ഇത് ബെച്ചന്‍ ബാബ; വാരണാസിയുടെ ഹൃദയഭാഗത്ത് മസ്ജിദ് പരിപാലകനായ ഹിന്ദു പണ്ഡിറ്റ്

മരണം വരെ അനാർവാലി മസ്ജിദിൽ പരിപാലകനായി തുടരണമെന്നാണ് ബെച്ചൻ ബാബയുടെ ആ​ഗ്രഹം
ഇത് ബെച്ചന്‍ ബാബ; വാരണാസിയുടെ ഹൃദയഭാഗത്ത് മസ്ജിദ് പരിപാലകനായ ഹിന്ദു പണ്ഡിറ്റ്

വാരണാസിയുടെ ഹൃദയഭാ​ഗത്താണ് അനാർവാലി മസ്ജിദ്. പരമപവിത്രമായ ​ഗം​ഗാ നദിയുടെ തീരപ്രദേശത്ത്, ക്ഷേത്രങ്ങളിൽ നിന്നുള്ള പ്രാർത്ഥനാമന്ത്രങ്ങളാൽ മുഖരിതമായ അന്തരീക്ഷത്തിൽ, ആൾക്കൂട്ടത്തിന്റെ തിരക്കുകൾക്കിടയിൽ മസ്ജിദിന്റെ കവാടത്തിൽ ശാന്തനായി അയാളിരിക്കുന്നുണ്ടാകും, ബെച്ചൻ ബാവ! 400 വർഷം പഴക്കമുള്ള മസ്ജിദിൻ്റെ പരിപാലനത്തിനായി ജീവിതം ഒഴിഞ്ഞുവെച്ച 72 കാരനായ ബെച്ചൻ ബാബ. ചരിത്രപരമായ തർക്കങ്ങളുമായി മല്ലിടുന്ന നഗരത്തിലെ ഐക്യബോധത്തെ പ്രതിനിധീകരിക്കുന്ന ഈ പുരാതന മസ്ജിദിൻ്റെ സേവനത്തിനായി തൻ്റെ പ്രവർത്തന ജീവിതം സമർപ്പച്ചിരിക്കുകയാണ് ബെച്ചൻ ബാബ. സാമുദായിക സാഹോദര്യത്തിന് അദ്ദേഹം എന്നും മാതൃക തന്നെയാണ്.

തന്റെ പ്രവ്യത്തിയിലൂടെ സാഹോദര്യത്തിൻ്റെ ഉദാത്തമായ മാതൃകയാണ് സമൂഹത്തിന് ബെച്ചന്‍ ബാബ പകർന്ന് നൽകുന്നത്. വാരണാസി ജില്ലയിലെ ചൗഖംബ പ്രദേശത്താണ് അനാർവാലി മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഹിന്ദു ജനസംഖ്യ കൂടുതലുള്ള ചൗഖംബ പ്രദേശം ഗോപാല ക്ഷേത്രത്തിന് ‌പേരുകേട്ടതാണ്. ക്ഷേത്രത്തിന് തൊട്ടടുത്തായിട്ടാണ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്. ഏറെ ചരിത്രമുള്ള മസ്ജിദാണ് അനാർവാലി മസ്ജിദ്.

സയ്യിദ് താരാ ഷാ ബാബ, മീരാ ഷാ ബാബ, അനർ ഷയീദ് ബാബ, ചൗഖംബ ബാബ എന്നിവരടങ്ങുന്ന നാല് ഭാഗങ്ങളാണ് പള്ളിക്കുള്ളത്. അവരോടൊപ്പം 24 ജിന്നത്തും 24 ഖുതുബും ജിന്നത്തിൻ്റെ ഒരു ഖേദയും ഉണ്ട്.

മസ്ജിദിൻ്റെ പ്രധാന ഗേറ്റിന് പുറത്തുള്ള താത്കാലിക പ്ലാസ്റ്റിക് ഷെഡ്ഡിലാണ് ബെച്ചൻ ബാബ താമസിക്കുന്നത്. ബെച്ചൻ ബാബയുടെ പിതാവ് മസ്ജിദിൻ്റെ കാര്യസ്ഥനായിരുന്നു. അദ്ദേഹത്തോടൊപ്പം മസ്ജിദിൽ ബാബയും വന്നിരുന്നു, അതിൽ നിന്ന് പ്രചോതിനായാണ് ജോലി ഏറ്റെടുത്തത്. ചാന്ദ് കി താരീഖിലും മോസ്‌കിലെ മറ്റ് പ്രധാന അവസരങ്ങളിലും ബെച്ചൻ ബാബ തൻ്റെ ഡ്യൂട്ടി മികച്ച രീതിയിൽ നിർവഹിക്കും. ബെച്ചൻ ബാബയ്ക്ക് പിന്നാലെ അദ്ദേഹത്തിൻ്റെ മകനും മസ്ജിദിൻ്റെ സേവനത്തിൽ പിതാവിൻ്റെ പാത പിന്തുടരുന്നു.

