തിരഞ്ഞെടുപ്പും കലാപ സമാനം; മണിപ്പൂരിൽ നാളെ റീ പോളിംഗ്, കനത്ത സുരക്ഷ

ഇന്നർ മണിപ്പൂർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിൽ നാളെ റീപോളിംഗ് നടത്താൻ ഉത്തരവിട്ട് മണിപ്പുർ ചീഫ് ഇലക്ടറൽ ഓഫീസർ പികെ ഝാ
തിരഞ്ഞെടുപ്പും കലാപ സമാനം;
മണിപ്പൂരിൽ നാളെ റീ പോളിംഗ്, കനത്ത സുരക്ഷ

മണിപ്പൂർ: ഇന്നർ മണിപ്പുർ ലോക്സഭാ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിൽ നാളെ റീപോളിംഗ് നടത്താൻ ഉത്തരവിട്ട് മണിപ്പുർ ചീഫ് ഇലക്ടറൽ ഓഫീസർ പികെ ഝാ. 19 ന് നടന്ന ഒന്നാംഘട്ട തിരഞ്ഞെടുപ്പിനിടെ അക്രമസംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്നാണ് തീരുമാനം. ഈ പോളിംഗ് സ്റ്റേഷനുകളിൽ 19 ന് നടന്ന വോട്ടെടുപ്പ് അസാധുവായി പ്രഖ്യാപിക്കാനും പുതിയ പോളിംഗ് ഷെഡ്യൂൾ ചെയ്യാനും നിർദേശമുണ്ട്.

ഖുറൈ നിയോജക മണ്ഡലത്തിലെ മൊയ്രാങ്കാമ്പു സജേബ്, തോംഗം ലെയ്കൈ, ഇംഫാൽ ഈസ്റ്റ് ജില്ലയിലെ ക്ഷേത്രിഗോവിലെ നാല്, തോങ്ജുവിലെ ഒന്ന്, ഉറിപോക്കിൽ മൂന്ന്, ഇംഫാൽ വെസ്റ്റ് ജില്ലയിലെ കോന്തൗജം എന്നിവിടങ്ങളിലാണ് റീപോളിംഗ് നടത്തുക. വെടിവെയ്പ്പ്, ആക്രമണ ഭീഷണി, ഇ വി എം മെഷീൻ നശിപ്പിച്ചതുൾപ്പടെയുള്ള മറ്റ് സംഭവങ്ങൾ എന്നിവയും മണിപ്പുരിൽനിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇന്നർ മണിപ്പുരിലും ഔട്ടർ മണിപ്പുരിലും വെള്ളിയാഴ്ച 72 ശതമാനം പോളിംഗ് ആണ് രേഖപ്പെടുത്തിയത്.

തിരഞ്ഞെടുപ്പിൽ കൃത്രിമം നടന്നു എന്നാരോപിച്ച് 47 പോളിങ് സ്റ്റേഷനുകളിൽ റീപോളിങ് നടത്തണമെന്ന് കഴിഞ്ഞ ദിവസം മണിപ്പുർ കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. മണിപ്പുരിലെ ഇന്നർ മണിപ്പുർ മണ്ഡലത്തിലെ 36 പോളിംഗ് സ്റ്റേഷനുകളിലും ഔട്ടർ മണിപ്പുർ മണ്ഡലത്തിലെ 11 പോളിംഗ് സ്റ്റേഷനുകളിലും റീപോളിംഗ് ആവശ്യപ്പെട്ട് കോൺഗ്രസ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർക്ക് പരാതി നൽകിയതായി മണിപ്പൂർ കോൺഗ്രസ് പ്രസിഡന്റ് കെ മേഘചന്ദ്ര അറിയിച്ചു.

അക്രമത്തിന് ശ്രമിച്ചെന്നും, തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്നും കോൺഗ്രസും ബിജെപിയും പരസ്പരം ആരോപിച്ചു. സംഘർഷങ്ങൾ തുടരുമ്പോഴും മികച്ച പോളിംഗ് ശതമാനമാണ് മണിപ്പൂരിൽ രേഖപ്പെടുത്തിയത്. കുകി - മെയ്‌തെയ് കലാപം തുടരുന്ന പശ്ചാത്തലത്തിൽ മണിപ്പുരിലെ മത്സരം ദേശീയശ്രദ്ധ ആകർഷിക്കുന്നതാണ്. 937,464 വോട്ടർമാരുള്ള ഇന്നർ മണിപ്പൂർ മണ്ഡലവും 1,022,099 വോട്ടർമാരുള്ള പട്ടികവർഗവിഭാഗത്തിനായി സംവരണം ചെയ്തിട്ടുള്ള ഔട്ടർ മണിപ്പൂർ മണ്ഡലവും ചേരുന്ന മണിപ്പുർ അതുകൊണ്ട് തന്നെ കോൺഗ്രസിനും ബിജെപിക്കും ഒരുപോലെ പ്രധാനപ്പെട്ടതുമാണ്.

കലാപം കൈകാര്യം ചെയ്യുന്നതിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടെന്ന് കരുതുന്ന ഒരു വിഭാഗം ഇപ്പോഴും മണിപ്പുരിലുണ്ട്. ഇത് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് പ്രതീക്ഷ. ഔട്ടർ മണിപ്പൂരിൽ കോൺഗ്രസിനെതിരെ മത്സരിക്കുന്നത് എൻഡിഎയുടെ ഭാഗമായ നാഗാ പീപ്പിൾസ് ഫ്രണ്ടാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com