നേതാക്കളുടെ തീപ്പൊരി പ്രസ്താവനകള്‍ നിറഞ്ഞ് 'ഇൻഡ്യ' മഹാറാലി; ശോഭ കെടുത്തി പ്രവർത്തകരുടെ പോര്

നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനം ഉയർത്തി ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിൻ്റെ മഹാറാലി. ഇൻഡ്യ സഖ്യത്തിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത റാലിയിൽ നേതാക്കൾ ബിജെപിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും രൂക്ഷമായ പ്രസ്താവനകൾ തൊടുത്തുവിട്ടു
നേതാക്കളുടെ തീപ്പൊരി പ്രസ്താവനകള്‍ നിറഞ്ഞ് 'ഇൻഡ്യ' മഹാറാലി; ശോഭ കെടുത്തി പ്രവർത്തകരുടെ പോര്

റാഞ്ചി: നരേന്ദ്രമോദിക്കും ബിജെപിക്കും എതിരെ രൂക്ഷ വിമർശനം ഉയർത്തി ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിൻ്റെ മഹാറാലി. ഇൻഡ്യ സഖ്യത്തിന്റെ പ്രമുഖ നേതാക്കളെല്ലാം പങ്കെടുത്ത റാലിയില്‍ നേതാക്കള്‍ ബിജെപിക്കെതിരെയും നരേന്ദ്രമോദിക്കെതിരെയും രൂക്ഷമായ പ്രസ്താവനകൾ തൊടുത്തുവിട്ടു. ഭരണഘടനയെ സംരക്ഷിക്കാൻ ബിജെപിയെ പുറത്താക്കണം എന്ന് ആർജെഡി നേതാവ് തേജ്വസി യാദവ് ആവശ്യപ്പെട്ടു. ജനങ്ങളെ സേവിക്കുന്ന മുഖ്യമന്ത്രിമാരെ ബിജെപി ഭയക്കുന്നു എന്ന് പഞ്ചാബ് മുഖ്യമന്ത്രിയും എഎപി നേതാവുമായ ഭഗവന്ത് മാൻ പറഞ്ഞു. അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്ന ആരോപണത്തിൽ അറസ്റ്റ് ചെയ്ത ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനും മുൻ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ദ് സോറനും കസേരകൾ ഒഴിച്ചിട്ടാണ് ജാർഖണ്ഡിലെ ഇൻഡ്യ സഖ്യത്തിന്റെ ഉൽഗുലാൻ റാലി ആരംഭിച്ചിരുന്നത്.

അംബേദ്കർ ഭരണഘടനയിൽ നൽകുന്ന ഗ്യാരണ്ടിയാണ് ഇൻഡ്യ സഖ്യം ജനങ്ങൾക്ക് മുന്നിൽ വെക്കുന്നതെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പറഞ്ഞു. കല്പന സോറൻ, സുനിത കേജ്‌രിവാൾ എന്നിവർ ഹേമന്ത് സോറൻ്റെയും അരവിന്ദ് കെജ്‌രിവാളിൻ്റെയും സന്ദേശങ്ങൾ വായിച്ചു. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, നാഷണൽ കോൺഫറൻസ് നേതാവ് ഫറൂഖ് അബ്ദുള്ള, ജാർഖണ്ഡ് മുഖ്യമന്ത്രി ചംബൈ സോറൻ അടക്കമുള്ള നേതാക്കൾ മഹാറാലിയുടെ ഭാഗമായി. ആരോഗ്യ പ്രശ്നങ്ങൾ മൂലം രാഹുൽ ഗാന്ധിയും പ്രചാരണ തിരക്കുകളിലായതിനാൽ സീതാറാം യെച്ചൂരിയും ഡി രാജയും മഹാറാലിയിൽ പങ്കെടുത്തിരുന്നില്ല.

അതിനിടയിൽ റാലിയ്ക്കിടെ ഇൻഡ്യ മുന്നണിയിലെ രണ്ട് പ്രധാനകക്ഷികളായ കോൺഗ്രസിന്റെയും ആർജെഡിയുടെയും പ്രവർത്തകർ ഏറ്റുമുട്ടിയത് മഹാറാലിയുടെ ശോഭ കുറച്ചു. ആർജെഡി നേതാവ് കെഎൻ ത്രിപാഠിയുടെ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. പ്രവർത്തകർ പരസ്പരം കസേരകൾ വലിച്ചെറിയുകയും പതാക കെട്ടിയ വടികൾ കൊണ്ട് വീശുകയും ചെയ്തു. നേതാക്കൾ ഇടപെട്ടാണ് സംഘർഷം അവസാനിപ്പിച്ചത്. ബിജെപിയെ തകർക്കുക എന്ന ഒറ്റ ഉദ്ദേശ്യത്തിൽ മാത്രമാണ് ഇൻഡ്യ മുന്നണി രൂപീകരിച്ചതെന്നും ജാർഖണ്ഡിൽ ഇൻഡ്യ സഖ്യത്തിലെ മുന്നണികൾ തമ്മിലുള്ള സംഘർഷം അവരുടെ ഐക്യമില്ലായ്മയാണ് കാണിക്കുന്നതെന്നും ഇവർ അധികാരത്തിലേറിയാൽ പരസ്പരം തമ്മിലടിച്ച് രാജ്യത്തെ നശിപ്പിക്കുമെന്നും ബിജെപി ആരോപിച്ചു. പറക്കുന്നതിന് മുമ്പേ ചരട് പൊട്ടിയ പട്ടമാണ് ഇൻഡ്യ മുന്നണിയെന്ന് നേരത്തെ നരേന്ദ്രമോദി വിമർശിച്ചിരുന്നു. എന്നാൽ മനപ്പൂർവ്വം സംഘർഷമുണ്ടാക്കാൻ പുറത്ത് നിന്നുള്ള ചിലർ വേദിയിൽ നുഴഞ്ഞുകയറിയതായി ആർജെഡി നേതാവ് കെഎൻ ത്രിപാഠി ആരോപിച്ചു.

ജാർഖണ്ഡിലെ 14 ലോക്‌സഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് പൊതുതിരഞ്ഞെടുപ്പിൻ്റെ നാല്, അഞ്ച്, ആറ്, ഏഴ് ഘട്ടങ്ങളിലായാണ് നടക്കുന്നത്. 2019 ലോക്സഭ തിരഞ്ഞെടുപ്പിൽ ആകെയുള്ള 14 സീറ്റിൽ 12 സീറ്റും നേടിയത് ബിജെപിയായിരുന്നു.

നേതാക്കളുടെ തീപ്പൊരി പ്രസ്താവനകള്‍ നിറഞ്ഞ് 'ഇൻഡ്യ' മഹാറാലി; ശോഭ കെടുത്തി പ്രവർത്തകരുടെ പോര്
ജാർഖണ്ഡിലെ ഇൻഡ്യ റാലിയിൽ ആർജെഡി-കോൺഗ്രസ് സംഘർഷം; കാരണം സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട തർക്കം

Related Stories

No stories found.
logo
Reporter Live
www.reporterlive.com