എന്നതായിരുന്നു മോദിയുടെ വിവാദ പരാമ‍ർശങ്ങളിലൊന്ന്. 'അമ്മമാരുടെയും സഹോദരിമാരുടെയും സ്വര്‍ണ്ണത്തിന്റെ കണക്കെടുത്ത് ആ സ്വത്ത് വീതിക്കുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രകടന പത്രിക പറയുന്നത്. രാജ്യത്തിന്റെ സ്വത്തില്‍ മുസ്ലീങ്ങള്‍ക്ക് ആദ്യ അവകാശമുണ്ടെന്നാണ് മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ പറഞ്ഞിരുന്നത്. ഈ സ്വത്തുക്കളെല്ലാം കൂടുതല്‍ മക്കളുള്ളവര്‍ക്കും നുഴഞ്ഞുകയറ്റക്കാര്‍ക്കും നല്‍കുമെന്നാണ് അതിനര്‍ഥം. നിങ്ങള്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്തുക്കള്‍ നുഴഞ്ഞുകയറ്റക്കാര്‍ക്കു നല്‍കണോ? ഇത് നിങ്ങള്‍ക്ക് അംഗീകരിക്കാനാകുമോ?' എന്നായിരുന്നു രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന തിരഞ്ഞെടുപ്പ് റാലിയില്‍ നരേന്ദ്ര മോദിയുടെ പരാമര്‍ശം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com