'45 വർഷമായി അനാർവാലി പള്ളിയുടെ പരിപാലകനായി സേവനമനുഷ്ഠിച്ചുവരികയാണ്. ഹിന്ദുവോ മുസ്ലിമോ എന്ന വേര്‍തിരിവില്ലാതെ എല്ലാവരും ഇവിടെ ആരാധനയ്ക്കായി എത്തുന്നുണ്ട്. എൻ്റെ പിതാവും പള്ളിയിലെ പരിപാലകനായിരുന്നു. അച്ഛനു പിന്നാലെ ഞാൻ ഉത്തരവാദിത്തം ഏറ്റെടുത്തു. കുട്ടിക്കാലം മുതല്‍ ഇവിടെ തന്നെയായിരുന്നു', ബെച്ചൻ ബാബ ദ ​ഗാർഡിയനോട് പറഞ്ഞു.

ഗ്യാൻവാപി പള്ളിയുടെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള തർക്കത്തിനും തുടര്‍ചര്‍ച്ചകള്‍ക്കും സാക്ഷ്യംവഹിക്കുകയാണ് കുറച്ചുനാളായി രാജ്യം. ഇത്തരം പോരാട്ടങ്ങൾ മുറുകുന്ന കാലഘട്ടത്തിൽ മാതൃകയാവുകയാണ് മസ്ജിദും ബാബയും. ഗ്യാൻവാപിയിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് തനിക്കൊന്നും പറയാനില്ലെന്ന് പറഞ്ഞ് വേദനയോടെ മുഖം താഴ്ത്തുന്നു ബെച്ചന്‍ ബാബ. താൻ ഇവിടെയാണ് താമസിക്കുന്നത്, ഇവിടെ അങ്ങനെയൊന്നും സംഭവിക്കാൻ താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂരിഭാഗം ഹിന്ദു ജനസംഖ്യയുള്ള പ്രദേശവും സമീപത്തായി പ്രശസ്തമായ ഗോപാല ക്ഷേത്രവും ഉണ്ട്. എന്നാൽ അവിടെ വെറുപ്പ്, വിദ്വേഷം അത്തരത്തിലുള്ള ഒരു അന്തരീക്ഷവുമില്ല. ഹിന്ദു, മുസ്ലീം വിഭാഗങ്ങളിൽ നിന്നുള്ള ആളുകൾ ഇവിടെയെത്തുന്നുണ്ടെന്നാണ് ബാബ പറയുന്നത്. താൻ കുട്ടിക്കാലം മുതലേ ഇവിടെയുണ്ട്, ഒരു കലാപവും ഇവിടെ ഉണ്ടായിട്ടില്ല. കാലങ്ങളായി വീട്ടിലേക്ക് പോകാറില്ല. കുട്ടികൾ രാവിലെ തനിക്ക് ഭക്ഷണം കൊണ്ടുത്തരുന്നു. ദിവസം മുഴുവൻ ഇവിടെ തങ്ങുകയാണ്. ഇവിടെയാണ് താൻ ആശ്വാസം കണ്ടെത്തുന്നത് എന്നും ബെച്ചൻ ബാബ പറയുന്നു.

മരണം വരെ അനർവാലി മസ്ജിദിൽ പരിപാലകനായി തുടരണമെന്നാണ് ബെച്ചൻ ബാബയുടെ ആ​ഗ്രഹം. ബെച്ചൻ ബാബയുടെ പരിപാലനത്തിലുള്ള പള്ളിയിലേക്കെത്തുന്ന സന്ദർശകരുടെ എണ്ണം ഗണ്യമായി വർദ്ധിച്ചുവരികയാണ്. അഞ്ച് നേരവും ഇവിടെ നമസ്കാരം നടക്കുന്നുണ്ട്. തൻ്റെ അച്ഛൻ്റെ കാലത്ത് ഇത്രയധികം ആളുകൾ ഇവിടെ വന്നിട്ടില്ലെന്നാണ് ബാബ പറയുന്നത്. എന്നാൽ ഇപ്പോൾ ധാരാളം വീടുകളുണ്ട്, ജനസംഖ്യ വർദ്ധിച്ചു, ധാരാളം ആളുകൾ ഇവിടെ വന്നുകൊണ്ടേയിരിക്കുന്നു. വിവിധ മതങ്ങളിൽ നിന്നുള്ള ആളുകളാണ് പ്രാർത്ഥിക്കാനായി മസ്ജിദിൽ എത്തുന്നതെന്നാണ് ബാബ പറയുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com