കെജ്‌രിവാളിന് ഡോക്ടർ നിർദേശിച്ചതിൽ നിന്ന് വ്യത്യസ്തമായ ഭക്ഷണമാണ് നൽകിയത്; ഇടപെടലുമായി കോടതി

പ്രമേഹരോഗിയായ അരവിന്ദ് കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനായി ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചതിന് പിന്നാലെയാണ് കോടതിയുടെ ഇടപെടൽ
കെജ്‌രിവാളിന് ഡോക്ടർ നിർദേശിച്ചതിൽ നിന്ന് വ്യത്യസ്തമായ ഭക്ഷണമാണ് നൽകിയത്; ഇടപെടലുമായി കോടതി

ഡൽ​ഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ തിഹാർ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് ഡോക്ടർ നിർദേശിച്ചതിൽ നിന്ന് വ്യത്യസ്തമായ ഭക്ഷണമാണ് നൽകിയതെന്ന് സിബിഐ ഇഡി കേസുകൾ പരിഗണിക്കുന്ന ഡൽഹിയിലെ പ്രത്യേക കോടതി. ഉരുളക്കിഴങ്ങ്, അർബി മാമ്പഴം തുടങ്ങിയ ഭക്ഷണ പദാർത്ഥങ്ങൾ ഡോക്ടർ നിർദ്ദേശിച്ചിട്ടില്ലയെന്നും എന്നാൽ വീട്ടിൽ നിന്നെത്തിച്ച ഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും കോടതി കണ്ടെത്തി. കെജ്‌രിവാളിന് വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകാൻ നേരത്തെ കോടതി അനുമതി നൽകിയിരുന്നു.

മെഡിക്കൽ കുറിപ്പടിയിൽ ഡോക്ടർ നിർദ്ദേശിക്കാത്ത ഭക്ഷ്യവസ്തുക്കൾ എന്തുകൊണ്ടാണ് കെജ്‌രിവാളിന് നൽകിയതെന്ന് ജയിൽ അധികൃതർ വിശദീകരിക്കുന്നില്ലെന്നും സ്പെഷ്യൽ കോടതി ജഡ്ജി കാവേരി ബവേജ പറഞ്ഞു. പ്രമേഹരോഗിയായ അരവിന്ദ് കെജ്‌രിവാളിന്റെ രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുന്നതിനായി ദിവസവും മാമ്പഴവും ആലു പൂരിയും മധുരപലഹാരങ്ങളും കഴിക്കുന്നുണ്ടെന്ന് എൻഫോഴ്‌സ്‌മെൻ്റ് ഡയറക്ടറേറ്റ് ആരോപിച്ചതിന് പിന്നാലെയാണ് കോടതിയുടെ നിരീക്ഷണം.

എയിംസ് മെഡിക്കൽ ബോർഡിലെ ഡയബറ്റോളജിസ്റ്റുകൾ നിർദ്ദേശിച്ച ഡയറ്റ് പ്ലാൻ കർശനമായി പാലിക്കുമെന്നും ഡൽഹി മുഖ്യമന്ത്രിക്ക് വീട്ടിൽ പാകം ചെയ്ത ഭക്ഷണം നൽകുന്നത് തുടരണമെന്നും തിങ്കളാഴ്ച കോടതി ഉത്തരവിട്ടിരുന്നു. ഡോക്ടർ നിർദ്ദേശിക്കുന്ന ഭക്ഷണക്രമത്തിൽ മാറ്റം വരുന്നില്ലെന്ന് തിഹാർ ജയിൽ അധികൃതർ ഉറപ്പാക്കണമെന്നും കോടതി പറഞ്ഞു. കുടുംബ ഡോക്ടറുമായി വീഡിയോ കോളിലൂടെ ദിവസവും കൂടിയാലോചന നടത്തണമെന്ന ഡൽഹി മുഖ്യമന്ത്രിയുടെ ഹർജി തള്ളിക്കൊണ്ടാണ് കോടതി ഉത്തരവ്.

രക്തത്തിൽ അമിതമായ പഞ്ചസാര (ഗ്ലൂക്കോസ്) ഉള്ള ഹൈപ്പർ ഗ്ലൈസീമിയ എന്ന രോഗമുള്ളതിനാൽ ഇൻസുലിൻ നൽകണമെന്ന അരവിന്ദ് കെജ്‌രിവാളിൻ്റെ അപേക്ഷ അംഗീകരിക്കാനാവില്ലെന്ന് കോടതി പറഞ്ഞിരുന്നു. കെജ്‌രിവാളിന് നിലവിൽ ഇൻസുലിൻ ആവശ്യമുണ്ടോ എന്നതിനെക്കുറിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ എയിംസ് മെഡിക്കൽ ബോർഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

എന്തെങ്കിലും ഇടപെടൽ ആവശ്യമുണ്ടെങ്കിൽ മെഡിക്കൽ ബോർഡുമായി ആലോചിച്ച് ജയിൽ അധികൃതർ അന്തിമ തീരുമാനമെടുക്കുമെന്നും കോടതി പറഞ്ഞു. മുഖ്യമന്ത്രിക്ക് ഇൻസുലിൻ നിഷേധിക്കപ്പെട്ട് സാവധാനത്തിലുള്ള മരണത്തിലേക്ക് തള്ളിവിടുകയാണെന്ന് ആം ആദ്മി പാർട്ടി (എഎപി) ആരോപിച്ചിരുന്നു ഇതിന് പിന്നലെയാണ് കോടതിയുടെ ഇടപ്പെടൽ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com