'സെർലാക് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ല'; നെസ്‍ലെ ഉല്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര,റിപ്പോർട്ട്

എത്യോപ്യയിലും തായ്‌ലൻഡിലും ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു
'സെർലാക് കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ല'; നെസ്‍ലെ ഉല്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര,റിപ്പോർട്ട്

ന്യൂഡൽഹി: ഇന്ത്യയിൽ നെസ്‌ലെയുടെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ട് ബേബി-ഫുഡ് ഉത്പന്നങ്ങളിൽ ഉയർന്ന അളവിൽ പഞ്ചസാര അടങ്ങിയിട്ടുള്ളതായി റിപ്പോർട്ട്. എന്നാൽ യുകെ, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളില്‍ പഞ്ചസാര ഇല്ലാതെയാണ് ഇത്തരം ഭക്ഷണ ഉത്പന്നങ്ങള്‍ നെസ്‌ലെ വിറ്റഴിക്കുന്നതെന്നും സ്വിസ് അന്വേഷണ ഏജന്‍സിയായ പബ്ലിക് ഐയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിൽ സെർലാക്ക് ഉത്പന്നങ്ങളിൽ ശരാശരി മൂന്ന് ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

അതേ ഉൽപ്പന്നം ജർമ്മനിയിലും യുകെയിലും പഞ്ചസാര ചേർക്കാതെ വിൽക്കുന്നു. എത്യോപ്യയിലും തായ്‌ലൻഡിലും ഏകദേശം 6 ഗ്രാം പഞ്ചസാര അടങ്ങിയിട്ടുണ്ടെന്ന് പഠനം പറയുന്നു. ദക്ഷിണാഫ്രിക്കയില്‍ നടത്തിയ പഠനത്തിലും സമാനമായ തോതിലാണ് പഞ്ചസാരയുടെ അളവ്. ദക്ഷിണാഫ്രിക്കയില്‍ സെര്‍ലാക് ഉത്പന്നത്തില്‍ നാല് ഗ്രാമും അതിലധികവും പഞ്ചസാരയാണ് കണ്ടെത്തിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2022-ല്‍ ഇന്ത്യയില്‍ 20,000 കോടി രൂപയുടേതാണ് നെസ്‌ലെയുടെ സെര്‍ലാക് ഉത്പന്നങ്ങളുടെ വിൽപന.

ഇന്ത്യയടക്കമുള്ള താഴ്ന്ന-ഇടത്തരം വരുമാനമുള്ള രാജ്യങ്ങളിലാണ് കുഞ്ഞുങ്ങളുടെ ഭക്ഷ്യ ഉത്പന്നങ്ങളില്‍ നെസ്‌ലെ ഇത്തരത്തില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ചേര്‍ത്ത് വിപണനം ചെയ്യുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. കുഞ്ഞുങ്ങള്‍ക്ക് നല്‍കുന്ന പാലിലും ധാന്യ ഉത്പന്നങ്ങളിലും പഞ്ചസാരയും തേനും ചേര്‍ക്കുന്നത് അമിതവണ്ണവും വിട്ടുമാറാത്ത രോഗങ്ങള്‍ക്കും ഇടയാക്കും. ഇത് തടയാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ ലംഘനമാണ് നെസ്‌ലെയുടേതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com