തെലങ്കാനയിൽ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവം; പ്രതിഷേധം കനക്കുന്നു

പൊലീസ് നോക്കിനിൽക്കെ കഴുത്തിൽ കാവിഷാൾ ധരിപ്പിച്ചെന്നും തിലകം ചാർത്തിപ്പിച്ചെന്നും ജയ്ശ്രീറാം വിളിപ്പിച്ചെന്നുമാണ് ആരോപണം
തെലങ്കാനയിൽ വൈദികനെ ജയ്ശ്രീറാം വിളിപ്പിച്ച സംഭവം; പ്രതിഷേധം കനക്കുന്നു

ഹൈദരാബാദ്: തെലങ്കാനയിലെ ഹനുമാൻ സേന പ്രവർത്തകർ സ്കൂൾ അടിച്ചു തകർക്കുകയും വൈദികനെ ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത സംഭവത്തിൽ പ്രതിഷേധം കനക്കുന്നു. സംഭവത്തിൽ മെത്രാൻ സമിതികൾ ഇടപെടണമെന്നതാണ് അൽമായ മുന്നേറ്റത്തിൻ്റെ ആവശ്യം. പൊലീസിനെ കാഴ്ചക്കാരാക്കി നിർത്തിയായിരുന്നു ആക്രമണം എന്നാണ് ആരോപണം. പൊലീസ് നോക്കിനിൽക്കെ കഴുത്തിൽ കാവിഷാൾ ധരിപ്പിച്ചെന്നും തിലകം ചാർത്തിപ്പിച്ചെന്നും ജയ്ശ്രീറാം വിളിപ്പിച്ചെന്നുമാണ് ആരോപണം.

ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് തെലങ്കാനയിലെ ആദിലാബാദിൽ മദർ തെരേസ സ്കൂളിന് നേരെ ആക്രമണം ഉണ്ടാകുന്നത്. സ്കൂൾ അടിച്ചു തകർക്കുകയും സ്കൂൾ മാനേജരായ വൈദികനെ ആക്രമിക്കുകയുമായിരുന്നു. യൂണിഫോമിന് പകരം ഒരുകൂട്ടം വിദ്യാർത്ഥികൾ ഹനുമാൻ ദീക്ഷ സ്വീകരിക്കുന്നവർ ധരിക്കുന്ന വസ്ത്രമിട്ട് എത്തിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. യൂണിഫോം ധരിച്ചതിന് മുകളിൽ ആചാരപരമായ വേഷം ധരിക്കാമെന്ന നിലപാടായിരുന്നു സ്കൂൾ അധികൃതർ സ്വീകരിച്ചത്. അല്ലെങ്കിൽ മാതാപിതാക്കളെ കൊണ്ട് പറയിക്കണമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. ഇതാണ് പ്രകോപന കാരണമെന്നാണ് റിപ്പോർട്ട്.

ആചാരപരമായ വേഷം ധരിക്കാൻ അനുവദിക്കുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച് ഒരാൾ പുറത്ത് വിട്ട വീഡിയോയാണ് ആക്രമണത്തിന് കാരണമായത്. ആക്രമണത്തിന് നേതൃത്വം നൽകിയ ഹുമാൻ സേന പ്രവർത്തകർക്കൊപ്പം നാട്ടുകാരും സ്കൂളിലേയ്ക്ക് സംഘടിച്ചെത്തുകയായിരുന്നു. പ്രിൻസിപ്പലിനെ കാണണമെന്നായിരുന്നു സംഘത്തിൻ്റെ ആവശ്യമെങ്കിലും സ്കൂൾ മാനേജരായ വൈദികനായിരുന്നു ഇവരോട് സംസാരിച്ചത്. സംസാരത്തിനടിയിലാണ് അക്രമിസംഘം വൈദികനെ ക്രൂരമായി മർദ്ദിച്ചതും ജയ്ശ്രീറാം വിളിപ്പിച്ചതും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com