ഫ്ലൈ ഓവർ പദ്ധതിയിലെ ക്രമക്കേട്; ഡൽഹി നിയമസഭാ സെക്രട്ടറിയെ ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തു

ഭൂമി ഏറ്റെടുക്കൽ കളക്ടറായിരുന്ന കാലത്ത് റാണി ഝാൻസി മേൽപ്പാലം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് സസ്പെൻഷൻ
ഫ്ലൈ ഓവർ പദ്ധതിയിലെ ക്രമക്കേട്; ഡൽഹി നിയമസഭാ സെക്രട്ടറിയെ ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തു

ന്യൂഡൽഹി: ഡൽഹി നിയമസഭാ സെക്രട്ടറി രാജ് കുമാറിനെ ആഭ്യന്തര മന്ത്രാലയം സസ്പെൻഡ് ചെയ്തു. എൻസിടി സർക്കാരിൽ ഭൂമി ഏറ്റെടുക്കൽ കളക്ടറായിരുന്ന കാലത്ത് റാണി ഝാൻസി മേൽപ്പാലം പദ്ധതിയുമായി ബന്ധപ്പെട്ട ക്രമക്കേടുകളുടെ പേരിലാണ് സസ്പെൻഷൻ. തൻ്റെ നിലപാട് വിശദീകരിക്കാൻ ആഭ്യന്തര മന്ത്രാലയം അവസരം തന്നില്ലെന്ന് ഡൽഹി, ആൻഡമാൻ നിക്കോബാർ ദ്വീപ് സിവിൽ സർവീസസ് ഉദ്യോഗസ്ഥനായ രാജ് കുമാർ പ്രതികരിച്ചു.

2023 സെപ്റ്റംബറിൽ ഡൽഹിയിലെ മുതിർന്ന സർക്കാർ ഉദ്യോഗസ്ഥരുടെ പാനലിൻ്റെ ശുപാർശകളെ തുടർന്ന് നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി (എൻസിസിഎസ്എ) രാജ് കുമാറിനെ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചിരുന്നു. എന്നാൽ മാസങ്ങൾക്ക് ശേഷം കുമാറിനെതിരെ അച്ചടക്ക നടപടി ആലോചിക്കുകയാണെന്ന് പറഞ്ഞ് ഏപ്രിൽ 16 ന് ആഭ്യന്തര മന്ത്രാലയം സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിപ്പിക്കുകയായിരുന്നു.

രാഷ്ട്രപതി, 1965 ലെ സെൻട്രൽ സിവിൽ സർവീസസ് (ക്ലാസിഫിക്കേഷൻ, കൺട്രോൾ, അപ്പീൽ) റൂൾസിലെ റൂൾ 10-ലെ സബ് റൂൾ (1)(എ) പ്രകാരം നൽകിയ അധികാരങ്ങൾ വിനിയോഗിച്ചു കൊണ്ടാണ് ഇപ്പോൾ സസ്പെൻഷൻ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

ഫിലിമിസ്താൻ സിനിമാ ഹാളിനെ വടക്കൻ ഡൽഹിയിലെ സെൻ്റ് സ്റ്റീഫൻസ് ആശുപത്രിയുമായി ബന്ധിപ്പിക്കുന്ന 1.8 കിലോമീറ്റർ ദൈർഘ്യമുള്ള റാണി ഝാൻസി മേൽപ്പാലത്തിൻ്റെ നിർമാണവുമായി ബന്ധപ്പെട്ടാണ് ക്രമക്കേടുകൾ കണ്ടെത്തിയത്. 724 കോടി രൂപ ചെലവിൽ നിർമ്മിച്ച റാണി ഝാൻസി മേൽപ്പാലം അഴിമതി ആരോപണങ്ങളും സ്ഥലമെടപാടുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കാരണം വൈകുകയായിരുന്നു. ഏകദേശം 20 വർഷത്തെ കാലതാമസത്തിന് ശേഷം 2018 ലാണ് മേൽപ്പാലം പൊതുജനങ്ങൾക്കായി തുറന്നത്.

2022 നവംബറിലെ ലോക്പാൽ ബെഞ്ച്, ലഭ്യമായ എല്ലാ രേഖകളും നിലവിലുള്ള കോടതി കേസുകളും പരിഗണിക്കാനും, ഉത്തരവാദിത്തം നിശ്ചയിക്കാനും, മേൽപ്പാലം പദ്ധതിയുമായി ബന്ധപ്പെട്ട അധിക പേയ്‌മെൻ്റുകൾ വീണ്ടെടുക്കാനും കേന്ദ്ര വിജിലൻസ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com