എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാമന്ത്രി നരേന്ദ്ര മോദി

ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി
എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാൻ ആഹ്വാനം ചെയ്ത് പ്രധാമന്ത്രി നരേന്ദ്ര മോദി

ന്യൂഡൽഹി: 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ എല്ലാവരോടും വോട്ടവകാശം വിനിയോഗിക്കാന്‍ ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുവാക്കളും ആദ്യമായി വോട്ടുചെയ്യുന്നവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. ഒരോ വോട്ടിനും മൂല്യമുണ്ടെന്നും പ്രധാനമന്ത്രി ഓര്‍മ്മപ്പെടുത്തി. തുടക്കമാകുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ഉത്സവത്തിനാണെന്നും പ്രധാനമന്ത്രി കുറിച്ചു. വോട്ട് ചെയ്യാന്‍ വിവിധ ഭാഷകളില്‍ പ്രധാനമന്ത്രി ആഹ്വാനം ചെയ്തിട്ടുണ്ട്.

മുഴുവന്‍ വോട്ടര്‍മാരും സമ്മതിദാനാവകാശം വിനിയോഗിക്കണമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാറും ആഹ്വാനം ചെയ്തു. തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായെന്നും രണ്ട് വര്‍ഷം നീണ്ട തയ്യാറെടുപ്പാണ് തിരഞ്ഞെടുപ്പിന് വേണ്ടി നടന്നതെന്നും മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷര്‍ ചൂണ്ടിക്കാണിച്ചു.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് തുടക്കമായി. ഏപ്രിൽ 19-ന് ആരംഭിച്ച് ജൂൺ ഒന്ന് വരെയുള്ള 44 ദിവസങ്ങൾ നീളുന്ന ദൈർഘ്യമേറിയ തിരഞ്ഞെടുപ്പ് പ്രക്രിയക്കാണ് ഇന്ന് തുടക്കമായത്. രാജ്യത്തെ ആകെയുള്ള 543 ലോക്സഭാ സീറ്റുകളിലേയ്ക്ക് ഏഴുഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുക. ആദ്യഘട്ട തിരഞ്ഞെടുപ്പിൽ 102 മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാർ രണ്ട് മുൻ മുഖ്യമന്ത്രിമാർ ഒരു മുൻ ഗവർണർ എന്നിവരടക്കം 1625 സ്ഥാനാർത്ഥികളാണ് ആദ്യഘട്ടത്തിൽ ജനവിധി തേടുന്നത്. ഏറ്റവും കൂടുതൽ സീറ്റുകളിലേയ്ക്കും ഏറ്റവും അധികം സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുന്നത് ഇന്ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പിലാണ്. 39 സീറ്റുകളുള്ള തമിഴ്നാട്ടിലും അഞ്ച് സീറ്റുള്ള ഉത്തരാഖണ്ഡിലും ഇന്ന് ഒറ്റ ഘട്ടമായി വോട്ടെടുപ്പ് പൂർത്തിയാകും.

രാജ്യത്തെ 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമായുള്ള 102 ലോക്‌സഭാ മണ്ഡലങ്ങളിലേയ്ക്കാണ് ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്നത്. എട്ട് കേന്ദ്ര മന്ത്രിമാരാണ് ഇന്ന് ജനവിധി തേടുന്നത്. നിധിന്‍ ഖഡ്കരി, കിരണ്‍ റിജ്ജു, സര്‍ബാനന്ദ സോനോവാള്‍, ജിതേന്ദ്ര സിങ്ങ്. ഭൂപേന്ദ്ര യാദവ്, കോണ്‍ഗ്രസ് നേതാവ് ഗൗരവ് ഗോഗോയി, ഡിഎംകെയുടെ കനിമൊഴി. ബിജെപിയുടെ കെ അണ്ണാമലൈ തുടങ്ങിയ പ്രമുഖര്‍ മത്സരിക്കുന്ന മണ്ഡലങ്ങൾ ഇന്ന് വിധിയെഴുതും.

തമിഴ്‌നാട് 39, രാജസ്ഥാന്‍ 12, ഉത്തര്‍പ്രദേശ് 8, ഉത്തരാഖണ്ഡ് 5, മധ്യപ്രദേശ് 6, പശ്ചിമബംഗാള്‍ 3, അരുണാചല്‍ പ്രദേശ് 2, മണിപ്പൂർ 2, മേഘാലയ 2, മിസോറാം 1, ബിഹാര്‍ 4, മഹാരാഷ്ട്ര 5, അസം 5, ആന്‍ഡമാന്‍ നിക്കോബാര്‍ 1, ചത്തീസ്ഗഡ് 1, ജമ്മുകാശ്മീര്‍ 1, നാഗാലാന്‍ഡ് 1, പുതുച്ചേരി 1, ലക്ഷദ്വീപ് 1, സിക്കിം 1, ത്രിപുര 1 എന്നിങ്ങനെയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് ചിത്രം. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുന്ന 102 മണ്ഡലങ്ങളില്‍ ബിജെപി 42 സീറ്റിലും കോണ്‍ഗ്രസ് 14 സീറ്റിലും മറ്റുള്ളവര്‍ 46 സീറ്റിലുമാണ് വിജയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com